മാഡ്രിഡ്/ഡോർട്ട്മുണ്ട്: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂളിനും പി.എസ്.ജിക്കും തോൽവി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിതരായി കുതിക്കുന്ന ലിവർപൂളിനെ അത്ലറ്റിക്കോ മാഡ്രിഡ് പിടിച്ചുകെട്ടുകയായിരുന്നു. ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോടായിരുന്നു പി.എസ്.ജിയുടെ തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡീഗോ സിമിയോണിയുടെ സംഘം ലിവർപൂളിനെ കീഴടക്കിയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ കോർണറിൽനിന്ന് വീണുകിട്ടിയ അവസരം മുതലെടുത്ത് സോൾ നിഗ്വസ് അത്ലറ്റിക്കോയുടെ വിജയഗോൾ നേടി. ഇതോടെ സ്പാനിഷ് ടീമുകൾക്കെതിരേ കഴിഞ്ഞ അഞ്ച് എവേ മത്സരങ്ങളിൽ ജയിക്കാനാവാത്ത റെക്കോഡ് തിരുത്താൻ ലിവർപൂളിന് കഴിഞ്ഞില്ല. മത്സരത്തിൽ 72% സമയവും പന്ത് കാലിലുണ്ടായിട്ടും ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാൻ ലിവർപൂളിന് കഴിഞ്ഞില്ല. അതിനിടയിൽ ലഭിച്ച അർധാവസരങ്ങൾ സലയും ഹെന്റേഴ്സും പാഴാക്കി. മാർച്ച് 12-ന് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് രണ്ടാം പാദ മത്സരം. ബൊറൂസിയക്കെതിരായ ഗോൾ ആഘോഷിക്കുന്ന നെയ്മറും എംബാപ്പെയും ഫോട്ടോ: ട്വിറ്റർ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പി.എസ്.ജിയെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബൊറൂസിയ ഡോർട്ട്മുണ്ട് കീഴടക്കിയത്. നോർവീജിയൻ താരം എർലിഗ് ബ്രോട്ട് ഹാളണ്ടിന്റെ ഇരട്ടഗോളുകൾ ജർമൻ ടീമിന് വിജയം സമ്മാനിച്ചു. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. 69-ാം മിനിറ്റിൽ തോർഗൻ ഹസാർഡും ഹക്കീമിയും നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഒരു വലങ്കാലൻ ഷോട്ടിലൂടെ ഹാളണ്ട് ഡോർട്ട്മുണ്ടിന് ലീഡ് നൽകി. എന്നാൽ 75-ാം മിനിറ്റിൽ പി.എസ്.ജി തിരിച്ചടിച്ചു. എംബാപ്പെയുടെ മുന്നേറ്റത്തിൽ നിന്ന് നെയ്മറാണ് ഗോൾ നേടിയത്. എന്നാൽ ഇതിന് രണ്ട് മിനിറ്റേ ആയുസുണ്ടായിരുന്നുള്ളു. ജർമൻ ടീമിനായി പത്തൊമ്പതുകാരൻ ഹാളണ്ട് ഒരിക്കൽകൂടി അവതരിച്ചു, ബൊറൂസിയയുടെ വിജയഗോൾ നേടി. ബൊറൂസിയക്കായി ഏഴാമത്തെ മാത്രം മത്സരം കളിക്കുന്ന ഹാളണ്ടിന്റെ 11-ാം ഗോളായിരുന്നു അത്. മാർച്ച് 12-ന് പി.എസ്.ജിയുടെ തട്ടകമായ പാരിസിലാണ് രണ്ടാംപാദ മത്സരം. ContnentHighlights: Champions League Football Liverpool Atletico Madrid PSG Borussia Dortmund
from mathrubhumi.latestnews.rssfeed https://ift.tt/37Kru3L
via
IFTTT
No comments:
Post a Comment