തലയോലപ്പറമ്പ്: അച്ഛന്റെ മരണത്തിനു കാരണക്കാരനായ ആളുടെ കുടുംബത്തിനു തലചായ്ക്കാൻ വീടും സ്ഥലവും നൽകി മക്കളുടെ കാരുണ്യഹസ്തം. തലയോലപ്പറമ്പിലെ പണമിടപാടുകാരനായ കാലായിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷിന്റെ കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും വീടുമാണ് മാത്യുവിന്റെ കുടുംബാംഗങ്ങൾ വെള്ളിയാഴ്ച കൈമാറുന്നത്. അനീഷിന്റെ അച്ഛൻ വാസുവിനാണ് രേഖകൾ കൈമാറുന്നത്. കേസിൽ ശിക്ഷയനുഭവിക്കുകയാണ് അനീഷ്. മാത്യു മാത്യുവിന്റെ ഭാര്യ എൽസി, മക്കളായ നൈസി, നൈജ, ചിന്നു എന്നിവർ ചേർന്നാണ് ഈ സ്നേഹ തീരുമാനമെടുത്തത്. പണമിടപാടുകാരനായ മാത്യുവും അനീഷും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അനീഷ്, മാത്യുവിൽനിന്നു വാങ്ങിയ പണം തിരികെ നൽകാനാകാഞ്ഞതിനാൽ അഞ്ച് സെന്റ് സ്ഥലവും വീടും മാത്യുവിന് തീറെഴുതിക്കൊടുക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നടന്ന് അഞ്ചുവർഷത്തിനു ശേഷം അനീഷിന്റെ അച്ഛൻ വാസുവാണ് തന്റെ മകനാണ് കൊലയ്ക്കുപിന്നിൽ പ്രവർത്തിച്ചതെന്ന് നൈസിയെ അറിയിച്ചത്. മകൻ ചെയ്ത തെറ്റ് തുറന്നുപറഞ്ഞ വാസുവിന് മാത്യുവിന്റെ കുടുംബാംഗങ്ങൾ നൽകുന്ന ഈ സ്നേഹോപഹാരം ക്ഷമയുടെയും പരസ്നേഹത്തിന്റെയും മാതൃകയാവുകയാണ്. തലയോലപ്പറമ്പ് സെയ്ന്റ് ജോർജ് പള്ളിവികാരി റവ. വർഗീസ് ചെരപ്പറമ്പിൽ, കേസന്വേഷണം നടത്തിയ വൈക്കം സി.ഐ. നവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഭൂമി കൈമാറ്റച്ചടങ്ങ് നടക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2ORVyUk
via
IFTTT
No comments:
Post a Comment