തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ നവീകരണത്തിനായി അനുവദിച്ച ഫണ്ടുകള്‍ ചെലവഴിച്ചതില്‍ വന്‍ക്രമക്കേടും വ്യാപക ചട്ടലംഘനവുമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.). സംസ്ഥാന പോലീസിനെയും മേധാവിയെയും പ്രതിക്കൂട്ടിലാക്കുന്ന സി.എ.ജി. റിപ്പോര്‍ട്ട് ഇന്നലെയാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ വച്ചത്. 2013-2018 കാലയളവില്‍ പോലീസ്‌സേനയുടെ നവീകരണത്തിന് അനുവദിച്ച ഫണ്ട് ചെലവഴിച്ചതിലാണ് അടിമുടി വഴിവിട്ട നടപടികള്‍.
ബുള്ളറ്റ് പ്രൂഫ് വാഹനഇടപാടില്‍ ഒരു കമ്പനിക്കുവേണ്ടി വഴിവിട്ടനീക്കം നടത്തിയെന്നും പോലീസിന് അത്യാവശ്യവാഹനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടുപയോഗിച്ച് ഐ.പി.എസുകാര്‍ക്ക് ആഡംബരവാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും പോലീസുകാരുടെ ക്വാര്‍ട്ടേഴ്‌സിന് അനുവദിച്ച ഫണ്ട് വകമാറ്റി പോലീസ് മേധാവിയടക്കമുള്ളവര്‍ക്ക് വില്ല പണിതെന്നും കെല്‍ട്രോണുമായി ഒത്തുകളിച്ച് ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍തുക നഷ്ടപ്പെടുത്തിയെന്നുമാണ് ഓഡിറ്റിങ്ങില്‍ വ്യക്തമായത്.
മിതുസുബിഷി പജീറോ വാഹനമാണ് 1.10 കോടി രൂപയ്ക്കു വാങ്ങി, 33 ലക്ഷം അഡ്വാന്‍സ് ; ബാക്കി 77 ലക്ഷം കൊടുത്തില്ല
2016-17ല്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് മാന്വലോ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍(സി.വി.സി) നിര്‍ദേശങ്ങളോ തുറന്ന ടെന്‍ഡര്‍ ക്ഷണിക്കമെന്ന നിബന്ധനയോ പാലിച്ചല്ല. 55.02 ലക്ഷം രൂപ വിലയുള്ള രണ്ടു ബുള്ളറ്റ് പ്രൂഫ് മിതുസുബിഷി പജീറോ വാഹനമാണ് 1.10 കോടി രൂപയ്ക്കു വാങ്ങിയത്. സര്‍ക്കാര്‍ അംഗീകാരം നല്‍കുംമുമ്പേ 33 ലക്ഷം രൂപ കമ്പനിക്ക് അഡ്വാന്‍സ് നല്‍കി. 2018 ഏപ്രില്‍ വരെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ലെങ്കിലും ജൂണില്‍ വാഹനം പോലീസിന്റെ ഭാഗമായി.
2018 ജൂണ്‍ വരെ വാഹനവിതരണക്കാരനു കൊടുക്കാനുള്ള 77 ലക്ഷം രൂപ ബാക്കി കൊടുത്തില്ല. നക്‌സെലെറ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലെ ഉപയോഗത്തിനു വാങ്ങേണ്ട ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വി.ഐ.പി സുരക്ഷയ്ക്കായാണ് വാങ്ങിയത്. ഇത് പോലീസ്‌നവീകരണ പദ്ധതിയില്‍ അനുവദനീയമല്ല. ടെന്‍ഡര്‍ വിളിക്കാതെയും മുന്‍കൂറായി തുക വിട്ടുകൊടുത്തുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നടപടി ചട്ടലംഘനമാണ്.
ക്വാട്ടേഴ്‌സ് പണിയുന്നതിന് അനുവദിച്ച ഫണ്ട് വകമാറ്റി; പോലീസ് മേധാവിക്ക് വില്ലയും ക്യാമ്പ് ഹൗസും
പോലീസ് സേനയിലെ അപ്പര്‍ സബോര്‍ഡിനേറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്‌സ് പണിയുന്നതിന് അനുവദിച്ച ഫണ്ട് വകമാറ്റി. 2013-14ല്‍ സേനാ നവീകരണത്തിനായി അനുവദിച്ച 4.35 കോടി രൂപ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പോലീസ് മേധാവിക്ക് വില്ലയും ക്യാമ്പ് ഹൗസും സീനിയര്‍ ഓഫീസര്‍മാര്‍ക്ക് വേണ്ടി നാലു വില്ലയും നിര്‍മിക്കാനായി വകമാറ്റി. തിരുവനന്തപുരത്തെ ഹാബിറ്റാറ്റിന് ഇതിനായി ആദ്യം 1.83 കോടി രൂപയും പിന്നീട് 0.98 കോടി രൂപയും മുന്‍കൂറായി നല്‍കി.
269 ല്‍ 64 എണ്ണവും ഉന്നതര്‍ക്കായുള്ള ആഡംബരക്കാറുകള്‍ ; എല്ലാം പോലീസ് സേന നവീകരണ പദ്ധതിപ്രകാരം വാങ്ങാന്‍ പാടില്ലാത്തത്.
മൊെബെല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ വാഹനങ്ങള്‍ എന്ന വ്യാജേന ആഡംബരകാറുകള്‍ വാങ്ങി. 2013-18 കാലഘട്ടത്തില്‍ വാങ്ങിയ 269 വാഹനങ്ങളില്‍ 64 എണ്ണവും ഉന്നതര്‍ക്കായുള്ള ആഡംബരക്കാറുകള്‍. ഇതില്‍ 41 എണ്ണം പോലീസ് സേന നവീകരണ പദ്ധതിപ്രകാരം വാങ്ങാന്‍ പാടില്ലാത്തതാണ്. എട്ടെണ്ണം പോലീസ് ആസ്ഥാനത്തേക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയപ്പോള്‍ 19 എണ്ണം പദ്ധതി മാര്‍ഗനിര്‍ദേശപ്രകാരം നവീകരണത്തില്‍പ്പെടാത്ത വിഭാഗങ്ങള്‍ക്കാണ് നല്‍കിയതും. അതേസമയം പല പോലീസ് സ്‌റ്റേഷനുകളിലും ആവശ്യത്തിനുള്ള വാഹനങ്ങള്‍ പോലുമില്ല. അഞ്ചെണ്ണത്തില്‍ ജീപ്പ് പോലുമില്ല. 193 പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നേയുള്ളു. 24 പോലീസ് സ്‌റ്റേഷനുകളില്‍ ഇരുചക്രവാഹനം പോലുമില്ല.
കെല്‍ട്രോണുമായി ഒത്തുകളി ; 1.72 ലക്ഷം രൂപയ്ക്ക് ലഭിക്കേണ്ട വോയ്‌സ് ലോഗര്‍ വാങ്ങിയത് 3 ലക്ഷത്തിന്
കെല്‍ട്രോണും പോലീസ് വകുപ്പിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്. കെല്‍ട്രോണില്‍നിന്നും വോയ്‌സ് ലോഗര്‍ സിസ്റ്റം വാങ്ങിയതിലും ശബരിമലയ്ക്കുവേണ്ടി സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേട്. മുന്‍സര്‍ക്കാരിന്റെ കാലത്ത് 30 വോയ്‌സ് ലോഗറുകള്‍ വാങ്ങിയതിലാണ് ക്രമക്കേട്. 1.72 ലക്ഷം രൂപയ്ക്ക് ലഭിക്കേണ്ട വോയ്‌സ് ലോഗര്‍ പൊതുടെന്‍ഡര്‍ ഒഴിവാക്കി മൂന്നുലക്ഷം രൂപയ്ക്കാണു ഒരെണ്ണം വാങ്ങിയത്. ശബരിമലയ്ക്ക് വേണ്ടി 30 സുരക്ഷാ ഉപകരണങ്ങള്‍ കെല്‍ട്രോണില്‍നിന്നു വാങ്ങിയതില്‍ 1.50 കോടി രൂപയുടെ നഷ്ടമുണ്ടായി.
from mangalam.com https://ift.tt/31WBDsM
via IFTTT
No comments:
Post a Comment