കുമരകം: ഫെയ്സ് ബുക്കും വാട്സാപ്പും ഉപയോഗപ്പെടുത്തി ആൾമാറാട്ടത്തിലൂടെ വിവാഹ വാഗ്ദാനം നടത്തി യുവാവിനെ കബളിപ്പിച്ച 43-കാരിയെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് പഞ്ചായത്തിൽ മണിയത്ര രാജപ്പന്റെ ഭാര്യ ആശാവർക്കറായ രജി രാജു (43)ആണ് പോലീസ് പിടിയിലായത്. വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് നിർമിച്ച് രജി കണ്ണൂർ സ്വദേശി കെ.എം.വികേഷിനെയാണ് കബളിപ്പിച്ചത്. അയൽവാസിയായ നൃത്താധ്യാപികയുടെ ഫോട്ടോകളും റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പികളാണ് വിശ്വസിപ്പിക്കാനായി രജി അയച്ചുകൊടുത്തത്. ഫെബ്രുവരി 16-ന് തൃപ്പയാർ ക്ഷേത്രത്തിൽ കല്യാണം നടത്തുന്നതിനായി വരന്റെ ബന്ധുക്കൾ ഓഡിറ്റോറിയംവരെ ബുക്കുചെയ്തിരുന്നു. ഞായറാഴ്ച കല്യാണം നടത്താൻ തീരുമാനിച്ചെങ്കിലും ഇതുവരെ 'വധു'വിനെ കാണാൻ വരനോ ബന്ധുക്കൾക്കോ അവസരം നൽകാതെ രജി ഒഴിഞ്ഞുമാറുകയായിരുന്നു. തിരുവനന്തപുരം സർക്കാർ ആശുപത്രിയിലെ ടെക്നീഷ്യനാണ് വധുവെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. കാണാൻ രണ്ടുതവണ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തിന് യാത്രതിരിച്ച വരനെ രജി വിവിധ കാരണങ്ങൾ പറഞ്ഞ് സൂത്രത്തിൽ തിരിച്ചയച്ചു. വീട്ടിൽ മരണം, ചിക്കൻ പോക്സ്, വഴിപ്പണി തുടങ്ങിയ കാരണങ്ങൾ നിരത്തി ജനുവരി 27-ന് ലോഡ്ജിൽവെച്ചാണ് കല്യാണനിശ്ചയംപോലും നടത്തിയത്. നിശ്ചയ സമയത്ത് വരന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വധുവിന് കണ്ണൂരിലേക്ക് സ്ഥലം മാറ്റം വാങ്ങാൻ ശ്രമിക്കണമെന്ന് രജി ആവശ്യപ്പെട്ടിരുന്നു. 7025802438 എന്ന വാട്ട്സാപ്പ് നമ്പരാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണ്ണൂർ സ്വദേശിക്ക് ഉണ്ടായത്. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേനയാണ് രജി അയൽവാസിയായ പെൺകുട്ടിയുടെ റേഷൻകാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പികൾ കൈക്കലാക്കിയത്. ആൾമാറാട്ടം, വ്യാജ ഐഡി നിർമിക്കൽ, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾക്ക് കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തെങ്കിലും യഥാർത്ഥ ഉദ്ദേശ്യം കണ്ടെത്തനായില്ല. കുമരകം സി.ഐ. ഷിബു പാപ്പച്ചൻ, എസ്.ഐ. ജി.രജൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. Content Highlights: Housewife arrested for cheating young man
from mathrubhumi.latestnews.rssfeed https://ift.tt/2HobI3s
via
IFTTT
No comments:
Post a Comment