വടക്കാഞ്ചേരി: മച്ചാട്-വടക്കാഞ്ചേരി വനം റെയ്ഞ്ചുകളിൽ ആയിരക്കണക്കിന് ഹെക്ടറാണ് സംരക്ഷിത വനം. കാട്ടുതീ പ്രതിരോധിക്കാൻ ഇവിടെ ആകെ നിർമിച്ചത് നൂറു കിലോമീറ്ററിൽ താഴെ ഫയർലൈനാണ്. ഫണ്ടിന്റെ അപര്യാപ്തതയുടെ പേരിൽ പലയിടത്തും ഫയർലൈൻ ഒഴിവാക്കി. ഇതിന് ഒരു കിലോമീറ്ററിന് 20,000 രൂപ ചെലവുവരും. കഴിഞ്ഞവർഷം നൂറു ഹെക്ടറിലധികം കാട് കത്തിയിരുന്നു. ഈ വർഷം തോട്ടങ്ങളിൽ അടിക്കാടുകൾ കത്തിയെങ്കിലും വനമേഖലയിലേക്ക് ഇതുവരെ തീ പടർന്നിരുന്നില്ല. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് ഹെക്ടർകണക്കിനു വനഭൂമി അക്കേഷ്യ വളർത്താൻ വിട്ടുനൽകിയിട്ടുണ്ട്. ഇതിൽ 475 ഹെക്ടർ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ്. രണ്ടുദിവസമായി ഇവിടെ അടിക്കാട് കത്തിത്തുടങ്ങിയിട്ട്. അമ്പതോളം ഹെക്ടർ കഴിഞ്ഞദിവസം കത്തി. ഞായറാഴ്ച ദുരന്തമുണ്ടായത് ഈ വനത്തിലാണ്. ഇവിടെ വനസംരക്ഷണത്തിനായി വാച്ചർമാരില്ല. സാമ്പത്തിക പ്രതിസന്ധിയിലായ എച്ച്.എൻ.എൽ. രണ്ടുവർഷമായി ഇവിടെ എത്തിനോക്കുന്നില്ല. രണ്ടുവർഷമായി ഇവിടെ കാട്ടുതീ പടരാറുണ്ട്. മറ്റു വനങ്ങളിൽനിന്നുള്ള വനം വാച്ചർമാരെ നിയോഗിച്ചാണ് കഴിഞ്ഞദിവസം 30 മണിക്കൂർനീണ്ട കാട്ടുതീ അണച്ചത്. എച്ച്.എൻ.എലിന് പരിചരിക്കുക അസാധ്യമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ വനഭൂമി തിരിച്ചെടുക്കാനുള്ള നടപടികളിൽ അനാവശ്യമായ താമസമുണ്ടാവുന്നതും പ്രയാസമുണ്ടാക്കുന്നുണ്ട്. തീയണയ്ക്കാൻ വാഹനത്തിനായി കാത്തിരിപ്പ് വനത്തിൽ കാട്ടുതീ പടർന്നാൽ ഇന്നും പച്ചത്തലപ്പുകൾകൊണ്ട് അടിച്ചുകെടുത്തുകയാണു ചെയ്യുന്നത്. മിക്കപ്പോഴും അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് വനത്തിനുള്ളിലേക്ക് എത്തിച്ചേരുക പ്രയാസമാണ്. വനമേഖലയോടു ചേർന്നുകിടക്കുന്ന വടക്കാഞ്ചേരി ഫയർസ്റ്റേഷന് ഇതുവരെ ഊടുവഴികളിലൂടെവരെ പോവാൻ കഴിയുന്ന ചെറിയ വാഹനം അനുവദിച്ചിട്ടില്ല. രണ്ടുവർഷമായി ഇതിനായി കത്തിടപാടുകൾ നടത്തുന്നതല്ലാതെ വാഹനം വന്നില്ല. പുതിയവർഷം പിറന്നശേഷം 40 തവണ അടിക്കാടുകൾ കത്തിയത് അണയ്ക്കാൻ വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേന പോയിരുന്നു. മിക്കയിടത്തും സമൂഹവിരുദ്ധരാണ് തീയിടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2UTPazL
via
IFTTT
No comments:
Post a Comment