ചെങ്ങമനാട്: അസമിൽ ഗോത്രാചാരങ്ങളുടെ മരണക്കെണിയിൽപ്പെട്ട ഒരു വയസ്സുകാരി രൂപ്മിലിക്ക് ഇത് പുതുജന്മമാണ്. പിഞ്ചുകുഞ്ഞിൻറെ രക്ഷകനായതാകട്ടെ മേക്കാട് സ്വദേശി ബ്രദർ മിഥുൻ. വർഷങ്ങളായി അസമിൽ ഗോത്രവർഗക്കാരുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന മിഥുന്റെ മേയ്ക്കാടുള്ള പാറയിൽ വീട്ടിൽ സുഖമായി കഴിയുകയാണ് കുഞ്ഞ്. പരിചരിക്കാൻ അച്ഛനും അമ്മയുമായി മിഥുന്റെ മാതാപിതാക്കളുണ്ട്. അങ്കമാലി ടൗൺ ബ്രദറൺ അസംബ്ലി പ്രതിനിധിയായ മിഥുൻ മിഷനറി ചലഞ്ചിന്റെ ഭാഗമായാണ് അസമിലെ കാർബി ആങ് ലോങ് ജില്ലയിലെത്തിയത്. അഞ്ച് വർഷമായി അവിടെ ബെയ്ദ ഗ്രാമത്തിലെ മംഗോളി ഗോത്രവർഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്നു. ഒപ്പം സ്കൂളിലെ അധ്യാപകനുമാണ്. മംഗോളി ഗോത്രവർഗക്കാരുടെ ഇടയിൽ പ്രസവത്തോടെ അമ്മ മരിച്ചാൽ കുഞ്ഞും മരിക്കണമെന്ന പ്രാകൃത ആചാരമുണ്ട്. ഈ മേഖലയിൽ മാത്രം 10 ലക്ഷത്തിലേറെ അംഗങ്ങൾ ഈ ഗോത്രത്തിലുണ്ട്. ഇവിടെ ജെറോം-സോൻഫി പടോർപി ദമ്പതിമാരുടെ നാലാമത്തെ മകളാണ് രൂപ്മിലി. പ്രസവത്തിനു പിന്നാലെ സോൻഫി മരിച്ചു. പിറ്റേന്ന് മാതാവിന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ കുട്ടിയെ ജീവനോടെ കൂർപ്പിച്ച മുളങ്കമ്പുകളിൽ കോർത്ത് മൃതദേഹത്തിന്റെ പാദത്തിനരികിൽ നാട്ടും. ശവസംസ്കാരം പൂർത്തിയാകുന്നതോടെ കുട്ടിയും മരിക്കും. തുടർന്ന് കുട്ടിയേയും അമ്മയോടൊപ്പം സംസ്കരിക്കും. ഇങ്ങനെ രൂപ്മിലിയെ മുളങ്കമ്പുകളിൽ കുത്തി നിർത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് മിഥുൻ വിവരമറിഞ്ഞ് അവിടെയെത്തുന്നത്. ആചാരപ്രകാരം പിതാവിന് കുട്ടിയെ ഏറ്റെടുക്കാനാകില്ല. ഏറ്റെടുത്താൽ ഗ്രാമം വിട്ടുപോകണം. മാതാവിന്റെ ബന്ധുക്കൾക്ക് കുട്ടിയെ ഏറ്റെടുക്കാൻ ആചാരം അനുവദിക്കുന്നുണ്ടെങ്കിലും മുഴുപ്പട്ടിണിയിൽ കഴിയുന്ന ഗ്രാമവാസികളിലാരും അതിനു തയ്യാറാകാറില്ല. മിഥുൻ ഗോത്രത്തലവനുമായി ബന്ധപ്പെട്ടെങ്കിലും വിട്ടുനൽകിയില്ല. എന്നാൽ, ഗോത്രഗ്രാമത്തിന് പ്രിയങ്കരനായി മാറിയ മിഥുന്റെ അഭ്യർഥന മാനിച്ച് ഗോത്രത്തലവൻ മുളങ്കമ്പിൽ കുത്തി നിർത്തി കുട്ടിയെ കൊല്ലുന്നതിൽ നിന്നൊഴിവാക്കി. തുടർന്ന് മിഥുൻ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കുട്ടിയെ ഏറ്റെടുക്കാനുള്ള അനുതി തേടി. അവിടുത്തെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ സംരക്ഷണത്തിന് മിഥുനും കുട്ടിയുടെ പിതാവും തമ്മിൽ കരാറുണ്ടാക്കി. ഇതുപ്രകാരം അവിടെ ചികിത്സയ്ക്കായി വന്ന ഒരു കുടുംബത്തോടൊപ്പം കുട്ടിയെ കേരളത്തിലേക്ക് അയച്ചു. കഴിഞ്ഞ നവംബർ എട്ടിന് മിഥുന്റെ പിതാവ് ജോണിയും മാതാവ് മെറീനയും കുട്ടിയെ ഏറ്റെടുത്തു. പോഷകാഹാരക്കുറവു മൂലം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ 25 ദിവസത്തെ ചികിൽസയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. Content Highlights:one year old baby rescued from death
from mathrubhumi.latestnews.rssfeed https://ift.tt/2Som1d0
via
IFTTT
No comments:
Post a Comment