വടക്കാഞ്ചേരി: കുറാഞ്ചേരി റെയിൽവേ മേൽപ്പാലത്തിനോട് ചേർന്നുള്ള കുന്നിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. 51 വയസ്സുള്ള ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനിയുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരി എട്ടിന് ഇവരെ കാണാതായതായി ബന്ധുക്കൾ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കുറാഞ്ചേരി-കേച്ചേരി സംസ്ഥാനപാതയോട് ചേർന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നിലാണ് വ്യാഴാഴ്ച കാലത്ത് ജഡം കണ്ടത്. മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ട്. മുഖഭാഗം കത്തിക്കരിഞ്ഞ് വികൃതമായിട്ടുണ്ട്. സമീപത്ത് കത്തിക്കരിഞ്ഞ സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. കന്നാസും മദ്യക്കുപ്പികളും പരിസരത്ത് ചിതറിക്കിടക്കുന്നുണ്ട്. കാണാതായ അമ്പലപ്പാറ സ്വദേശിനി ചികിത്സയ്ക്കായി കുറാഞ്ചേരിയിലെ മാനസിക ചികിത്സാ കേന്ദ്രത്തിൽ വരാറുണ്ട്. കാണാതാവുന്ന സമയം ഇവർ ധരിച്ചിരുന്നത് നീലയിൽ വെള്ള പൂക്കളുള്ള സാരിയാണ്. ജഡത്തിനു സമീപം കണ്ട സാരി ഇതിനോട് സാമ്യമുള്ളതാണ്. കഴുത്തിലും കാതിലും ആഭരണങ്ങളുണ്ട്. കഴുത്തിലെ മാല മുക്കുപണ്ടമാണെങ്കിലും ഹൈന്ദവ ആചാരരീതിയിലുള്ള താലി സ്വർണമാണ്. തുറസ്സായ പുല്ലുപോലുമില്ലാത്ത സ്ഥലത്താണ് ജഡം കിടന്നിരുന്നത്. കൊലപ്പെടുത്തിയിട്ട് ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാവാമെന്നും സംശയിക്കുന്നു. ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്. സംസ്ഥാനപാതയോട് ചേർന്നാണെങ്കിലും ഉൾഭാഗം മണ്ണെടുത്ത ഈ സ്ഥലത്ത് കുന്നിന്റെ അവശിഷ്ടങ്ങൾ മറയായിനിൽക്കുന്നതിനാൽ പെട്ടെന്ന് ശ്രദ്ധ പതിയില്ല. തമിഴ്നാട് സ്വദേശിയായ മുത്തു എന്നയാളാണ് ജഡം കണ്ടത്. വിവരമറിഞ്ഞ് എട്ടുമണിയോടെ പോലീസ് സ്ഥലത്തെത്തി. പോലീസ് നായയും സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഡി.ഐ.ജി. എസ്. സുരേന്ദ്രൻ, പോലീസ് കമ്മിഷണർ ആർ. ആദിത്യ, അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. സിനോജ്, സി.ഐ. കെ. മാധവൻകുട്ടി തുടങ്ങിയവരും സ്ഥലത്തെത്തി. മന്ത്രി എ.സി. മൊയ്തീനും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ജഡം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിവിധ സ്റ്റേഷനുകളിൽ കാണാതായ സ്ത്രീകളുടെ വിവരം ശേഖരിച്ചപ്പോഴാണ് ഒറ്റപ്പാലത്ത് സ്ത്രീയെ കാണാതായവിവരം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. Content Highlights:a ladys burned body found in Thrissur
from mathrubhumi.latestnews.rssfeed https://ift.tt/2SOWNVE
via
IFTTT
No comments:
Post a Comment