ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷംമാത്രം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിനുണ്ടാക്കിയത് 31,635.30 കോടി രൂപയുടെ നഷ്ടം. കേരളത്തിലെ നാലു കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ വരുത്തിയ 186.8 കോടി രൂപയുടെ സാമ്പത്തികഭാരവും ഇതിലുൾപ്പെടും. പ്രവർത്തിക്കുന്ന 249 പൊതുമേഖലാ സ്ഥാപനങ്ങളിൽ ബി.എസ്.എൻ.എലും എയർ ഇന്ത്യയും ഉൾപ്പെടെയുള്ള 70 എണ്ണമാണ് നഷ്ടത്തിലുള്ളതെന്നാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ കണക്ക്. തുടർച്ചയായി നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനും സാധിക്കുന്നില്ലെങ്കിൽ കൈയൊഴിയാനുമായി ഇവയുടെ പ്രവർത്തനം നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു. വൻ നഷ്ടം വരുത്തിയവ ബി.എസ്.എൻ.എൽ. ആണ് കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവുമധികം നഷ്ടമുണ്ടാക്കിയത്; 14,904.24 കോടി രൂപ. എം.ടി.എൻ.എൽ. 3390.20 കോടിയുടെ നഷ്ടം വരുത്തി. എയർ ഇന്ത്യക്കാണ് രണ്ടാംസ്ഥാനം. 8474.80 കോടിരൂപയുടെ നഷ്ടമാണ് എയർ ഇന്ത്യ വരുത്തിയത്. ബാക്കി 11,646.46 കോടി രൂപയുടെ നഷ്ടം മറ്റ് 67 കമ്പനികൾ ചേർന്നുണ്ടാക്കിയതാണ്. ബി.പി.സി.എൽ.-കിയാൽ ഫ്യുവൽ ഫാം പ്രൈവറ്റ് ലിമിറ്റഡ് (നഷ്ടം 1.19 കോടി രൂപ), ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (131.86 കോടി), എച്ച്.എൽ.എൽ. ബയോടെക് ലിമിറ്റഡ് (48.39 കോടി), ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് (5.46 കോടി) എന്നിവയാണ് കേരളത്തിൽ നഷ്ടത്തിലായവ. പശ്ചിമബംഗാളിൽ പ്രവർത്തിക്കുന്ന ഈസ്റ്റേൺ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡാണ് 2019 മാർച്ച് 31 വരെ ഏറ്റവും കുറവ് നഷ്ടം വരുത്തിയത്; രണ്ടു ലക്ഷം രൂപ. കാരണം ആവശ്യത്തിലധികം ജീവനക്കാരും ഉയർന്ന പ്രവർത്തനച്ചെലവുമൊക്കെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിനു പ്രധാനകാരണമായി വ്യവസായവകുപ്പ് പറയുന്നത്. പഴകിയ യന്ത്രങ്ങളും പ്ലാന്റുകളും വായ്പയെടുത്ത വകയിൽ നൽകേണ്ടിവരുന്ന ഉയർന്ന പലിശയും വിഭവസമാഹരണത്തിനു കഴിയാതെ വരുന്നതുമൊക്കെ നഷ്ടത്തിന്റെ ആക്കം കൂട്ടുന്നു. ആകെ 348 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. ഇതിൽ 2019 മാർച്ച് 31 വരെ 249 എണ്ണം പ്രവർത്തിക്കുന്നു. 86 എണ്ണം നിർമാണഘട്ടത്തിലും 13 എണ്ണം പൂട്ടലിന്റെ വക്കിലുമാണ്. ലാഭത്തിൽ മുന്നിൽ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളിൽ ഒ.എൻ.ജി.സി., ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എൻ.ടി.പി.സി. എന്നിവയാണ് മുന്നിൽ നിൽക്കുന്നത്. ആകെ ലാഭത്തിൽ 31.71 ശതമാനവും ഈ മൂന്നു സ്ഥാപനങ്ങളുടെതാണ്. യഥാക്രമം 15.3 ശതമാനം, 9.68 ശതമാനം, 6.73 ശതമാനം എന്നിങ്ങനെയാണിവയുടെ വിഹിതം. content highlights:Central government Public sectors, lose
from mathrubhumi.latestnews.rssfeed https://ift.tt/2vzoIAY
via
IFTTT
No comments:
Post a Comment