ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1523 ആയി. ശനിയാഴ്ച 143 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണിത്.ഇവർ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽനിന്നുള്ളവരാണ്. ഒട്ടാകെ 66,492 പേർക്ക് ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ വൈറസ് ബാധയേറ്റ ആരോഗ്യപ്രവർത്തകരിൽ കൂടുതലും വുഹാനിലെ ആശുപത്രിയിൽ ജോലിചെയ്യുന്നവരെന്ന കണക്കുകൾ. നഗരത്തിൽ 1102 ആരോഗ്യപ്രവർത്തകർക്കാണ് വൈറസ് ബാധയേറ്റതെന്ന് ദേശീയ ആരോഗ്യകമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഷെങ് യിഷിൻ പറഞ്ഞു. മറ്റുള്ളവർ ഹുബൈ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലുള്ളവരാണ്. രോഗികൾ നിറഞ്ഞ ആശുപത്രികളിൽ മതിയായ തോതിൽ സുരക്ഷാ ഉപകരണങ്ങളെത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഒരിക്കൽമാത്രം ഉപയോഗിക്കാനുള്ള മുഖാവരണംപോലുള്ളവ ഡോക്ടർമാർക്കടക്കം ആവർത്തിച്ച് ഉപയോഗിക്കേണ്ടിവരുന്നു. താനടക്കം കുറഞ്ഞത് 16 പേർക്കെങ്കിലും വൈറസിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി വുഹാനിലെ ആരോഗ്യകേന്ദ്രത്തിലെ ഒരു ഡോക്ടർ എ.എഫ്.പി. വാർത്താ ഏജൻസിയോട് പറഞ്ഞു. താൻ ജോലിചെയ്യുന്ന ആശുപത്രിയിൽ 500 ജീവനക്കാരുള്ളതിൽ 150 ഓളം പേർക്ക് വൈറസ് പിടിപെട്ടതായി വുഹാനിലെ മറ്റൊരു ആശുപത്രിയിലെ നഴ്സ് നിങ് ഷു വും പറഞ്ഞു. വുഹാനിലെയും ഹുബൈ പ്രവിശ്യയിലെയും ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമംമൂലം സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിൽനിന്നുള്ള രണ്ടായിരത്തോളംപേരെക്കൂടി കഴിഞ്ഞദിവസം നിയമിച്ചിരുന്നു. വുഹാനിൽ 398 ആശുപത്രികളുണ്ടെന്ന് കണക്കുകൾ പറയുന്നു. പതിനായിരക്കണക്കിന് കമ്യൂണിറ്റി ഹെൽത്ത് ക്ലിനിക്കുകളുമുണ്ട്. അതിൽ മൂന്നിലൊന്ന് ആശുപത്രികളിൽമാത്രമാണ് കൊറോണ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിക്കുന്നുള്ളൂ. കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി വൈറസ് ബാധ അതിനിടെ, വൈറസ് ബാധയെത്തുടർന്ന് ജപ്പാൻ പിടിച്ചിട്ട ബ്രിട്ടീഷ് ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ഒരു ഇന്ത്യക്കാരനുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ രണ്ടുപേരെ വൈറസ് ബാധിച്ചിരുന്നു. ചികിത്സയിലുള്ള മൂന്നുപേരുടെയും നില മെച്ചപ്പെട്ടുവരുന്നതായി എംബസി വൃത്തങ്ങൾ പറഞ്ഞു. യോക്കോഹാമ തീരത്ത് പിടിച്ചിട്ട കപ്പലിലെ 3711 പേരിൽ 220 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഴുവൻപേരുടെയും പരിശോധനാഫലം വന്നിട്ടില്ല. കപ്പലിൽ 138 ഇന്ത്യക്കാരാണുള്ളത്. വൈറസ് ബാധയില്ലാത്ത പ്രായമായ യാത്രക്കാരെ കഴിഞ്ഞദിവസം പുറത്തിറങ്ങാൻ അനുവദിച്ചിരുന്നു. ഈ വിഭാഗത്തിൽ ഇന്ത്യക്കാരില്ല. ഇന്ത്യക്കാരുമായി ടെലിഫോണിലൂടെയും ഇ-മെയിലിലൂടെയുമാണ് എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നത്. കപ്പൽ അധികൃതരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ചൈനയ്ക്കുപുറത്ത് 505 പേർക്ക് വൈറസ് ബാധ വെള്ളിയാഴ്ച രാവിലെ വരെ ചൈനയ്ക്കുപുറത്ത് 505 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ചൈനയിൽ കഴിഞ്ഞദിവസം മരിച്ചത് 121 പേരാണ്. ഹുബൈ പ്രവിശ്യയിൽമാത്രം 116 പേർ മരിച്ചു. 4823 പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. വിവരങ്ങൾ മറച്ചുവെക്കുന്നില്ലെന്ന് ചൈന അതിനിടെ, വൈറസുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും ചൈന പുറത്തുവിടുന്നില്ലെന്ന് ആരോപണമുയർത്തി യു.എസ്. വൈറസിനെതിരേ ചൈനയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ, അതിന് അവസരം ലഭിക്കുന്നില്ല. വൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ചൈന പുറത്തുവിടുന്നതിൽ സുതാര്യതയില്ലെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ ലാറി കുഡ്ലോ ആണ് ആരോപിച്ചത്. എന്നാൽ, ആരോപണങ്ങൾ ചൈന തള്ളി. ഉയർന്ന ഉത്തരവാദിത്വത്തോടെ തുറന്ന സമീപനമാണ് ചൈന ഇക്കാര്യത്തിൽ പുലർത്തുന്നതെന്നും എല്ലാവിവരങ്ങളും പങ്കുവെക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷ്വാങ് പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ 15 അംഗ വിദഗ്ധസംഘം ഇപ്പോൾ ചൈനയിലുണ്ട്. content highlights:Corona Death toll rate crosses 1500
from mathrubhumi.latestnews.rssfeed https://ift.tt/2vwzjwm
via
IFTTT
No comments:
Post a Comment