തിരുവനന്തപുരം: കേരളത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാനും പോലീസുകാരെ അപായപ്പെടുത്താനും മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.
ഇതേത്തുടര്‍ന്ന് വനമേഖലകളിലും അതിര്‍ത്തിപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. അയല്‍സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പോലീസ് കനത്ത ജാഗ്രതയില്‍. വടക്കന്‍ജില്ലകളും തെക്കന്‍കേരളത്തില്‍ കൊല്ലം ജില്ലയും കേന്ദ്രികരിച്ചായിരിക്കും മാവോയിസ്റ്റ് നീക്കമെന്നാണു സൂചന.
10-25 പേരടങ്ങിയ സംഘങ്ങളെയാണ് ആക്രമണത്തിനു നിയോഗിച്ചിട്ടുള്ളത്. വിലപേശലിന്റെ ഭാഗമായി, തട്ടിക്കൊണ്ടുപോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയും തയാറാക്കി. പിടിയിലായ മാവോയിസ്റ്റുകളെ മോചിപ്പിക്കാന്‍കൂടിയാണ് ഈ നീക്കം.
മാവോയിസ്റ്റുകളെ വധിച്ച് തണ്ടര്‍ ബോള്‍ട്ട് ദൗത്യം ശക്തമാക്കിയതോടെയാണു തിരിച്ചടിക്കു കളമൊരുങ്ങിയത്. ഇതിനായി ഒളിപ്പോരില്‍ പരീശീലനം നേടിയ ആയുധധാരികള്‍ അതിര്‍ത്തി കടന്ന് എത്തിയതായാണു സൂചന. കഴിഞ്ഞ രണ്ടുമാസത്തിനിടെ നൂറോളം കേന്ദ്രങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കുഴിബോംബ് ആക്രമണസാധ്യതയും മുമ്പു പോലീസ് വെളിപ്പെടുത്തിയിരുന്നു.
അട്ടപ്പാടിക്കു സമീപം മഞ്ചിക്കണ്ടിയില്‍നിന്നു കണ്ടെത്തിയ ഡയറിക്കുറിപ്പുകളില്‍ ഭൂപ്രകൃതിക്കനുസരിച്ചുള്ള ആക്രമണപദ്ധതികള്‍ രേഖപ്പെടുത്തിയിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡബ്ല്യു.ആര്‍. റെഡ്ഡിയെ തട്ടിക്കൊണ്ടുപോയശേഷം ആദ്യമായാണു മാവോയിസ്റ്റുകള്‍ അത്തരമൊരു നീക്കത്തിനു തുനിയുന്നത്.
from mangalam.com https://ift.tt/37tUyNa
via IFTTT
No comments:
Post a Comment