തിരുവനന്തപുരം: പിന്നാക്കവിഭാഗ വികസന കോർപ്പറേഷനിലെ ഒഴിവുകൾ പി.എസ്.സി.ക്ക് വിടാനുള്ള നടപടികൾ പുരോഗമിക്കവേ പിൻവാതിൽനിയമനം തകൃതിയായി. പി.എസ്.സി. ഏറ്റെടുക്കുംമുമ്പേ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഡ്രൈവറായി ജോലിചെയ്തിരുന്ന താത്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തി വകുപ്പുസെക്രട്ടറി കഴിഞ്ഞ മാസമാണ് ഉത്തരവിറക്കിയത്. സ്ഥിരനിയമനത്തിനു തയ്യാറാക്കിയ സ്പെഷ്യൽറൂൾപ്രകാരം താത്കാലിക ജീവനക്കാരന് യോഗ്യതയുണ്ടെന്ന് കാണിച്ച് മാനേജിങ്ഡയറക്ടർ നൽകിയ ശുപാർശപ്രകാരമാണ് നടപടി. ഇതിനുപുറമേ ആറുഡ്രൈവർമാരെക്കൂടി സ്ഥിരമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. മന്ത്രിക്കുനൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഇവരെ പരിഗണിക്കാമെന്ന് എം.ഡി. റിപ്പോർട്ട് നൽകിയാലുടൻ സ്ഥിരനിയമന ഉത്തരവിറങ്ങും. പി.എസ്.സി.ക്ക് നിയമനാധികാരം കൈമാറുന്നത് സംബന്ധിച്ച നടപടിക്രമങ്ങളും വൈകുകയാണ്. സ്പെഷ്യൽ റൂൾ തയ്യാറാക്കിയെങ്കിലും നടപ്പായിട്ടില്ല. ഇതുമറയാക്കി പുതിയ തസ്തികകളിലേക്ക് താത്കാലിക നിയമനവും തുടരുന്നുണ്ട്. അടുത്തിടെ 25 കരാർനിയമനങ്ങളാണ് നടന്നത്. വിവിധവിഭാഗങ്ങളിലായി 60 കരാർജീവനക്കാരുണ്ട്. പുതിയ ഓഫീസുകളിൽ ഉൾപ്പെടെ 110 സ്ഥിരനിയമന ഒഴിവുകളാണുള്ളത്. ഇവ പി.എസ്.സി.ക്ക് കൈമാറുന്നതിനുമുമ്പേ താത്കാലിക നിയമനം നടത്താനാണ് നീക്കം. അതേസമയം, 1995-ൽ താത്കാലിക നിയമനം ലഭിച്ചവരെ എല്ലാവരെയും 2000-ൽ പിരിച്ചുവിട്ടിരുന്നു. ഇവരിൽ 56 പേരെ 2001-ൽ സ്ഥിരപ്പെടുത്തി. എന്നാൽ, ഒഴിവാക്കപ്പെട്ട പത്തുപേർ കോടതിവിധിയിലൂടെ 2015-ൽ വീണ്ടും നിയമനം നേടിയെങ്കിലും ഇപ്പോഴും താത്കാലിക ജീവനക്കാരായി തുടരുകയാണ്. വിരമിക്കാൻ അഞ്ചുവർഷത്തിൽ താഴെ കാലയളവാണ് ഇവർക്കുള്ളത്. ഇവർക്കെതിരേയുള്ള കേസ് നടത്താൻ 14 ലക്ഷം രൂപയോളമാണ് കോർപ്പറേഷൻ വിനിയോഗിച്ചത്. കോടതിവിധി കോർപ്പറേഷന് പ്രതികൂലമായതോടെ പകപോക്കൽ തുടരുന്നതായി ഇവർ പറയുന്നു. നടപടികൾ പൂർത്തിയായി സ്പെഷ്യൽറൂൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. വൈകുന്നത് പി.എസ്.സി.യുടെ വീഴ്ചകൊണ്ടാണ്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സർക്കാരാണ്. സ്ഥിരനിയമനം ആവശ്യപ്പെട്ട് താത്കാലിക ജീവനക്കാർ നൽകിയ അപേക്ഷയിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. താത്കാലിക നിയമനങ്ങളിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട്. -കെ.ടി. ബാലഭാസ്കരൻ, മാനേജിങ് ഡയറക്ടർ, കെ.എസ്.ബി.സി.ഡി.സി. Content Highlights:Kerala State Backward Classes Development Corporation
from mathrubhumi.latestnews.rssfeed https://ift.tt/2T1QIXr
via
IFTTT
No comments:
Post a Comment