ന്യൂഡൽഹി: അടുത്ത കേന്ദ്രമന്ത്രിസഭാ വികസനത്തിൽ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജെ.ഡി.യു.വിന് മൂന്ന് സഹമന്ത്രിസ്ഥാനം ലഭിച്ചേക്കും. അതിലൊരാൾക്ക് സ്വതന്ത്ര ചുമതല നൽകാനും ഇരുപാർട്ടികളും തമ്മിൽ ധാരണയായെന്നാണ് റിപ്പോർട്ട്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും ഈവർഷം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതും പരിഗണിച്ച് ജെ.ഡി.യു.വിന് കൂടുതൽ അംഗീകാരം നൽകാൻ ബി.ജെ.പി. തുനിയുമെന്നാണ് വിലയിരുത്തൽ. ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് സൂചന. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാംമന്ത്രിസഭയിൽ 24 കാബിനറ്റ് മന്ത്രിമാരും ഒൻപത് സ്വതന്ത്ര ചുമതലക്കാരുമുൾപ്പെടെ 57 അംഗങ്ങളാണ് മേയ് 30-ന് സ്ഥാനമേറ്റത്. അതിനുശേഷം മന്ത്രിസഭാ വികസനമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യും ജെ.ഡി.യു.വും 17 വീതം സീറ്റുകളിലാണ് ബിഹാറിൽ മത്സരിച്ചത്. ജെ.ഡി.യു. 16 സീറ്റിലും ബി.ജെ.പി. 17 സീറ്റിലും ജയിച്ചു. എങ്കിലും മന്ത്രിസഭയിൽ ചേരാൻ അന്ന് ജെ.ഡി.യു. തയ്യാറായില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിയമസഭയിലേക്കെന്നും കൂടുതൽ സീറ്റുകളിൽ ജെ.ഡി.യു. തന്നെ മത്സരിക്കുമെന്നുമാണ് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോർ പറയുന്നത്. ഇതിനുമുമ്പ് ഇരുപാർട്ടികളും ഒന്നിച്ച് മത്സരിച്ച 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യും ജെ.ഡി.യു.വും 1:1.4 എന്ന അനുപാതത്തിലാണ് സീറ്റ് പങ്കിട്ടത്. അത്രതന്നെയില്ലെങ്കിലും ഇക്കുറിയും കൂടുതൽ സീറ്റുകളിൽ ജെ.ഡി.യു. തന്നെ മത്സരിക്കുമെന്നാണ് അവർ അവകാശവാദമുന്നയിക്കുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തും നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പായി ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം ശക്തമാണെന്ന സന്ദേശം നൽകാനും ബി.ജെ.പി. ശ്രമിച്ചേക്കും. അതുകൂടി ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭയിൽ ജെ.ഡി.യു.വിന് പ്രതിനിധ്യം നൽകാൻ നീങ്ങുന്നത്. പൗരത്വനിയമഭേദഗതിയെ പാർലമെന്റിൽ ജെ.ഡി.യു. പിന്തുണച്ചെങ്കിലും പൗരത്വ രജിസ്റ്റർ (എൻ.ആർ.സി.) ബിഹാറിൽ നടപ്പാക്കുന്നതിനെ എതിർക്കുകയാണ്. അതിനെ ഒരുപരിധിവരെ മറികടക്കാനും മന്ത്രിസ്ഥാനം നൽകുന്നത് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി. വിലയിരുത്തൽ. മന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയായിട്ടുണ്ടാകാമെങ്കിലും ഇരുപാർട്ടികളും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. Content Highlights: Decision to strengthen its alliance with the JD(U) ahead of the Assembly election
from mathrubhumi.latestnews.rssfeed https://ift.tt/2tu3D9J
via
IFTTT
No comments:
Post a Comment