കാഠ്മണ്ഡു: കാലാപാനി മേഖലയുടെ പഴയഭൂപടം 15 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് നേപ്പാൾ സർക്കാരിനോട് അവിടത്തെ സുപ്രീംകോടതി. 1816-ൽ ബ്രിട്ടീഷ് ഇന്ത്യയുമായി സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. നേപ്പാളിന്റെ മേഖലകൾ സംരക്ഷിക്കാൻ രാഷ്ട്രീയ-നയതന്ത്ര ശ്രമങ്ങൾ തുടങ്ങാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി. 1960-ൽ ഇന്ത്യയുമായി ഒപ്പിട്ട അതിർത്തിക്കരാർ, 1827 ഫെബ്രുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യാ കന്പനി പ്രസിദ്ധീകരിച്ച ഭൂപടം, 1847-ൽ ബ്രിട്ടീഷ് സർക്കാർ പ്രസിദ്ധീകരിച്ച ഭൂപടം, മറ്റുരാജ്യങ്ങളുമായോ ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾക്കോ കൈമാറിയിട്ടുള്ള മറ്റ് ഔദ്യോഗിക ഭൂപടങ്ങൾ എന്നിവയും ഹാജരാക്കാനും ജസ്റ്റിസ് ഹരിപ്രസാദ് ഫുയൽ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ പിതോർഗഢ് ജില്ലയുടെ ഭാഗമായ കാലാപാനി തങ്ങളുടേതാണെന്നാണ് നേപ്പാൾ അവകാശപ്പെടുന്നത്. ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം നവംബറിൽ ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തിൽ കാലാപാനിയെ ഉൾപ്പെടുത്തിയതിൽ നേപ്പാൾ എതിർപ്പുന്നയിച്ചിരുന്നു. ലിംപിയാധുര, ലിപുലേക്ക് ചുരം, കാലാപാനി എന്നിവ തങ്ങളുടെ അതിർത്തിക്കുള്ളിലാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു. 1814-'16-ലെ ആംഗ്ലോ-നേപ്പാൾ യുദ്ധം (ഗൂർഖായുദ്ധം) അവസാനിപ്പിച്ചതിനുശേഷം ഒപ്പിട്ട സുഗൗലി കരാറിൽ ഡാർജിലിങ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നേപ്പാൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയിരുന്നു. Content Highlights:Kalapani Nepal
from mathrubhumi.latestnews.rssfeed https://ift.tt/2SOslMW
via
IFTTT
No comments:
Post a Comment