തുറവൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന രണ്ടപകടങ്ങളിൽ സാക്ഷ്യം വഹിക്കുകയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്ത സിവിൽ പോലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കുത്തിയതോട് സ്റ്റേഷനിലെ പി.ആർ.ഒ. കടക്കരപ്പള്ളി കൊപ്രാച്ചിറയിൽ കെ.പി.സതീഷ് കൈകളിൽനിന്ന് ചോരക്കറ മാഞ്ഞു പോകും മുമ്പേ കുറിച്ചവരികൾ ഇതിനോടകം ലക്ഷക്കണക്കിനാളുകൾ ലൈക്ക് ചെയ്തു. കുത്തിയതോട് സ്റ്റേഷനിലെത്തുന്നതിന് മുമ്പ് ഹൈവേ പട്രോളിങ്ങിലും ട്രാഫിക്കിലുമായി 10 വർഷം സതീഷ് ജോലി നോക്കിയിരുന്നു. മിക്ക അപകട മരണങ്ങളുടെയും ഇൻക്വസ്റ്റ് (പ്രേതവിചാരണ) തയാറാക്കാൻ പോയിരുന്നത് സതീഷാണ്. മോർച്ചറിക്കു മുന്നിൽ ബന്ധുക്കൾ നിറമിഴികളുമായി നിൽക്കുന്ന കാഴ്ച മനസ്സിനെ ഉലച്ചിട്ടുണ്ട്. രണ്ടപകടങ്ങൾ കണ്ടപ്പോൾ മരിച്ചവരുടെ ഉറ്റവരുടെ ചിത്രങ്ങളാണ് മനസിൽ തെളിഞ്ഞത്. അതുണ്ടാക്കിയ വേദനയാണ് ഇങ്ങനൊരു പോസ്റ്റിടാൻ പ്രേരിപ്പിച്ചതെന്ന് സതീഷ് പറഞ്ഞു. ആലപ്പുഴ സബ്ഡിവിഷൻ ചെക്കിങ് പട്രോളിങ്ങിനിടെ ഡിസംബർ 30-ന് അർധരാത്രി മുഹമ്മ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം കണ്ടത്. 31-ന് ഇട്ട പോസ്റ്റിലെ വരികൾ തുടങ്ങുന്നതിങ്ങനെ:- ഇന്നലെ അർധരാത്രി കഴിഞ്ഞ് മുഹമ്മ ആര്യക്കര അമ്പലത്തിനു തെക്കുവശത്തായി റോഡിന് നടുവിൽ ചോരയിൽ കുളിച്ച് ഒരു മനുഷ്യരൂപം വളഞ്ഞു കിടക്കുന്നത് കണ്ടാണ് ഞങ്ങൾ ചാടിയിറങ്ങിയത്. ഏതോ ഒരു കുടുംബത്തിന്റെ ഭാവി സ്വപ്നങ്ങളിലെ നായകനായ യുവാവിന്റെ മൃതദേഹം ഫ്ളെക്സിൽ പൊതിഞ്ഞ് ജീപ്പിലേക്ക് വെക്കുമ്പോൾ കൈകളിൽ പറ്റിയ ചോരത്തുള്ളികളുടെ ചൂട് എന്റെ ഹൃദയത്തെ വരെ പൊള്ളിക്കുന്നുണ്ടായിരുന്നു. എവിടെയോ മകനെയും കാത്തിരിക്കുന്ന ഒരമ്മയുടെ ചുടു കണ്ണീരിൽ കുതിർന്ന ഒരുപ്രഭാതം ആണല്ലോ നാളെ എന്നാലോചിച്ച് ഞങ്ങൾ വീണ്ടും പട്രോളിങ് തുടർന്നു. കുത്തിയതോട് സ്റ്റേഷനിലെത്തി വിശ്രമവും കഴിഞ്ഞ് സ്റ്റേഷനിൽത്തന്നെ തിളപ്പിച്ച ഒരു ഗ്ലാസ് കട്ടൻ ചായയും കുടിച്ച് വീട്ടിലേക്ക് മടങ്ങവെ ആണ് തുറവൂർ പുത്തൻ ചന്തയ്ക്ക് സമീപം റോഡ് ബ്ലോക്കും മുന്നിൽ ആൾക്കൂട്ടവും കണ്ടത്. ടയറിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ ഹെൽമറ്റ് റോഡരികിലേക്ക് വലിച്ചെറിഞ്ഞതിനൊപ്പം ഷീറ്റു കൊണ്ട് മൂടിപ്പൊതിഞ്ഞ തലയുടെ ശേഷിപ്പുകൾ സ്ട്രെക്ചറിലേക്ക് കോരിയെടുത്ത് വെച്ചു. മണിക്കൂറുകൾക്ക് മുമ്പ് മുഹമ്മയിൽനിന്ന് പറ്റിയ ചോരപ്പാടുകളാൽ ഉണങ്ങിത്തുടങ്ങിയ എന്റെ കൈവെള്ളയിൽ വീണ്ടും തലച്ചോറിൽ കുതിർന്ന ചുടുരക്തം പടരുന്നത് നിർവികാരതയോടെ മാത്രമേ ഞാൻ കണ്ടുള്ളു. ഫയർഫോഴ്സ് വെള്ളം ചീറ്റിച്ചപ്പോൾ തെറിച്ച് എന്റെ കാലിൽ പറ്റിയ തലച്ചോറിന്റെ കഷ്ണം അല്പം മുമ്പുവരെ ഏതോ ഒരമ്മയെയും അച്ഛനെയും നിറഞ്ഞ് സ്നേഹിച്ച മിടുക്കനായ എൽ.എൽ.ബി. ഫൈനൽ ഇയർ സ്റ്റുഡന്റിന്റെ ബുദ്ധി സിരാകേന്ദ്രത്തിന്റെ മർമഭാഗമായിരിക്കണമെന്ന ചിന്ത എന്റെ ഉള്ളൊന്നുലച്ചു. കാത്തിരിക്കുന്ന മുഖങ്ങളിലെ പുഞ്ചിരി കാണാനെങ്കിലും സുരക്ഷിതനായി നമുക്ക് തിരിച്ചെത്തണം. ആഘോഷങ്ങൾ ആവേശത്തിരമാലകളാക്കി വേഗത്തോണിയേറുന്നവർ മോർച്ചറിയുടെ തണുപ്പറിഞ്ഞേ നിൽക്കാറുള്ളൂ. റോഡുകൾ ചോരക്കളമാകാതിരിക്കട്ടെ- ഈ ഓർമപ്പെടുത്തലോടെ വരികൾ അവസാനിക്കുന്നു. Content Highlights: Facebook post by a policeman
from mathrubhumi.latestnews.rssfeed https://ift.tt/2SGowt7
via
IFTTT
No comments:
Post a Comment