തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ ജോസ്-ജോസഫ് പക്ഷം തര്‍ക്കം മുറുകിയതോടെ കുട്ടനാട് സീറ്റും യു.ഡി.എഫിനു കീറാമുട്ടിയാകുന്നു. യു.ഡി.എഫ്. നിര്‍ദേശം മറികടന്ന് ഇരുവിഭാഗങ്ങളും തെരുവില്‍ വാക്‌പോരുമായി. മുന്നണിക്കുള്ളില്‍ അതൃപ്തി പുകയുന്നു. പൗരത്വവിഷയം ഉള്‍പ്പെടെ ഉയര്‍ത്തി ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സാഹചര്യത്തില്‍ തമ്മില്‍പോര് മുന്നണിക്കു ബാധ്യതയാകുമെന്ന വിലയിരുത്തലാണ് യു.ഡി.എഫിന്. തര്‍ക്കം തുടര്‍ന്നാല്‍ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി.
കേരള കോണ്‍ഗ്രസി(എം)ന് അര്‍ഹതപ്പെട്ട സീറ്റാണ് കുട്ടനാട്. എന്നാല്‍, കേരള കോണ്‍ഗ്രസ് (എം) തങ്ങളാണെന്ന അവകാശവാദവുമായി രണ്ടുപക്ഷവും നിലയുറപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതോടെ, തമ്മിലടി മൂലം ഇനി സീറ്റുകള്‍ നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന പൊതുവികാരം കോണ്‍ഗ്രസിലുയര്‍ന്നു. അരനൂറ്റാണ്ടായി യു.ഡി.എഫിന് എതിരുപോലുമില്ലായിരുന്ന പാലാ സീറ്റ് നഷ്ടപ്പെട്ടത് ഈ തമ്മിലടി കാരണമാണെന്നും മുന്നണിനേതൃത്വം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ തവണ കുട്ടനാട് സീറ്റില്‍ മത്സരിച്ച ജേക്കബ് ഏബ്രഹാം തങ്ങളോടൊപ്പമാണെന്നും അതുകൊണ്ട് സീറ്റ് വേണമെന്നുമാണ് ജോസഫ്പക്ഷത്തിന്റെ നിലപാട്. കെ.എം. മാണിയുടെ പാലാ സീറ്റ് അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം ജോസ്പക്ഷത്തിനു നല്‍കി. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അത്തരത്തിലാണ് കൊടുത്തത്. ഈ സാഹചര്യത്തില്‍ കുട്ടനാട്ടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ജോസഫ് പക്ഷം ഉറപ്പിക്കുന്നു. യഥാര്‍ഥ കേരള കോണ്‍ഗ്രസ്( എം) തങ്ങളാണെന്നും സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ് ജോസ് പക്ഷത്തിന്റെ നിലപാട്. കേരള കോണ്‍ഗ്രസ് (ജെ) മാണി വിഭാഗവുമായി ലയിക്കുമ്പോള്‍ ധാരണ അതായിരുന്നെന്നും ജോസ്പക്ഷം വാദിക്കുന്നു.
തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഇടതുമുന്നണിയിലെ എന്‍.സി.പിക്ക് കുട്ടനാടില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യമാണ്. ആ നിലയ്ക്കും സര്‍ക്കാരിനെതിരെയുള്ള ജനവികാരവുംകൊണ്ട് യു.ഡി.എഫിന് ഏറെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
ഒറ്റക്കെട്ടായി നിന്നു യോഗ്യരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചാല്‍ നൂറുശതമാനവും വിജയം ഉറപ്പാക്കാനാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് പൊതുസമൂഹത്തിനു വിശ്വാസമുണ്ടെങ്കിലേ ഇതു നടക്കൂ. മറിച്ചായാല്‍, കുട്ടനാട് മാത്രമല്ല, വരുന്ന തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് മുന്നണിക്കകത്ത്. കുട്ടനാട്ടിലേത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാതെരഞ്ഞെടുപ്പുകളുടെ സൂചകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
from mangalam.com https://ift.tt/2SZlCjl
via IFTTT
No comments:
Post a Comment