തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംയുക്തസമരവും പരസ്പരപാരയുമായി ഇടതുമുന്നണിയും യു.ഡി.എഫും! അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു ന്യൂനപക്ഷസംരക്ഷണത്തിന്റെ ചാമ്പ്യന്മാരാകാന്‍ ഇരുമുന്നണികളുടെയും മത്സരം.
ഇതിന്റെ ഭാഗമായാണു ബി.ജെ.പി. ഇതരമുഖ്യമന്ത്രിമാര്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതും ഗവര്‍ണറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷമുയര്‍ത്തുന്ന ആരോപണങ്ങളും. ഇരുകൂട്ടരും തമ്മിലടി തുടങ്ങിയതോടെ സംസ്ഥാനത്തു പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ തീവ്രത കുറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തം അക്കൗണ്ടിലാക്കാനുള്ള തത്രപ്പാടിലാണ് ഇരുമുന്നണികളും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായം ഇടതുമുന്നണിയോട് അടുത്തിരുന്നു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കളം മാറി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ന്യൂനപക്ഷപിന്തുണ നിലനിര്‍ത്താന്‍ യു.ഡി.എഫും നിയമസഭാ തെരഞ്ഞെടുപ്പിലെ പിന്തുണ തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണിയും തീവ്രശ്രമത്തിലാണ്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മൃദൃഹിന്ദുത്വസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം സി.പി.എം. പണ്ടേ ഉന്നയിക്കുന്നതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ''കേരളാ മോഡലി''ല്‍ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിനോടു പല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രതികരിച്ചിട്ടില്ല. പഞ്ചാബ് മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. ഇതും സി.പി.എം. പ്രചാരണായുധമാക്കും. ഒരേസമയം ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്നതാകും തന്ത്രം.
ഈ തന്ത്രത്തെ അതേ നാണയത്തില്‍ നേരിടാനാണു കോണ്‍ഗ്രസ് നീക്കം. പിണറായിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടുണ്ടെന്ന ആരോപണം കൂടുതല്‍ ഊര്‍ജിതമാക്കും. പൗരത്വ ഭേദഗതി നിയമത്തില്‍ ഗവര്‍ണറുടെ നിലപാട് ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിക്കു ഗവര്‍ണറുമായി തുറന്നപോര് സാധ്യമല്ല. ആ പരിമിതി മനസിലാക്കിയാണു കോണ്‍ഗ്രസ് നീക്കം. നിയമസഭാ പ്രമേയത്തെ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞിട്ടും സി.പി.എമ്മും മുഖ്യമന്ത്രിയും മൗനം പാലിക്കുന്നുവെന്നാണ് ആരോപണം.
from mangalam.com https://ift.tt/2TjLo1F
via IFTTT
No comments:
Post a Comment