ശ്രീനഗര്‍: ധീരതയ്ക്കുള്ള പ്രസിഡന്റിന്റെ മെഡല്‍ നേടിയ ജമ്മു കശ്മീര്‍ പോലീസ് ഓഫീസര്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായി. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ വാഹനത്തില്‍ യാത്ര ചെയ്യവേയാണ് രണ്ട് ഭീകരര്‍ക്കൊപ്പം പോലീസ് ഓഫീസറും പിടിയിലായിരിക്കുന്നത്. ഭീകരര്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേയ്ക്ക് നീങ്ങുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ച ഡെപ്യൂട്ടി സുപ്രണ്ട്ന്റനെന്റ് ഓഫ് പോലീസ്(ഡിഎസ്പി) ദേവിന്ദര്‍ സിങ് ആണ് കുല്‍ഗാം ജില്ലയില്‍ വാന്‍പോയില്‍ വെച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരനായ നവീത് ബാബുവിനൊപ്പം പിടിയിലായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഒക്‌ടോബറിലും നവംബറിലുമായി തെക്കന്‍ കശ്മീരില്‍ ട്രക്ക് ട്രൈവറും തൊഴിലാളികളും ഉള്‍പ്പെടെ 11 ഓളം പുറത്തു നിന്നുള്ളവരെ വധിച്ച കേസിലെ പ്രതിയാണ് ബാബു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ജമ്മു കശ്മീരിലെ ആപ്പിള്‍ വ്യവസായമേഖലയില്‍ നിന്ന് പുറമെ നിന്നുള്ള തൊഴിലാളികളെ അകറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രദേശവാസികളല്ലാത്തവരെ ഭീകരര്‍ ലക്ഷ്യം വെച്ചത്.
നവീത് ബാബുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന പോലീസ്, ഭീകരന്‍ സഹോദരനുമായി ഫോണില്‍ കൂടി ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് സ്ഥലം തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ഹിസ്ബുള്‍ ഭീകരനായ നവീത് ബാബുവും കൂട്ടാളി ആസിഫും ഡിഎസ്പി ദേവിന്ദര്‍ സിങ്ങും സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടയുകയായായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നാണ് പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ദേവിന്ദര്‍ സിങ്ങിനെ തേടിയെത്തിയത്. ഇവരെ പിടികൂടിയതിന്പിന്നാലെ ശ്രീനഗറിലും തെക്കന്‍ കശ്മീരിലും വ്യാപകറെയ്ഡില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഒരു പോലീസ് ഓഫീസറുടെ സഹായത്തോടെ എന്തിനാണ് ഡല്‍ഹിയിലേക്ക് ഭീകര സംഘം നീങ്ങിയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ദേവീന്ദര്‍ സിങ്ങിന്റെ ശ്രീനഗറിലെ ബഡാമി ബാഗ് കന്റോണ്‍മെന്റിലും പോലീസ് റെയ്ഡ് നടത്തി. ശനിയാഴ്ച ഡ്യൂട്ടിയില്‍ കയറാതെ ഇരുന്ന ദേവീന്ദര്‍ സിങ് നാലു ദിവസത്തേക്ക് അവധിയും എടുത്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2QLyGaz
via IFTTT
No comments:
Post a Comment