തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്പോസ്റ്റിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾ ആരെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ലെങ്കിലും ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഏതാനും ദിവസംമുൻപ് നാല് നക്സലുകൾ തമിഴ്നാട്ടിലേക്ക് കടന്നതായി തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരമുണ്ടായിരുന്നു. ഇത് പ്രകാരം നക്സലുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസിന്റെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസൺ എന്ന എഎസ്ഐയെ മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ വെടിവെച്ചുകൊലപ്പെടുത്തിയത്. വിൽസൺ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ശബ്ദംകേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ ഓടിരക്ഷപ്പെട്ടു. നാല് തവണയോളം ആക്രമികൾ വെടിയുതിർത്തു. എഎസ്ഐയുടെ മുഖത്ത് മൂന്ന് വെടിയുണ്ട ഏറ്റിറ്റുണ്ടെന്നാണ് പ്രാഥമിക നിഗമനം. കോഴിവിള ഭാഗത്തുനിന്നുള്ള റോഡ് പഴയ റോഡിൽ ചേരുന്നതിന് സമീപത്തായാണ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചെക്ക്പോസ്റ്റിന് സമീപത്ത് കൂടി രണ്ട്. യുവാക്കൾ നടന്നെത്തി സമീപത്തെ മുസ്ലീം പള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിർക്കുകയുംഓടിരക്ഷപ്പെടുകയുമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2QZOt4o
via
IFTTT
No comments:
Post a Comment