ന്യൂഡല്‍ഹി: ആറു മാസമായി ദേശീയ വര്‍ക്കിങ് പ്രസിഡന്റായ ജെ.പി. നഡ്ഡയെ ബി.ജെ.പി. ഇന്നു ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഇന്നു നാമനിര്‍ദേശ പത്രിക സ്വീകരിക്കുമ്പോള്‍ നഡ്ഡയ്ക്ക് എതിരാളിയുണ്ടാകില്ലെന്നാണു സൂചന. അങ്ങനെയെങ്കില്‍ പ്രഖ്യാപനം ഇന്നുണ്ടാകും. മറ്റാരെങ്കിലും പത്രിക നല്‍കിയാല്‍ നാളെ വോട്ടെടുപ്പ് നടക്കും. 2014 ജൂെലെയില്‍ രാജ്‌നാഥ് സിങ് മോഡി മന്ത്രിസഭയില്‍ അംഗമായതോടെയാണ് അമിത് ഷാ ദേശീയ അധ്യക്ഷപദത്തിലെത്തിയത്.
2016-ലാണ് ആദ്യത്തെ പൂര്‍ണമായ മൂന്നു വര്‍ഷ ടേം ലഭിക്കുന്നത്. 2019-ല്‍ കാലാവധി പൂര്‍ത്തിയായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് നീട്ടുകയായിരുന്നു. ഹിമാചലില്‍ നിന്നുള്ള രാജ്യസഭാംഗമായ നഡ്ഡ കഴിഞ്ഞ ജൂെലെയിലാണ് വര്‍ക്കിങ് പ്രസിഡന്റ് ആയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയുടെ ചുമതല വഹിച്ചു. ഒന്നാം മോഡി മന്ത്രിസഭയില്‍ അംഗമായിരുന്നു.
ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു വിത്തുപാകിയത് എല്‍.കെ. ആദ്വാനിയെന്ന രാഷ്ട്രീയ ഭീഷ്മാചാര്യനാണെങ്കില്‍ രാജ്യമെങ്ങും താമര വിരിയിച്ച രാഷ്ട്രീയ ചാണക്യനാണ് അമിത് ഷാ. 2014-ല്‍ രാജ്‌നാഥ് സിങ്ങിനു പകരം ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ കസേരയിലേക്ക് അമിത് ഷാ അമര്‍ന്നിരുന്നപ്പോള്‍ അത് അദ്വാനി യുഗത്തിന്റെ അന്ത്യവും അമിത് ഷാ യുഗത്തിന്റെ ആരംഭവുമായി. ആറു വര്‍ഷങ്ങള്‍ക്കുശേഷം ദേശീയ അധ്യക്ഷ പദവിയില്‍നിന്ന് അമിത് ഷാ പടിയിറങ്ങുമ്പോള്‍ മറ്റൊരു യുഗമാറ്റത്തിനാണ് പാര്‍ട്ടി തയാറെടുക്കുന്നത്. രാമക്ഷേത്ര നിര്‍മാണം, പൗരത്വ നിയമം, പൊതുവ്യക്തി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങി തങ്ങളുടെ രാഷ്ട്രീയ അജന്‍ഡകളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാറ്റം എന്നതും ശ്രദ്ധേയം.
* തിളക്കമുള്ള ജയങ്ങളിലൂടെ ഉയര്‍ച്ച
നരേന്ദ്ര ദാമോദര്‍ദാസ് മോഡിയെന്ന വ്യക്തിപ്രഭാവം ശരിയായ അളവില്‍ ഉപയോഗിച്ച് 2014-ല്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയതാണ് അമിത് ഷായെ ബി.ജെ.പിയുടെ സര്‍വെസെന്യാധിപനാക്കിയത്. അന്ന് ബി.ജെ.പി. അധികാരം പിടിക്കുമ്പോള്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു അമിത് ഷാ. യു.പിലെ 80 സീറ്റില്‍ 71-ഉം നേടി ബി.ജെ.പിക്കു ഭരണത്തിലേക്കു വാതില്‍ തുറന്നത് അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന പുരാണ ആപ്തവാക്യമാണ് അമിത് ഷായുടെ കരുത്ത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും വിവാദങ്ങള്‍ പോലും വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാനുമുള്ള കഴിവ് ഷായെ പാര്‍ട്ടിയുടെ അവസാനവാക്കാക്കി.
1991-ല്‍ എല്‍.കെ. അദ്വാനിക്കുവേണ്ടി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതല വഹിച്ചതോടെയാണ് അമിത് ഷായുടെ രാഷ്ട്രീയ വിജയയാത്രയ്ക്കു തുടക്കമാകുന്നത്. പിന്നീട് മോഡി-അമിത് ഷാ അച്ചുതണ്ട് ബി.ജെ.പിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ഗതി മാറ്റിയെഴുതി. ഷാ അധ്യക്ഷനായിരിക്കെ ബി.ജെ.പി. 10 നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് വിജയം കുറിച്ച്. ഇടതുപാര്‍ട്ടികളുടെ തട്ടകമായ ത്രിപുരയില്‍ ഭരണംപിടിച്ചതും ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് മേല്‍വിലാസമുണ്ടാക്കിയതും ഷായുടെ തന്ത്രങ്ങളാണ്.
* അധികാരം തന്നെ മുഖ്യം
ഭൂരിപക്ഷം ലഭിക്കാതെ പോയ സംസ്ഥാനങ്ങളില്‍ എതിര്‍പാര്‍ട്ടികളുടെ എം.എല്‍.എമാരെ അപ്പാടെ അടര്‍ത്തിയെടുത്തു ഭരണം പിടിച്ചെടുത്തതും ഷായുടെ മികവില്‍തന്നെ. ഏത് രീതിലൂടെയും അധികാരം പിടിക്കാമെന്ന നവരാഷ്ട്രീയ തന്ത്രത്തിന്റെ ഉപജ്ഞാതാവും ഷാതന്നെ. മോഡിയെ രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിക്കാനായതാണ് ഷായുടെ അവസാന വിജയം. സര്‍ക്കാര്‍വിരുദ്ധ വികാരം ദേശീയതയും ദേശസുരക്ഷയും സമാസമം പ്രയോഗിച്ച് ഒതുക്കിയ ഷാ വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, തൊഴിലില്ലായ്മ, ദളിത് പീഡനം തുടങ്ങിയ അടിസ്ഥാനവിഷയങ്ങളില്‍നിന്നു പാര്‍ട്ടിയെ സംരക്ഷിച്ചു. പാര്‍ട്ടിക്ക് വ്യക്തമായ സ്വാധീനമില്ലാത്ത 120 മണ്ഡലങ്ങള്‍ കണ്ടെത്തി ശ്രദ്ധചെലുത്താനുള്ള നിര്‍ദേശവും മികവിന് ഉദാഹരണം.
* പ്രഭാവത്തിന് തിരിച്ചടിയായി െവെരനിര്യാതന ബുദ്ധി
തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെ എതിരാളികളെ കീഴ്‌പ്പെടുത്തുന്നതില്‍ മാത്രമല്ല എതിര്‍ത്തവരെ പാര്‍ത്തിരുന്നു തിരിച്ചടിക്കുന്നതിലും ഷാ 'മികവ്' കാട്ടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീട് ഇന്ദിരാഗാന്ധി കാട്ടിയ പ്രതികാര രാഷ്ട്രീയത്തിനെ ഏറെ വിമര്‍ശിച്ചവരുടെ തറവാട്ടില്‍ നിന്ന് അതേ പ്രവൃത്തി മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുടെ അപ്രീതിക്കും കാരണമായി.
മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ഉള്‍പ്പടെയുള്ളവര്‍ ആ പ്രതികാരാഗ്നി അറിഞ്ഞു. തന്നെ ജയിലിലടച്ച ചിദംബരത്തെ അമിത് ഷാ അക്ഷരാര്‍ഥത്തില്‍ പൂട്ടുകയായിരുന്നു. പല സംസ്ഥാനങ്ങളിലും അധികാരം പിടിക്കാന്‍ എതിര്‍ പാര്‍ട്ടി നേതാക്കളുടെയും എം.എല്‍.എമാരുടെയും വീടുകളില്‍ രായ്ക്കുരാമാനം ഷാ അന്വേഷണ ഏജന്‍സികളെ അയച്ചു.
* പടിയിറക്കം തിരിച്ചടികളോടെ
രണ്ടാം മോഡി സര്‍ക്കാരില്‍ ഷാ ആഭ്യന്തരമന്ത്രിയായതോടെതന്നെ യുഗമാറ്റം പ്രതീക്ഷിച്ചതാണ്. എന്നാല്‍ പല വിജയങ്ങളുടെ പിറകിലും അമിത് ഷായുടെ ചാണക്യതന്ത്രം എന്ന വാഴ്ത്തുപാട്ടുകള്‍ ശരിയോ തെറ്റോയെന്ന് സംശയമുയരുന്ന സാഹചര്യത്തിലാണ് പടിയിറക്കം.
പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഏറ്റവും ഒടുവില്‍ ഝാര്‍ഖണ്ഡ്... ഷായുടെ കീഴില്‍ തുടരെ പരാജയപരമ്പരകള്‍. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും കളിച്ച രാഷ്ട്രീയ നാടകങ്ങള്‍. പൗരത്വ ബില്ലില്‍ സ്വീകരിച്ച ഏകാധിപത്യ നയങ്ങള്‍. ഒരു ക്രൈസിസ് മനേജരുടെ ജോലി ഇനി ഭംഗിയായി ചെയ്യാന്‍ കഴിയില്ലെന്ന ഉത്തമബോധ്യം വന്നതിനു പിന്നാലെയാണ് പടിയിറക്കം.
* മാറ്റം ആര്‍.എസ്.എസിന്റെ സ്വരമാറ്റതന്ത്രം
അമിത് ഷായെ കേവലം ചില തെരഞ്ഞെടുപ്പ് തോല്‍വികളുടെ പേരില്‍ പഴിചാരാന്‍ ബി.ജെ.പി. തയാറാകില്ല. ഇപ്പോഴത്തെ മാറ്റം ആര്‍.എസ്.എസിന്റെ സ്വരംമാറ്റ തന്ത്രമെന്നു തന്നെ രാഷ്ട്രീയ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു. സംഘപരിവാരത്തിന്റെ അജന്‍ഡകള്‍ ഇതുവരെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിലൂടെമാത്രം ഇനി നടപ്പാക്കാനാകില്ലെന്നു നാഗ്പൂരിനു പൂര്‍ണബോധ്യം വന്നിട്ടുണ്ട്. അതിനാല്‍ത്തന്നെ മേല്‍ത്തട്ടില്‍ ഇരട്ട സ്വരം ഉയര്‍ത്തി പ്രതിഷേധങ്ങളുടെയും മറ്റും ഗതിമാറ്റുകയാണ് ലക്ഷ്യം.
ആഭ്യന്തരമന്ത്രി പദത്തിലിരുന്നു കടുത്ത തീരുമാനങ്ങളുമായി അമിത് ഷാ പാര്‍ട്ടി അജന്‍ഡകള്‍ നടപ്പാക്കുമ്പോള്‍ പാര്‍ട്ടിക് അത് ക്ഷീണമാകാതിരിക്കാന്‍ മൃദുസ്വരം സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയധ്യക്ഷന്‍. ഈ സ്വരം മാറ്റം മാത്രമാണ് ഇപ്പോള്‍ ഷായ്ക്കു പകരം ദേശീയ അധ്യക്ഷന്റെ കസേരയില്‍ നഡ്ഡ ഇരിക്കുംമ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്. അജന്‍ഡകള്‍ അതേപടി തുടരും.
* കാത്തിരിക്കുന്നത് പ്രധാനമന്ത്രി പദമോ അതോ?
തന്റേയും പ്രധാനമന്ത്രിയുടേയും വിശ്വസ്തനായ ജെ.പി. നഡ്ഡയെയാണ് ദേശീയ അധ്യക്ഷ പദത്തില്‍ പ്രതിഷ്ഠിച്ച് ഷാ ഇറങ്ങുന്നത്. നഡ്ഡയ്ക്ക് ആര്‍.എസ്.എസിന്റെ പിന്തുണയുണ്ടെങ്കിലും പാര്‍ട്ടിയില്‍ ഇനി എത്രകാലം അമിത് ഷായുടെ വാക്കുകള്‍ക്ക് എതിരില്ലാതെയിരിക്കുമെന്നു പറയാനാകില്ല. അനുകൂല രാഷ്ട്രീയ കാലാവസ്ഥയില്‍ അല്ലാതെ ഇനി അമിത് ഷായ്ക്ക് അപ്രമാദിത്വം ലഭിക്കാതെ പോകുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം.
മുന്‍കാല തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ക്രെഡിറ്റ് ഷായ്ക്ക് ഇനി എത്ര കാലം കൊണ്ടുനടക്കാമെന്നതും കാത്തിരുന്നു കാണണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിദൂര സാധ്യതമാത്രമാണ് അതിന്. നരേന്ദ്ര മോഡിക്കു പകരം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഷാ ഉയര്‍ന്നുവരുമെന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ.
അമിത് ഷാ യുഗത്തിനുശേഷം പാര്‍ട്ടിയുടെ ആദ്യ പരീക്ഷണം ഡല്‍ഹിയിലും ബിഹാറിലുമാകും. പൗരത്വ രജിസ്റ്റര്‍, പൊതുവ്യക്തി നിയമം തുടങ്ങിയ രാഷ്ട്രീയ അജന്‍ഡകളിലേക്ക് വരുന്ന ദിവസങ്ങളില്‍ ബി.ജെ.പി. നീങ്ങുമ്പോള്‍ അമിത് ഷായെ പോലൊരു ശക്തമായ സ്വരമുള്ള അധ്യക്ഷന്റെ അഭാവം പാര്‍ട്ടിക്കും തിരിച്ചടിയാകും.
from mangalam.com https://ift.tt/2R9qPDJ
via IFTTT
No comments:
Post a Comment