കണ്ണൂർ: പൊള്ളുന്നകാലത്തെ സാക്ഷിനിർത്തി ഒരു മഹാകവിയുടെ വരികൾ മറ്റൊരു കവി നെഞ്ചിൽ തൊട്ടെടുത്തപ്പോൾ ഉള്ളാകെയുലഞ്ഞ് വിതുമ്പിപ്പോയി. കവിളിലേക്ക് കണ്ണീരടർന്നു. അഭയാർഥികളായി ലോകത്തിന്റെ പലഭാഗത്തും അലയേണ്ടിവന്ന മനുഷ്യന്റെ മഹാദുരന്തം വിവരിക്കുന്നതിനിടെ ഇടശ്ശേരിയുടെ വരികൾ ചൊല്ലിയപ്പോൾ കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് കരഞ്ഞുപോയത്. തുടർന്ന് വാക്കുകൾ കിട്ടാതെ ഒരുനിമിഷം അദ്ദേഹം നിശ്ശബ്ദനായി. 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കണ്ണൂരിൽനടന്ന പ്രഭാഷണപരമ്പരയിൽ 'ചുരുങ്ങുന്ന ഇടങ്ങൾ, അതിജീവിക്കുന്ന വാക്കുകൾ' എന്ന വിഷയത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. ഇടശ്ശേരിയുടെ 'കുടിയിറക്കൽ' എന്ന കവിതയിൽ 'കഴൽവെപ്പ് താങ്ങേണ്ടൂ ഒരു പിടി മൺപോലും കടമായിട്ടല്ലയോ കൈവരുന്നു' എന്ന വരികൾ ചൊല്ലിയപ്പോഴാണ് അദ്ദേഹം നിയന്ത്രണംവിട്ടത്. പൊന്നാനിയിലെ ഒരു കുടിയിറക്ക് നേരിട്ടുകണ്ടതിന്റെ ആഘാതത്തിൽ ലോകംമുഴുവൻ കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ വേദനയിലേക്ക് ഇടശ്ശേരി എത്തുകയാണ്. 'കുടിയിറക്കപ്പെട്ടവരേ, കൂട്ടരേ പറയുവിൻ പറയുവിൻ, ഏതുരാജ്യക്കാർ നിങ്ങൾ' എന്നും കവി ചോദിക്കുന്നുണ്ട്. ഇതുചോദിച്ച ഇടശ്ശേരി രാജ്യദ്രോഹിയാണെങ്കിൽ താനും രാജ്യദ്രോഹിയാണ്. അമ്പതുകളിൽ എഴുതിയ കവിത ഈ കാലത്തെ കാണിച്ചുതരുന്നു. എന്നുവരെ ചൂഷണം തുടരുന്നുവോ, എന്നുവരെ യാതന തുടരുന്നുവോ, എന്നുവരെ അനീതി തുടരന്നുവോ അന്നുവരെ അതിനെതിരായ വാക്ക് അതിജീവിക്കും. അങ്ങനെയാണ് ലോകത്തിലെ വാക്കുകൾ അതിജീവിക്കുന്നത്- അദ്ദേഹം പറഞ്ഞു. വൈലോപ്പിള്ളി പാടിയതുപോലെ 'ചെമ്പിലൊരമ്പഴക്കായ പുഴുങ്ങി ചേറ്റിൽ വിളമ്പിത്തന്നാലും ജീവിച്ചിടണമെന്നേ മോഹം. അതാണ്, മതത്തെക്കാൾ മനുഷ്യനു ജീവിതതൃഷ്ണ' - ചുള്ളിക്കാട് പറഞ്ഞു. Content Highlights:Balachandran Chullikkad, Mathrubhumi Literature festival
from mathrubhumi.latestnews.rssfeed https://ift.tt/2MVItrU
via
IFTTT
No comments:
Post a Comment