ഫ്രീ... ഫ്രീ... ‘ആപ്പി’ന്റെ സൗജന്യങ്ങൾ എതിരാളികൾക്ക് ആപ്പാകുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 19, 2020

ഫ്രീ... ഫ്രീ... ‘ആപ്പി’ന്റെ സൗജന്യങ്ങൾ എതിരാളികൾക്ക് ആപ്പാകുമോ?

ന്യൂഡൽഹി: എല്ലാം ഇങ്ങനെ സൗജന്യം നൽകുന്നത് ശരിയാണോ? സംസ്ഥാനം നഷ്ടത്തിലേക്ക് നീങ്ങില്ലേ? എ.എ.പി. സർക്കാരിന്റെ സൗജന്യപദ്ധതികളേക്കുറിച്ച് പ്രതിപക്ഷമുന്നയിക്കുന്ന ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പാർട്ടിക്കും മറുപടിയുണ്ട്. 'ഞങ്ങൾ നിക്ഷേപിക്കുന്നത് ജനങ്ങളിലാണ്. അത് ഞങ്ങളുടെ ഉത്തരവാദിത്വവുമാണ്'. സൗജന്യപദ്ധതികളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദഗതികൾ ഒരുവശത്ത് തുടരുമ്പോൾത്തന്നെ, എ.എ.പി. സർക്കാരിന് അത് എത്രത്തോളം ഗുണം ചെയ്യുമെന്നതാണ് ചോദ്യം. ജനകീയമുഖത്തോടെ 70-ൽ 67 സീറ്റുകളും തൂത്തുവാരി അധികാരമേറ്റ അരവിന്ദ് കെജ്രിവാളിന് ഒരിക്കൽക്കൂടി മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ സൗജന്യങ്ങൾ തുണയ്ക്കുമോയെന്നാണ് ഡൽഹിയും രാഷ്ട്രീയലോകവും ഉറ്റുനോക്കുന്നത്. അന്നത്തെ ഭരണകക്ഷിയായിരുന്ന കോൺഗ്രസിനെതിരേ എന്തെല്ലാം ആരോപണങ്ങൾ ഉന്നയിച്ചാണോ അധികാരത്തിലേറിയത്, ആ വിഷയങ്ങളിൽ തന്നെ ഇടപെടുകയെന്ന നയമാണ് കെജ്രിവാൾ സ്വീകരിച്ചത്. വൈദ്യുതി, കുടിവെള്ളം, സ്ത്രീസുരക്ഷ എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ. ഉയർന്ന വൈദ്യുതി ബില്ലുകൾ, മിക്കയിടത്തും കുടിവെള്ളമെത്താതിരിക്കൽ, പലിയടത്തും ടാങ്കർ മാഫിയ, തുടർച്ചയായി സ്ത്രീകൾക്കുനേരെ അതിക്രമങ്ങൾ എന്നീ വിഷയങ്ങൾ എ.എ.പി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. കുടിവെള്ളം സൗജന്യമാക്കുകയാണ് കെജ്രിവാൾ ആദ്യം ചെയ്ത പദ്ധതികളിലൊന്ന്. ഒരു കുടുംബത്തിന് ദിവസവും ശരാശരി 700 ലിറ്റർ വെള്ളം ആവശ്യമാണെന്ന് കണക്കാക്കി പ്രതിമാസം 20,000 ലിറ്റർ വെള്ളം സൗജന്യമാക്കി. ഇതോടെ ഭൂരിഭാഗം കുടുംബങ്ങൾക്കും വെള്ളത്തിന് 'സീറോ ബില്ല്' വരാൻ തുടങ്ങി. ഷീലാ ദീക്ഷിത് സർക്കാരിന്റെ കാലത്ത് അമിതമായ വൈദ്യുതി ബില്ലുകൾ വരുന്നതിനെതിരേ വലിയസമരങ്ങൾ തന്നെ കെജ്രിവാളും കൂട്ടരും നയിച്ചിരുന്നു. സ്വകാര്യ വൈദ്യുതി വിതരണ കമ്പനികൾ വിച്ഛേദിച്ച വൈദ്യുതി കണക്ഷനുകൾ കെജ്രിവാൾ നേരിട്ടെത്തി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു സമര പരിപാടി. അധികാരത്തിലേറിയപ്പോൾ വൈദ്യുതിയുടെ കാര്യത്തിൽ ആദ്യം ചെയ്തത് അമിത ബില്ലുകൾ തടയുകയായിരുന്നു. വൈദ്യുതി നിരക്ക് കുറച്ചതിനൊപ്പം കൈയും കണക്കുമില്ലാതെ വൈദ്യുതി ബില്ലുകൾ വരുന്നത് നിയന്ത്രിച്ചുവെന്നും എ.എ.പി. അവകാശപ്പെടുന്നു. അപ്രഖ്യാപിത പവർ കട്ടിന് കടിഞ്ഞാണിടാനായിരുന്നു അധികാരത്തിലേറിയ കെജ്രിവാളിന്റെ അടുത്തശ്രമം. മുൻകൂട്ടി അറിയിക്കാതെ ഒരു മണിക്കൂറിലേറെ വൈദ്യുതി തടസ്സപ്പെട്ടാൽ വിതരണ കമ്പനികൾ പിഴയടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. അതിനാൽ ഏതെങ്കിലും ഭാഗത്ത് വൈദ്യുതി തടസ്സപ്പെടുമെങ്കിൽ മുൻകൂർ എസ്.എം.എസ്. വരാൻ തുടങ്ങി. ഇരുന്നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയ കഴിഞ്ഞവർഷത്തെ പ്രഖ്യാപനം ഏവരേയും ഞെട്ടിച്ചു. ഇരുന്നൂറ് മുതൽ 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നിരക്ക് പകുതിയാക്കുകയും ചെയ്തപ്പോൾ നഗരത്തിലെ ഭൂരിഭാഗം ഉപഭോക്താക്കളും പദ്ധതിയുടെ ഗുണഭോക്താക്കളായി. സ്ത്രീസുരക്ഷാ പദ്ധതികൾ തയ്യാറാക്കുമ്പോഴും എ.എ.പി. സർക്കാർ സൗജന്യങ്ങളെ വിട്ടുപിടിച്ചില്ല. ഡി.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കി. മെട്രോയിലും ഇതാലോചിച്ചെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല. രാത്രി സമയത്ത് ബസുകളിൽ സ്ത്രീസുരക്ഷയ്ക്കായി മാർഷർമാരെ നിയോഗിച്ചു. നഗരത്തിൽ വ്യാപകമായി സി.സി.ടി.വി. ക്യാമറകളും തെരുവുവിളക്കുകളും സ്ഥാപിച്ചത് സ്ത്രീസുരക്ഷ വർധിപ്പിച്ചുവെന്ന് സർക്കാർ അവകാശപ്പെടുന്നു. സൗജന്യ വൈ ഫൈ ഇന്റർനെറ്റ് പദ്ധതികളും സ്ത്രീസുരക്ഷയിൽ ഊന്നൽ നൽകിയാണ് നടപ്പാക്കിവരുന്നത്. നേട്ടമോ ബാധ്യതയോ? സൗജന്യ പദ്ധതികൾ ജനത്തിന് താത്കാലിക നേട്ടമുണ്ടാക്കുന്നുവെങ്കിലും ഖജനാവിന് വലിയ ബാധ്യത വരുത്തുമോയെന്നതാണ് പലരും ഉന്നയിക്കുന്ന ആശങ്ക. എന്നാൽ, അഴിമതിരഹിതഭരണം കൊണ്ട് വലിയ തുക മിച്ചം പിടിക്കാൻ സാധിക്കുന്നതായി കെജ്രിവാൾ അവകാശപ്പെടുന്നു. ഡൽഹിക്ക് വരുമാനമുണ്ടെന്നും അത് വേണ്ടവിധം ചെലവഴിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും സർക്കാർ പറയുന്നു. റിപ്പോർട്ട് കാർഡ് വിദ്യാഭ്യാസം:വിദ്യാഭ്യാസ ബജറ്റ് മൂന്ന് മടങ്ങാക്കി വർധിച്ചിച്ചു. മുൻപ് 6,600 കോടിയായിരുന്നത് 15,600 കോടി രൂപയാക്കി. സർക്കാർ സ്കൂളുകളിൽ പുതുതായി 20,000 ക്ലാസ് മുറികളുണ്ടാക്കി. സർക്കാർ സ്കൂളുകളിലെ റിസൾട്ട് മെച്ചപ്പെട്ടു. സ്വകാര്യ സ്കൂളുകളിലെ അമിത ഫീസ് നിയന്ത്രിച്ചു. ആരോഗ്യം:ആരോഗ്യ മേഖലയ്ക്ക് 13 ശതമാനം ബജറ്റ് വിഹിതം നീക്കിവെക്കുന്ന ഏക സംസ്ഥാനം. 400 മൊഹല്ല ക്ലിനിക്കുകൾ തുടങ്ങി. ലക്ഷ്യം 1000 ക്ലിനിക്കുകൾ. വൈദ്യുതി:മുഴുവൻ സമയവും തടസ്സമില്ലാതെ വൈദ്യുതി. ഇരുന്നൂറ് യൂണിറ്റ് വരെ സൗജന്യവൈദ്യുതി. തുടർന്ന് 400 യൂണിറ്റ് വരെ പകുതി ചാർജ്. വെള്ളം:പ്രതിമാസം ഒരു കുടുംബത്തിന് 20,000 ലിറ്റർ സൗജന്യ വെള്ളം. ഇക്കാരണത്താൽ ചുരുങ്ങിയത് 13 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ വാട്ടർ ബിൽ. നഗരത്തിലെ 93 ശതമാനം വീടുകളിലും പൈപ്പിലൂടെ വെള്ളമെത്തുന്നു. വികസനം:വാർഷിക ബജറ്റ് ഇരട്ടിയാക്കി. ഡൽഹിക്ക് വരുമാന മിച്ചമാണ്. സ്ത്രീസുരക്ഷ:ഒന്നര ലക്ഷത്തോളം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. രണ്ട് ലക്ഷം പുതിയ തെരുവുവിളക്കുകൾ. സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം. പൊതു ഗതാഗതം:4,300 പുതിയ ഡി.ടി.സി. ബസുകൾകൂടി വാങ്ങുന്ന പദ്ധതി. മെട്രോ പാത 173 കിലോമീറ്റർ കൂടി വ്യാപിച്ചു. എല്ലാ പൊതുഗതാഗതത്തിലും ഉപയോഗിക്കാവുന്ന കോമൺ മൊബിലിറ്റി കാർഡ് ഇറക്കി. സൗജന്യ വൈ-ഫൈ:നഗരത്തിൽ 11,000 വൈ- ഫൈ ഹോട്ട് സ്പോട്ടുകൾ ആറ് മാസത്തിനിടെ ആരംഭിച്ചു. അനധികൃത കോളനികൾ:അനധികൃത കോളനികളുടെ വികസനത്തിനായി 8,000 കോടി രൂപ ചെലവാക്കി. 1,281 അനധികൃത കോളനികളിൽ പുതിയ റോഡുകളും 1,130 കോളനികളിൽ ഓടകളും നിർമിച്ചു. വീട്ടുപടിക്കൽ സേവനം:വീട്ടുപടിക്കൽ സേവനമെത്തിക്കുന്ന പദ്ധതി 2.6 ലക്ഷം ജനങ്ങൾക്ക് ഉപകാരമായി. content highlights;kejrival election promises


from mathrubhumi.latestnews.rssfeed https://ift.tt/2RvNRnb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages