പനമരം: കൊല്ലിവയൽ നാലു സെന്റ് അംബേദ്കർ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വെള്ളം എത്തിക്കുന്നതിനായി ജലഅതോറിറ്റി സ്ഥാപിച്ച പൊതു ടാപ്പുകൾ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നതായി കോളനിവാസികൾ പരാതിപ്പെടുന്നു. പൊട്ടിയ ടാപ്പ് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല. കണിയാമ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന മൃഗാശുപത്രി കവലയിലെ കൊല്ലിവയൽ ആദിവാസി കോളനിക്കാരാണ് കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. 48 കുടുംബങ്ങളിൽ നിന്നായി 150 ലേറെ പേർക്ക് കുടിവെള്ളത്തിന് ഏക ആശ്രയം ജല അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളമാണ്. ഇതിനായി മൂന്ന് പൊതുടാപ്പുകൾ കോളനിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മദ്യപിച്ചെത്തുന്ന ചിലർ പൈപ്പ് പതിവായി പൊട്ടിക്കുകയാണെന്ന് കോളനിക്കാർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കമ്പളക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.കോളനിയിൽ രണ്ട് പൊതുകിണറാണുള്ളത്. ഇവയിൽ ഒന്ന് മാലിന്യം കലർന്ന് തീർത്തും ഉപയോഗ ശൂന്യമാണ്. ഒന്നിലാണെങ്കിൽ രണ്ട് റിങ് വെള്ളം മാത്രമാണുള്ളത്. വെള്ളം പമ്പ് ചെയ്താൽ പൊട്ടിയ പൈപ്പിനടിയിൽനിന്ന് വെള്ളം റോഡിലേക്ക് ഒഴുകും. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഈ ഒഴുകുന്ന വെള്ളം പാത്രത്തിൽ കോരി എടുത്താണ് കോളനിയിലെ ചില കുടുംബങ്ങൾ ഉപയോഗിക്കുന്നത്. അഴുക്കുചാലില്ലാത്തതിനാൽ അങ്കണവാടിയ്ക്ക് മുമ്പിൽ സ്ഥാപിച്ച പൈപ്പിലെ വെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. കോളനിയിലെ കുടിവെള്ളക്ഷാമം പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച പൊട്ടിയ പൈപ്പ് താത്‌കാലികമായി പൂട്ടുക മാത്രമാണ് ചെയ്തതെന്ന് പൂക്കോളി വിജയദേവി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2FjApgx
via
IFTTT
No comments:
Post a Comment