തിരുവനന്തപുരം : രാജ്യചരിത്രത്തില്‍ ആദ്യമായി, ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട് കേരളനിയമസഭയില്‍ പ്രമേയാവതരണനീക്കം. നിയമസഭയ്‌ക്കെതിരേ പരസ്യനിലപാടെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നു രാഷ്‌ട്രപതിയോട് അഭ്യര്‍ഥിക്കുന്ന പ്രമേയാവതരണത്തിനു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്‌പീക്കറുടെ അനുമതി തേടി. പ്രതിപക്ഷനേതാവിന്റെ ആവശ്യത്തെ "സ്വാഗതം ചെയ്‌താണു" ഗവര്‍ണര്‍ തിരിച്ചടിച്ചത്.
നിയമസഭയില്‍ 29-നു വായിക്കേണ്ട നയപ്രഖ്യാപനപ്രസംഗത്തിന്റെ കരടില്‍ പരാമര്‍ശിക്കുന്ന ചില വിഷയങ്ങളിലാണ് സര്‍ക്കാരിനോടു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കിയതും ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിലപാടും നയപ്രഖ്യാപനപ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ, നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതു ശരിയാണോയെന്നു രാജ്‌ഭവന്‍ നിയമോപദേശം തേടിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണു ഗവര്‍ണര്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയത്.
വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു സര്‍ക്കാര്‍നയമായി പ്രഖ്യാപിക്കുന്നതെന്നും അതില്‍ സംസ്‌ഥാനത്തിന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതു ശരിയാണോയെന്നുമാണു ഗവര്‍ണര്‍ ആരാഞ്ഞത്. കോടതിയലക്ഷ്യമായേക്കാവുന്ന വിഷയങ്ങള്‍ നയപ്രഖ്യാപനത്തില്‍ പരാമര്‍ശിക്കാമോയെന്നും രാജ്‌ഭവന്‍ പരിശോധിക്കുന്നു. ഗവര്‍ണര്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്‌തതയില്ല. മറുപടി നല്‍കേണ്ടെന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ ഭൂരിപക്ഷാഭിപ്രായം.
"ഗവര്‍ണറെ മാറ്റാന്‍ പ്രതിപക്ഷം സ്‌പീക്കര്‍ക്കു കത്ത് കൊടുത്തെന്നാണു മാധ്യമങ്ങള്‍ പറയുന്നത്. എന്നെ നിയമിച്ചതു രാഷ്‌ട്രപതിയാണ്. പരാതിയുണ്ടെങ്കില്‍ അറിയിക്കേണ്ടത് അദ്ദേഹത്തെയാണ്. ചില വിഷയങ്ങള്‍ പരിഗണനയ്‌ക്കുവരുമ്പോള്‍ ഗവര്‍ണര്‍ നിര്‍ദേശങ്ങള്‍ നല്‍കും. അതു സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലല്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടു ബഹുമാനമാണ്. എന്നാല്‍, സര്‍ക്കാര്‍ ഭരണഘടനാപരമായും നിയമപരമായും പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ട്. ഇത് എന്റെയും സര്‍ക്കാരാണ്. ഞങ്ങള്‍ രണ്ടല്ല"- ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്‌ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതു പ്രോട്ടോകോള്‍ ലംഘനമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടാലും അന്തിമതീരുമാനമെടുക്കേണ്ടതു മന്ത്രിസഭയാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്തു നിയമസഭാ സ്‌പീക്കറായിരുന്ന എം. വിജയകുമാറിന്റെ ഒരു റൂളിങ്ങും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 1997-ലെ നയപ്രഖ്യാപനപ്രസംഗത്തില്‍ കോടതിക്കു മുന്നിലുള്ള ഒന്നിലേറെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, അതില്‍ തെറ്റില്ലെന്നാണു സ്‌പീക്കര്‍ റൂളിങ് നല്‍കിയത്. ഈ സാഹചര്യത്തില്‍, പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നയപ്രഖ്യാപനത്തില്‍നിന്നു സര്‍ക്കാര്‍ ഒഴിവാക്കാനിടയില്ല. ഒഴിവാക്കിയില്ലെങ്കില്‍ ഗവര്‍ണറും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകും. നിയമസഭയില്‍ ഗവര്‍ണര്‍ സ്വന്തമായി അഭിപ്രായപ്രകടനം നടത്തുന്ന കീഴ്‌വഴക്കമില്ല. എതിര്‍പ്പുള്ള ഭാഗങ്ങള്‍ വായിക്കാതിരുന്നാലും നയപ്രഖ്യാപനത്തില്‍നിന്ന് അത് ഒഴിവാക്കിയതായികണക്കാക്കാനാവില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണ് 29-നു നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
സംസ്‌ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയില്‍ സര്‍ക്കാരിനെ തിരുത്താനുള്ള അധികാരം തനിക്കുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ മേല്‍ക്കൈ നേടാനുള്ള പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിതനീക്കത്തിനു മുന്നില്‍ സര്‍ക്കാര്‍ വെട്ടിലായി. പ്രമേയാവതരണ നോട്ടീസ് സംബന്ധിച്ച തുടര്‍നടപടി നിയമസഭാ സെക്രട്ടേറിയറ്റിന്റെ കാര്യോപദേശകസമിതി പരിഗണിക്കുമെന്നു സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ വ്യക്‌തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവര്‍ണര്‍ പരസ്യമായി എതിര്‍ത്തതില്‍ പ്രതിഷേധിച്ചാണു ചെന്നിത്തലയുടെ നീക്കം.
from mangalam.com https://ift.tt/30RauH8
via IFTTT
No comments:
Post a Comment