ന്യൂഡൽഹി: 'എന്റെ മകളെ കൊന്നവരെക്കുറിച്ച് അവരെന്താണ് പറയുന്നതെന്ന് എനിക്കറിയണമായിരുന്നു. എനിക്കൊന്നും പറയാനാകില്ലെങ്കിലും എല്ലാം കേൾക്കണമായിരുന്നു. അതുകൊണ്ടാണ് ഞാൻ ഒരുദിവസംപോലും മുടങ്ങാതെ കോടതിമുറികളിലെത്തിയത്' -മകളുടെ ഘാതകർക്ക് പരമാവധി ശിക്ഷകിട്ടുന്നത് ഉറപ്പാക്കാൻ കഴിഞ്ഞ ഏഴുവർഷവും കോടതികളിൽനിന്ന് കോടതികളിലേക്ക് മുടങ്ങാതെ കയറിയിറങ്ങിയ അമ്മയുടെ വാക്കുകൾ. ജനുവരി 22 എന്ന ദിവസത്തിനായാണ് ഇനി തന്റെ കാത്തിരിപ്പെന്ന് രാജ്യം മുഴുവൻ 'നിർഭയ' എന്ന് പേരിട്ടുവിളിച്ച പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഡൽഹി ദ്വാരകയിലെ വീട്ടിലിരുന്ന് 'മാതൃഭൂമി'യോട് സംസാരിക്കുമ്പോഴും ആശാദേവിയുടെ മനസ്സ് മറ്റൊരിടത്താണ്. ഇടയ്ക്കിടെ ഫോൺചെയ്ത് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. മറ്റൊന്നുമല്ല, തൂക്കുകയറിൽനിന്ന് രക്ഷപ്പെടാൻ തന്റെ മകളുടെ ഘാതകർ അവസാനവട്ടശ്രമങ്ങളെന്തെങ്കിലും നടത്തുന്നുണ്ടോ? ആരെങ്കിലും സുപ്രീംകോടതിയിൽ തിരുത്തൽഹർജി നൽകിയോ? ഇതുവരെയില്ലെന്ന മറുപടി ലഭിച്ചതിന്റെ ആശ്വാസത്തിൽ അവർ പിന്നെയും സംസാരിച്ചുതുടങ്ങി. “മകൾക്കായി രാജ്യം മുഴുവൻ തെരുവിലിറങ്ങിയെങ്കിലും ഞങ്ങൾക്കുറപ്പുണ്ടായിരുന്നില്ല നീതി ലഭിക്കുമെന്ന്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പലപ്പോഴും ആശങ്കതോന്നി. പട്യാല ഹൗസ് കോടതിയിൽ വർഷംമുഴുവനും ഞാൻ പോയി, ഒറ്റദിവസവും വിടാതെ. എല്ലാം ഞാൻ എന്റെ കണ്ണുകൊണ്ട് കാണാൻ ആഗ്രഹിച്ചു. ഏഴുവർഷം എനിക്ക് പ്രത്യേക അനുഭവമായിരുന്നു. നമ്മുടെ നാട്ടിൽ കേസുകൾ വൈകുന്നതെല്ലാം പ്രതികൾക്കാണ് ഗുണമെന്ന് എനിക്ക് തോന്നുന്നു.” വിചാരണക്കോടതിയിൽ ഒരുവർഷമെടുത്ത കേസ് സുപ്രീംകോടതിയിൽ മൂന്നുവർഷത്തോളം നീണ്ടുപോയി. സുപ്രീംകോടതിയുടെ വധശിക്ഷാതീർപ്പുവന്ന് രണ്ടരവർഷം കഴിഞ്ഞിട്ടും ഘാതകർ ഇപ്പോഴും ജീവനോടെയിരിക്കുന്നു. ഇക്കാലത്തിനിടയിൽ ജയിൽ അധികൃതരോ കോടതിയോ സർക്കാരോ ആരുംതന്നെ, ഇവരെ എപ്പോൾ തൂക്കിക്കൊല്ലണമെന്ന തീരുമാനമെടുത്തില്ല. “സർക്കാരും പോലീസും ചെയ്യേണ്ട ജോലികൾ ഞങ്ങൾക്ക് ചെയ്യേണ്ടിവന്നു. എന്നിട്ടാണ് മരണവാറന്റിന്റെ ഉത്തരവുണ്ടായത്. പലരും പറഞ്ഞു, പ്രതികൾക്ക് മനുഷ്യാവകാശമുണ്ടെന്ന്. അവർ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. അവരുടെ ഒരപേക്ഷപോലും എവിടെയും ബാക്കിയില്ലെന്ന് വ്യക്തമായിട്ടാണ് കോടതി കഴിഞ്ഞദിവസം മരണവാറന്റയച്ചത്. പ്രതി മുകേഷിന്റെ അമ്മയും എന്നോടുപറഞ്ഞു മകന് മാപ്പുനൽകണമെന്ന്. അവരുടെ കണ്ണീരുകാണണമെന്ന്. കഴിഞ്ഞ ഏഴുകൊല്ലമായി മകളെയോർത്ത് ഞാനൊഴുക്കുന്ന കണ്ണീരിന് എന്താണ് വ്യത്യാസമെന്ന് ഞാൻ ചോദിച്ചു. ഓരോ ദിവസവും മകളുടെ നീതിക്കായി പ്രാർഥിച്ചുകൊണ്ടിരിക്കയാണ്. എന്നാൽ, ജനുവരി 22-ന് രാവിലെ ഏഴിന് മകളുടെ നാല് ഘാതകരെയും തൂക്കിലേറ്റുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ ആലോചിച്ചിട്ടില്ല” -അവർ പറഞ്ഞുനിർത്തി. Content Highlights:Nirbhayas Mother
from mathrubhumi.latestnews.rssfeed https://ift.tt/2sb4rAg
via
IFTTT
No comments:
Post a Comment