മരടിലെ ഫ്ളാറ്റുകൾ മണ്ണടിയാൻ മൂന്നുദിവസം മാത്രം ബാക്കിയിരിക്കെ ആശങ്കകളകറ്റാൻ ഒരു ചെന്നൈ കഥ. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് രാജ്യത്തെ ആദ്യ നിയന്ത്രിത സ്ഫോടനത്തിലൂടെ ബഹുനിലക്കെട്ടിടം തകർക്കൽ ചെന്നൈയിലായിരുന്നു. മൗലിവാക്കത്തെ 11 നില ഫ്ളാറ്റ് സമുച്ചയം നിലംപൊത്തിയത് വെറും മൂന്നു സെക്കൻഡിൽ. ഫ്ളാറ്റിനൊപ്പം അന്ത്യം കുറിച്ചത് രണ്ടരവർഷം നീണ്ട കേസും കോടതി കയറ്റവും കൂടിയായിരുന്നു. 2016 നവംബർ രണ്ടിന് വൈകീട്ട് 6.55-നാണ് മൗലിവാക്കത്തെ ഫ്ളാറ്റ് സമുച്ചയം തകർത്തത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മധുരയിലെ സൃഷ്ടി ഹൗസിങ് കമ്പനി നിർമിച്ച ട്രസ്റ്റ്, ബിലീഫ് എന്നീ പേരുകളിലുള്ള ഫ്ളാറ്റിൽ ഒന്ന് 2014 ജൂണിൽ തകർന്നുവീണ് 61 പേർ മരിച്ചതിനെത്തുടർന്നാണ് രണ്ടാം ഫ്ളാറ്റിൽ പരിശോധന നടന്നത്. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ടത്. സ്ഫോടനസമയം പ്രദേശത്ത് പൊടിപടലം മൂടിയതും ചെറിയ കുലുക്കവുമുണ്ടായതൊഴിച്ചാൽ മറ്റ് അപായങ്ങൾ ഒന്നുമുണ്ടായില്ല. ചെന്നൈ മെട്രൊപൊളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി (സി.എം.ഡി.എ)യും കാഞ്ചീപുരം ജില്ലാ ഭരണകൂടവും വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. 100 മീറ്റർ ചുറ്റളവിലുള്ളവരെ മുഴുവനായും മാറ്റിപ്പാർപ്പിച്ചു. അടിയന്തരഘട്ടം തരണംചെയ്യാൻ അഗ്നിശമനസേനാവിഭാഗങ്ങളും ആംബുലൻസുമൊക്കെ സജ്ജമായിരുന്നു. സമീപപ്രദേശത്തെ വിദ്യാലയങ്ങൾക്ക് രണ്ടുദിവസം അവധി നൽകി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയിൽ കെട്ടിടം തകർക്കാനായിരുന്നു തീരുമാനമെങ്കിലും സാങ്കേതിക തടസ്സംകാരണം വൈകീട്ടത്തേക്ക് നീണ്ടു. ഈ സമയം നഗരത്തിന്റെ നെഞ്ചിടിക്കുകയായിരുന്നു. ഇംപ്ളോഷൻ സാങ്കേതികതയാണ് കെട്ടിടം തകർക്കാൻ ഉപയോഗിച്ചത്. തിരുപ്പൂരിലെ മാഗ്ലിങ് ഇൻഫ്ര പ്രൊജക്ട് എന്ന കമ്പനിക്കായിരുന്നു കരാർ. ഫ്ളാറ്റ് സമുച്ചയത്തിനു സമീപം സ്കൂളും വീടുകളും കടകളുമുണ്ടായിരുന്നു. സമീപത്തെ റോഡുകളിലൂടെ ധാരാളം വാഹനങ്ങൾ സഞ്ചരിക്കാറുണ്ടായിരുന്നു. Content Highlights:flat demolition
from mathrubhumi.latestnews.rssfeed https://ift.tt/2N394U0
via
IFTTT
No comments:
Post a Comment