വയനാട്: കര്‍ണാടകയിലെ നാഗര്‍ഹോള വന്യജീവി സങ്കേതത്തില്‍ കാന്തികമല പ്രതിഭാസം. ഉരുണ്ട വസ്തുക്കള്‍ ഗുരുത്വാകര്‍ഷണ ബലത്തിനു വിപരീതമായി തനിയെ ഉരുണ്ടു കയറ്റം കയറുന്ന പ്രതിഭാസം അടുത്തിടെ കണ്ടെത്തിയത് മലയാളി യുവാക്കള്‍. തെക്കേ ഇന്ത്യയില്‍ ആദ്യമായാണു കാന്തികമല പ്രതിഭാസം കണ്ടെത്തുന്നത്.
കോടഞ്ചേരി സ്വദേശികളായ മണ്ണേക്കാട്ട് എം. ജീവസ്, ഏഴക്കരനാട്ട് താന്നിക്കാപൊയ്കയില്‍ ടി.കെ. ജോണ്‍സണ്‍ എന്നിവരാണ് ഈ മാസമാദ്യം നടത്തിയ കര്‍ണാടക യാത്രയില്‍ കാന്തികപ്രതിഭാസം അനുഭവിച്ചറിഞ്ഞത്. മാനന്തവാടിയില്‍നിന്നു കുട്ട- നാഗര്‍ഹോള വഴിക്കുള്ള യാത്രയില്‍ കുട്ട ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് നാഗര്‍ഹോള വനമേഖലയിലേക്ക് പ്രവേശിച്ച് രണ്ടു കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് കാന്തികമല പ്രതിഭാസം കണ്ടെത്തിയത്.
റോഡരുകിലെ ചതുപ്പില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്തിനെ കണ്ട് ഇറക്കത്തില്‍ ന്യൂട്രലാക്കി നിറുത്തിയ കാര്‍ തനിയെ പിന്നോട്ടുരുണ്ട് കയറ്റം കയറിയപ്പോള്‍ ജീവസും ജോണ്‍സണും അമ്പരന്നു. പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇവരുടെ സുഹൃത്തുക്കളും ഈ റൂട്ടില്‍ കാറുമായി യാത്ര ചെയ്തു. കയറ്റത്തില്‍ പുറകോട്ട് തനിയെ നീങ്ങാന്‍ തുടങ്ങിയ കാര്‍ 10 കിലോമീറ്റര്‍ വരെ സ്പീഡിലെത്തി വനത്തിലെ ഹമ്പ് ചാടിക്കടക്കുകയും ചെയ്തു.
ഒമാനില്‍ ജോലി ചെയ്യുന്ന ജീവസും ജോണ്‍സനും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. ഒമാനിലെ കാന്തികമല പ്രതിഭാസമുള്ള സ്ഥലം പരിചയമുള്ളതിനാല്‍ നാഗര്‍ഹോള വനത്തിലെ പ്രതിഭാസം പെട്ടന്ന് തന്നെ മനസിലായെന്ന് ജീവസ് പറഞ്ഞു. ഒമാന്‍ സലാലയിലെ കാന്തികമല പ്രദേശം ലോകപ്രശസ്തമാണ്.
എന്താണ് കാന്തിക മല പ്രതിഭാസം?
പ്രതിഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി വസ്തുക്കള്‍ തനിയെ കയറ്റം കയറുന്ന പ്രതിഭാസം ഗ്രാവിറ്റി ഹില്‍, മാഗ്നറ്റിക് ഹില്‍, മിസ്റ്ററി ഹില്‍, മിസ്റ്ററി സ്‌പോട്ട്, ഗ്രാവിറ്റി റോഡ് എന്നൊക്കെയാണ് അറിയപ്പെടുന്നത്. മലമുകളിലുള്ള ശക്തമായ കാന്തിക പ്രഭാവമാണ് ഇത്തരം പ്രതിഭാസത്തിനു കാരണമെന്നാണ് ശാസ്ത്രീയമായ വിശദീകരണം.
പ്രേതബാധയുള്ള സ്ഥലമായി ആളുകള്‍ വിശേഷിപ്പിക്കാറുണ്ട്. ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് ഭൂഗുരുത്വം. ഭൂഗുരുത്വം കൊണ്ട് ഒരു വസ്തുവിന് അനുഭവപ്പെടുന്നബലമാണ് ഭൂഗുരുത്വബലം. ഇതാണ് വസ്തുവിന്റെ ഭാരം. ഐസക് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമ പ്രകാരം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പരം ആകര്‍ഷിക്കുന്നു. ഇതിന് നേരേ വിപരീതമായാണ് കാന്തികമല പ്രതിഭാസം.
ഗുരുത്വാകര്‍ഷണ നിയമം പ്രകാരം ഇറക്കത്തില്‍ ന്യൂട്രല്‍ ഗിയറില്‍ നിറുത്തിയിടുന്ന വാഹനം താഴേക്കാണ് ഉരുളേണ്ടത്. ഇതിനു പകരം കാന്തികമല പ്രദേശത്ത് വാഹനങ്ങള്‍ തനിയെ പുറകോട്ട് കയറ്റം കയറും. ഇത്തരം പ്രദേശത്ത് വെള്ളം ഒഴിച്ചാലും മുകളിലോട്ട് ഒഴുകും. വിശദീകരിക്കാന്‍ പറ്റാത്ത വിസ്മയമായും ആളുകള്‍ കാന്തികമല പ്രതിഭാസത്തെ വിശേഷിപ്പിക്കാറുണ്ട്.
ഇന്ത്യയില്‍ നാല് സ്ഥലങ്ങളില്‍
കാന്തികമല പ്രതിഭാസം സ്ഥരീകരിച്ചിരിക്കുന്നത് ഇന്ത്യയില്‍ നാല് സ്ഥലങ്ങളിലാണ്; മഹാരാഷ്ട്ര, ഛത്തീസ്ഘട്ട്, ഗുജറാത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലും. നിരവധി വിദേശരാജ്യങ്ങളിലും ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2RG54dQ
via IFTTT
No comments:
Post a Comment