തിരുവനന്തപുരം: സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നുപോകുന്നതിനിടെ നികുതിപിരിവ് നിശ്ചലമാക്കി ജി.എസ്.ടി. വകുപ്പ് ജീവനക്കാരുടെ തമ്മിലടി. വാറ്റ് നികുതി കുടിശിക പിരിച്ചെടുക്കാനായി സൃഷ്ടിച്ച സോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പിന്നില്‍. തര്‍ക്കം ഉടനടി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ നികുതിവരുമാനം ലഭിക്കേണ്ട ക്രിസ്മസ്- പുതുവത്സരവേളയില്‍ സര്‍ക്കാരിന് കൂടുതല്‍ നഷ്ടമുണ്ടാകും.
സോഫ്റ്റ്‌വേര്‍വഴി തയാറാക്കിയ വാറ്റ് കുടിശികയുടെ നോട്ടീസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതോടെ നോട്ടീസ് അയച്ചവര്‍ക്കെതിരേ നടപടിയെടുപ്പിച്ച് തടിതപ്പാന്‍ ഉന്നത ഉദ്യോഗസ്ഥരും സോഫ്റ്റ്‌വേര്‍ തയാറാക്കിയതു തന്നെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് മറുപക്ഷവും രംഗത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥതലത്തിലെ ശീതയുദ്ധം മുറുകിയത്. നോട്ടീസ് അയച്ചതിനു ജി.എസ്.ടി. വകുപ്പിലെ ടാക്‌സ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാണ് ഉന്നതതലത്തിലുള്ള ചിലരുടെ നിര്‍ദേശം. എന്നാല്‍ തങ്ങളെ ബലിയാടാക്കി തടിതപ്പാനുള്ള ഉന്നതഉദ്യോഗസ്ഥരുടെ നീക്കം അംഗീകരിക്കില്ലെന്നാണു മറുപക്ഷം പറയുന്നത്.
വാറ്റ്‌നികുതി കുടിശിക പിരിക്കാനായി സോഫ്റ്റ്‌വേറിനു രൂപം നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. ഉന്നത ഉദ്യോഗസ്ഥരാണ് പിന്നില്‍. നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രയോജമുണ്ടാകില്ലെന്നും അറിഞ്ഞുകൊണ്ടാണ് സോഫ്റ്റ്‌വേര്‍ വഴി നോട്ടീസ് നല്‍കിയത്. സോഫ്റ്റ്‌വേറിനായി എട്ടുകോടി രൂപ ചെലവഴിച്ചു. അതെന്തിനെന്ന് അന്വേഷിക്കണം. കിട്ടാനുള്ള തുക പെരുപ്പിച്ചു കാട്ടി എ.ജിക്ക് കണക്കുനല്‍കി.
ഉന്നതഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കണമെന്ന കര്‍ശനവ്യവസ്ഥ ഉണ്ട്. അതാണ് നോട്ടീസ് അയച്ചപ്പേള്‍ ഉന്നതരുടെ നിര്‍ദേശം പാലിച്ചത്. അതിന്റെ പേരില്‍ തങ്ങളെ ക്രൂശിക്കാനാണ് ശ്രമമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പും മറുപക്ഷം നല്‍കുന്നു. നികുതി പിരിവുമായി ബന്ധപ്പെട്ട നടപടികള്‍ പ്രധാനമായും സ്വീകരിക്കേണ്ടത് അസിസ്റ്റന്റ് കമ്മിഷണര്‍മാരും ടാക്‌സ് ഓഫീസര്‍മാരുമാണ്.
ഇവരാണ് റെയ്ഡുകള്‍ നടത്തേണ്ടതും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കേണ്ടതും റിട്ടേണുകള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടതും. ഇവരെ അസംതൃപ്തരാക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് നികുതിവരുമാനത്തെ സാരമായി ബാധിക്കുമെന്ന് ധനവകുപ്പിന് റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/368xmmN
via IFTTT
No comments:
Post a Comment