പാരീസ്: കാല്‍പ്പന്തുകളിയിലെ കനകസിംഹാസനം അരക്കിട്ടുറപ്പിച്ച്‌് സ്‌പാനിഷ്‌ക്ല ബ് ബാഴ്‌സലോണയുടെ അര്‍ജന്റീനാ താരം ലയണല്‍ മെസി. മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരത്തിനു പിന്നാലെ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ 2018-19-ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും അക്കൗണ്ടിലെത്തിച്ചതോടെ ഫുട്‌ബോള്‍ 'മിശിഹ'യ്‌ക്ക് ഇരട്ടിമധുരം. ഇത് ആറാം വട്ടമാണു മെസി ബാലണ്‍ ഡി ഓര്‍ കരസ്‌ഥമാക്കുന്നത്. ഇതോടെ താനുമായി നേട്ടം പങ്കിട്ടിരുന്ന സ്‌ഥിരം എതിരാളി പോര്‍ച്ചുഗലിന്റെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ ഒരടി പിന്നിലാക്കാനും ഈ പത്താം നമ്പറുകാരനായി. ഏറ്റവും കൂടുതല്‍വട്ടം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ താരമെന്ന ഖ്യാതി ഇനി മെസിക്കു മാത്രം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്‌ക്ല ബ് ലിവര്‍പൂളിനായി ബൂട്ടുകെട്ടുന്ന ഹോളണ്ട് പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡെയ്‌ക്കിനെയാണു മെസി ഇത്തവണ പിന്നിലാക്കിയത്. പോര്‍ച്ചുഗല്‍ ക്യാപ്‌റ്റനും ഇറ്റാലിയന്‍ക്ല ബ് യുവന്റസ് താരവുമായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ സെനഗല്‍ സ്‌ട്രൈക്കര്‍ സാദിയോ മാനേ, ലിവര്‍പൂളിന്റെ തന്നെ ഈജിപ്‌ത് താരം മുഹമ്മദ് സലാ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്‌ഥാനങ്ങളില്‍. കഴിഞ്ഞവര്‍ഷത്തെ ജേതാവ് റയാല്‍ മാഡ്രിഡിന്റെ ക്ര?യേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച് മെസിക്കു പുരസ്‌കാരം സമ്മാനിച്ചു.
മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ ക്യാപ്‌റ്റന്‍ മേഗന്‍ റപീനോ കരസ്‌ഥമാക്കി. രണ്ടാംവട്ടമാണ് റപീനൊയുടെ നേട്ടം. ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി ലിവര്‍പൂളിന്റെ ഗോള്‍വല കാക്കുന്ന ബ്രസീല്‍താരം അലിസണ്‍ ബക്കറും യുവതാരത്തിനുള്ള കോപ്പ ട്രോഫി ഹോളണ്ട് യുവതാരം മത്യാസ് ഡിലൈറ്റും നേടി.ക്ല ബ് ഫുട്‌ബോളില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം യുവന്റസിലാണ് ഇരുപതുകാരനായ ഡിലൈറ്റ് കളിക്കുന്നത്.
നാലു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് മെസി ബാലണ്‍ ഡി ഓര്‍ പട്ടത്തിന് അര്‍ഹനാകുന്നത്. 2015-ലായിരുന്നു ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 2009-ല്‍ ആദ്യമായി ബാലണ്‍ ഡി ഓറില്‍ മുത്തമിട്ട മെസി 2010, 2011, 2012 വര്‍ഷങ്ങളിലും ജേതാവായി. കഴിഞ്ഞവട്ടം ആദ്യ മൂന്നു സ്‌ഥാനങ്ങളിലെത്താന്‍ കഴിയാതിരുന്നതിന്റെ കോട്ടം തീര്‍ത്താണ് അര്‍ജന്റീന ദേശീയടീം ക്യാപ്‌റ്റന്റെ പുരസ്‌കാര നേട്ടം. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ മൂന്നാമതെത്തിച്ചതും സ്‌പാനിഷ് ലാലിഗയില്‍ ഗോള്‍വേട്ട നടത്തി ബാഴ്‌സലോണയെ കിരീടമുയര്‍ത്താന്‍ സഹായിച്ചതുമാണ് മെസിയെ ആറാം തമ്പുരാന്‍പട്ടം സ്വന്തമാക്കാന്‍ സഹായിച്ചത്.
from mangalam.com https://ift.tt/2RjNVrM
via IFTTT
No comments:
Post a Comment