തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനുള്ള റിയൽ എസ്റ്റേറ്റ് െറഗുലേറ്ററി അതോറിറ്റി(റെറ) ജനുവരി ഒന്നിന് പൂർണതോതിൽ പ്രവർത്തനം തുടങ്ങും. എട്ടോ അതിൽ കൂടുതലോ വരുന്ന ഫ്ളാറ്റുകൾ, വില്ലകൾ, വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണങ്ങൾ, പ്ലോട്ട് തിരിച്ചുള്ള ഭൂമിവിൽപ്പന തുടങ്ങിയവയ്ക്കെല്ലാം അതോടെ രജിസ്ട്രേഷൻ നിർബന്ധമാകുമെന്ന് റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. പ്രോജക്ടുകൾ വാങ്ങുന്നവർക്കും നിയമപരിരക്ഷ ഉറപ്പാകുമെന്നതിനാൽ നിശ്ചിതസമയത്ത് ഫ്ളാറ്റ് നിർമിച്ചുനൽകാത്തതടക്കം നിർമാതാക്കളുടെ കരാർ ലംഘനങ്ങൾക്കെതിരേ ഗുണഭോക്താക്കൾക്കും അതോറിറ്റിയെ സമീപിക്കാം. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത പദ്ധതികൾ ഇനിമുതൽ വിൽക്കാനാവില്ല. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിക്ക് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാം. അതേസമയം വീടുവിൽപ്പന, ഫ്ളാറ്റുകളുടെ രണ്ടാമതുള്ള വിൽപ്പന, സ്വന്തം ഭൂമിയിൽ കടമുറികൾ നിർമിച്ച് വാടകയ്ക്കുനൽകൽ (വാണിജ്യ സമുച്ചയങ്ങളൊഴികെ) തുടങ്ങിയവയൊന്നും റെറയുടെ പരിധിയിൽ വരില്ല. നിർമാണത്തിലുള്ളതും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും വരാൻപോകുന്ന പദ്ധതികളും 'റെറ'യിൽ രജിസ്റ്റർചെയ്യണം. നിർത്തിെവച്ച പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നവ എന്ന ഗണത്തിൽപ്പെടുത്തി രജിസ്റ്റർചെയ്യണം. അനുമതിക്കനുസരിച്ച് നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണോ നിർമാണമെന്ന കാര്യങ്ങൾ പരിശോധിച്ച് സുതാര്യത ഉറപ്പാക്കും. ബാങ്കുകളിൽനിന്ന് വായ്പലഭിക്കാനടക്കം റെറ രജിസ്ട്രേഷൻ നിർബന്ധമാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പരസ്യപ്പെടുത്തി ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാകില്ല. ഫ്ളാറ്റുകളുടെയും അപ്പാർട്ട്മെന്റുകളുടെയും ബിൽറ്റ് ഏരിയ, കാർപ്പറ്റ് ഏരിയ, പാർക്കിങ് ഇടം, ഗാരേജ് തുടങ്ങിയവയെല്ലാം റെറയിൽ പ്രത്യേകം നിർവചിച്ചിട്ടുണ്ട്. പുതിയ ഫ്ളാറ്റുകളുടെ പാർക്കിങ് സ്ഥലം വിൽക്കുന്നതിനും വ്യവസ്ഥയുണ്ട്. അമ്പതുശതമാനം ഫ്ളാറ്റുകൾ വിൽപ്പനക്കരാർ ഉറപ്പിച്ചാൽ വാങ്ങിയവരെച്ചേർത്ത് അസോസിയേഷൻ രൂപവത്കരിക്കുകയും പൊതു ഉപയോഗത്തിനുള്ള സ്ഥലങ്ങൾ സംബന്ധിച്ച് മാർഗരേഖയുണ്ടാക്കേണ്ടതും നിർമാതാക്കളുടെ ഉത്തരവാദിത്വമാണ്. ഗുണഭോക്താക്കളിൽനിന്ന് മുൻകൂർ വാങ്ങുന്ന തുകയിൽ 70 ശതമാനം പദ്ധതി കൈമാറുന്നതുവരെ പ്രത്യേക നിക്ഷേപമായി സൂക്ഷിക്കണം. ഫ്ളാറ്റുകളുടെയും മറ്റും ബിൽഡർമാരുടെയും െഡവലപ്പർമാരുടെയും പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും റെറയ്ക്ക് അധികാരമുണ്ട്. വൈകാതെ രജിസ്ട്രേഷനും പരാതി സ്വീകരിക്കലുമെല്ലാം പൂർണമായും ഓൺലൈനാക്കും. പരാതി നൽകാനുള്ള അപേക്ഷാഫോറം ഇപ്പോൾ rera.kerala.gov.in എന്ന വെബ്സൈറ്റിൽ കിട്ടും. പദ്ധതികൾക്ക് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മൂന്നുമാസത്തിനകം രജിസ്റ്റർചെയ്ത് നൽകണമെന്നാണ് ചട്ടം. അതോറിറ്റി അംഗം പ്രീത മേനോനും പത്രസമ്മേളനത്തിൽ പങ്കെടുത്തു. content highlights:mandatory registration for flats
from mathrubhumi.latestnews.rssfeed https://ift.tt/38L6J9H
via
IFTTT
No comments:
Post a Comment