കട്ടക്ക്: വെസ്‌റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനം നാല് വിക്കറ്റിനു ജയിച്ചതോടെ ഇന്ത്യ 2-1 നു പരമ്പര നേടി.
ആദ്യം ബാറ്റ് ചെയ്‌ത വെസ്‌റ്റിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 315 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ എട്ട് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ബാറ്റിങ് തകര്‍ച്ചയ്‌ക്കിടെയും പൊരുതിയ നായകന്‍ വിരാട് കോഹ്ലി (81 പന്തില്‍ 85), രവീന്ദ്ര ജഡേജ (31 പന്തില്‍ നാല് ഫോറുകളടക്കം പുറത്താകാതെ 39), ശാര്‍ദൂല്‍ ഠാക്കൂര്‍ (ആറ് പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 17) എന്നിവര്‍ ഇന്ത്യയുടെ ജയം ഉറപ്പാക്കി. ശ്രേയസ് അയ്യര്‍ (ഏഴ്), ഋഷഭ് പന്ത് (ഏഴ്), കേദാര്‍ ജാദവ് (ഒന്‍പത്) എന്നിവരെ പുറത്താക്കി വിന്‍ഡീസ് പരമ്പര നേട്ടത്തിലേക്കു കുതിച്ച ഘട്ടത്തിലാണു കോഹ്ലിയും സംഘവും ചെറുത്തുനിന്നത്. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും (89 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 77) രോഹിത് ശര്‍മയും (63 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 63) ഇന്ത്യക്കു മികച്ച തുടക്കം നല്‍കി. ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെയാണ് ഇന്ത്യയെ തോല്‍വിയെ മുഖാമുഖം കണ്ടത്.
47 ാം ഓവറില്‍ കോഹ്ലി പുറത്തായതു വിന്‍ഡീസിന്റെ ജയപ്രതീക്ഷകള്‍ ഉണര്‍ത്തി. ശാര്‍ദൂല്‍ ഠാക്കൂറും ജഡേജയും ആത്മവിശ്വാസത്തോടെ ബാറ്റുവീശിയതോടെ ഇന്ത്യ അനായാസം ജയിച്ചു കയറി. ഓപ്പണിങ് വിക്കറ്റില്‍ രാഹുലും രോഹിത് ശര്‍മയും പടുത്തുയര്‍ത്തിയ 122 റണ്‍ കൂട്ടുകെട്ട് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. 22 -ാം ഓവര്‍ വരെ കാത്ത ശേഷമാണു വിന്‍ഡീസിന് ആദ്യ വിക്കറ്റെടുക്കാനായത്. വിന്‍ഡീസിനു വേണ്ടി കീമാ പോള്‍ മൂന്നു വിക്കറ്റെടുത്തു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നികോളാസ് പൂരന്‍ (64 പന്തില്‍ മൂന്ന് സിക്‌സറും 10 ഫോറുമടക്കം 89), നായകന്‍ കെയ്‌റോണ്‍ പൊള്ളാഡ് (51 പന്തില്‍ ഏഴ് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 74) എന്നിവരുടെ മികവിലാണു 300 കടന്നത്. ഫീല്‍ഡിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ നിറംമങ്ങി. ഒന്‍പതാം ഓവറില്‍ എവിന്‍ ലൂയിസ് നല്‍കിയ ക്യാച്ച് രവീന്ദ്ര ജഡേജ വിട്ടുകളഞ്ഞു. ലൂയിസ് വ്യക്‌തിഗത സ്‌കോര്‍ 12 ല്‍ നില്‍ക്കേയായിരുന്നു അത്. അരങ്ങേറ്റക്കാരന്‍ നവദീപ് സെയ്‌നിയായിരുന്നു ബൗളര്‍. 25-ാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഹിംറോണ്‍ ഹിറ്റ്‌മീറിനെയും വിട്ടുകളഞ്ഞു.
രവീന്ദ്ര ജഡേജയായിരുന്നു ബൗളര്‍. ഒന്‍പത് റണ്ണെടുത്തു നില്‍ക്കേ ജീവന്‍ കിട്ടിയ ഹിറ്റ്‌മീര്‍ 33 പന്തില്‍ 37 റണ്ണുമായാണു മടങ്ങിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ റോസ്‌റ്റണ്‍ ചാസ് നല്‍കിയ ക്യാച്ചും പന്ത് നിലത്തിട്ടു. അവസാന ഓവറുകളില്‍ പൂരനും പൊള്ളാഡും ആഞ്ഞുവീശിയതോടെയാണ് വിന്‍ഡീസ് 300 കടന്നത്. 45 -ാം ഓവര്‍ വരെ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു കളി. നാലിന് 238 റണ്‍സെടുത്ത നിലയില്‍ പരുങ്ങി നില്‍ക്കുകയായിരുന്നു സന്ദര്‍ശക ടീം. അവസാന അഞ്ചോവറില്‍ ചിത്രം മാറി.
48 -ാം ഓവറില്‍ പൂരനെ ഠാക്കൂര്‍ പുറത്താക്കിയതോടെ പൊള്ളാഡ് ഗിയര്‍ മാറ്റി. വിന്‍ഡീസ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും ഷായി ഹോപ്പും സാവധാനമാണു റണ്ണെടുത്തത്. തുടക്കത്തിലെ ഇരുവരും വിക്കറ്റു കളയാതിരിക്കാനാണു ശ്രദ്ധിച്ചത്. 15 -ാം ഓവറില്‍ ആദ്യ വിക്കറ്റ് വീണു. 50 പന്തില്‍ 21 റണ്ണെടുത്ത ലൂയിസിനെ ജഡേജ മടക്കി. ശേഷമെത്തിയ റോസ്‌റ്റണ്‍ ചാസും റണ്ണെടുക്കാന്‍ തിടുക്കം കാണിച്ചില്ല. അര്‍ധ സെഞ്ചുറിക്ക് എട്ടു റണ്‍ അകലെ ഹോപ്പിനെ ഷമി പുറത്താക്കി. ചാസിനെ പുറത്താക്കി സെയ്‌നി ഏകദിനത്തിലെ കന്നി വിക്കറ്റ് കുറിച്ചു. ഹിറ്റ്‌മീറിനെയും സെയ്‌നിയാണു പുറത്താക്കിയത്‌്. സെയ്‌നി രണ്ടു വിക്കറ്റും ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. വിരാട് കോഹ്ലി മത്സരത്തിലെയും രോഹിത് ശര്‍മ പരമ്പരയിലെയും താരമായി.
from mangalam.com https://ift.tt/2sQC5ey
via IFTTT
No comments:
Post a Comment