മുംബൈ: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്കുപേടിയാണെന്നും ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞതിനുപിന്നാലെ കേന്ദ്രസർക്കാരിനെതിരേ ബയോകോൺ എം.ഡി. കിരൺ മജൂംദാർ ഷായും. വിമർശനങ്ങൾ കേൾക്കാൻ സർക്കാർ താത്പര്യപ്പെടുന്നില്ലെന്ന് അവർ ‘ട്വിറ്ററി’ൽ കുറിച്ചു.“രാജ്യത്തെ ഉപഭോഗവും സാമ്പത്തികവളർച്ചയും വീണ്ടെടുക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ ഇന്ത്യയിലെ കമ്പനികളോടുചേർന്നു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ ഞങ്ങളെ താഴ്ന്നവരായാണ് കണ്ടത്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരുവിമർശനവും അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല” -അവരുടെ കുറിപ്പിൽ പറയുന്നു.അതേസമയം, രാഹുൽ ബജാജിന്റെ മകനും ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടറുമായ രാജീവ് ബജാജ് അച്ഛന്റെ നടപടിയോട് വിയോജിച്ചു. “രാഹുൽ ബജാജ് അസാമാന്യ ധൈര്യശാലിയാണ്. അതിനെ ബഹുമാനിക്കുന്നു. ആളുകൾ അദ്ദേഹത്തിന്റെ ആരാധകരാകുന്നത് ഈ സ്വഭാവംകൊണ്ടാണ്. എന്നാൽ, കോർപ്പറേറ്റ് മികവ് ആഘോഷിക്കുന്ന ഒരുവേദിയിൽ ഇത്തരമൊരു വിഷയം ഉന്നയിച്ചതിന്റെ സാംഗത്യത്തിൽ വ്യക്തിപരമായി സംശയമുണ്ട്” -രാജീവ് ബജാജ് പറഞ്ഞു. വ്യവസായലോകത്തുനിന്ന് ആരും രാഹുൽ ബജാജിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരും അകന്നുനിന്ന് ആസ്വദിക്കുകയാണെന്നും രാജീവ് പറഞ്ഞു.വിമർശനമാകാം, രാജ്യതാത്പര്യത്തെ മുറിപ്പെടുത്തരുതെന്ന് ധനമന്ത്രിന്യൂഡൽഹി: രാഹുൽ ബജാജിന്റെ വിമർശനമുയർത്തി ലോക്‌സഭയിൽ സർക്കാരിനെ നേരിട്ട് പ്രതിപക്ഷം. വ്യവസായികൾക്കിടയിലുള്ള ഭീതിയാണ് രാഹുൽ ബജാജ് ഉന്നയിച്ചതെന്ന് ശിവസേനാംഗം അരവിന്ദ് സാവന്ത് പറഞ്ഞു. വ്യവസായികളുടെയടക്കം എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേൾക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും വ്യവസായപ്രമുഖർക്ക് സർക്കാരിനോടു സംസാരിക്കാൻ വിലക്കില്ലെന്നും ധനമന്ത്രി നിർമലാ സീതാരാമൻ മറുപടി നൽകി. വിമർശനം സർക്കാരിനിഷ്ടമാണ്. എന്നാൽ, രാജ്യതാത്പര്യത്തെ മുറിവേൽപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച ടാക്സേഷൻ നിയമഭേദഗതി ബില്ലിനെക്കുറിച്ച് നടന്ന ചർച്ചയിലാണ് ബജാജ് പരാമർശവിഷയമായത്. സാമ്പത്തികവിഷയങ്ങളിൽ ധനകാര്യവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് മോദിസർക്കാർ അഭിപ്രായം തേടേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എല്ലാവരെയും സംശയത്തോടെ വീക്ഷിക്കുന്ന സർക്കാരാണിത്. ആരുടെയും അഭിപ്രായം കേൾക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭരിക്കൽ മാത്രമല്ല ജനാധിപത്യമെന്നും മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡി.എം.കെ.അംഗം എ. രാജ പറഞ്ഞു.കോർപ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ച് 1,45,000 കോടി രൂപയുടെ നികുതിയിളവുകൾ വൻകിട കമ്പനികൾക്കുനൽകുന്ന നടപടി സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനത്തിന് ഉപകരിക്കില്ലെന്ന് ആർ.എസ്.പി. അംഗം എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OZThFG
via
IFTTT
No comments:
Post a Comment