മംഗളൂരു: സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുംവരെ അയ്യപ്പഭക്തർ ഒരുരൂപപോലും കാണിക്കയായി ശബരിമലയിലെ ഭണ്ഡാരത്തിൽ ഇടരുതെന്ന് ഉത്തരാഖണ്ഡ് ഗൗതീർഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതി. ദക്ഷിണകന്നഡ അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അയ്യപ്പഭക്തരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കഴിഞ്ഞവർഷം 9000 അയ്യപ്പഭക്തരെയാണ് കേരള സർക്കാർ ജയിലിലടച്ചത്. ശബരിമല ക്ഷേത്രത്തിലെ വരുമാനത്തിലാണ് സർക്കാറിന്റെ കണ്ണ്. അതുകൊണ്ടുതന്നെ നമ്മൾ അയ്യപ്പഭക്തർ കേരളസർക്കാറിനെ ഒരു പാഠം പഠിപ്പിക്കണം. കർണാടക ഉൾപ്പെടെ കേരളത്തിനുപുറത്തുള്ള അയ്യപ്പഭക്തർ ഒരുരൂപപോലും കാണിക്കവഞ്ചിയിൽ ഇടരുത് -സ്വാമി രാമചന്ദ്ര ഭാരതി പറഞ്ഞു. ഭക്തർക്ക് ശബരിമലയിൽ പോകാം, പ്രാർഥിക്കാം, അപ്പവും അരവണയും വാങ്ങാം. പക്ഷേ, സർക്കാർ ഖജനാവിലേക്കെത്തുന്ന ഭണ്ഡാരത്തിൽ പൈസ ഇടരുത്. കേരളത്തിനു പുറത്തുനിന്നാണ് കൂടുതൽ അയ്യപ്പഭക്തർ ശബരിമലയിലെത്തുന്നത്. നമ്മളെല്ലാവരും വിചാരിച്ചാൽ ഭണ്ഡാരപ്പിരിവുവഴി സർക്കാർ ഖജനാവിലേക്കെത്തുന്ന പണം നിയന്ത്രിക്കാനാവും. അത്തരത്തിൽ കേരള സർക്കാറിനെ പാഠം പഠിപ്പിക്കാനുമാകും -അദ്ദേഹം പറഞ്ഞു. പന്തളം രാജവംശത്തിലെ ശശികുമാരവർമയുടെ സാന്നിധ്യത്തിലായിരുന്നു സ്വാമി രാമചന്ദ്ര ഭാരതിയുടെ പ്രസംഗം. ദക്ഷിണകന്നഡയിൽനിന്നും കാസർകോട്ടുനിന്നും നൂറുകണക്കിന് അയ്യപ്പഭക്തർ നഗരത്തിൽ നാമജപപ്രദക്ഷിണം നടത്തി. തുടർന്ന് ടൗൺഹാളിൽ അയ്യപ്പവിശ്വാസികളുടെ സംഗമവും നടന്നു. content highlights:swami ramachandra bharathi sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2Ee8n5P
via
IFTTT
No comments:
Post a Comment