പെരിന്തൽമണ്ണ: ന്യൂഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ ഒന്നാംവർഷ എം.എ. ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാർഥി മൊറയൂർ വാലഞ്ചേരി മുബഷിറി (24)നെ ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. പൗരത്വനിയമ ഭേദഗതിക്കെതിരേ നടന്ന സമരത്തിൽ പോലീസിന്റെ അതിക്രമത്തിനിരയായ മുബഷീർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.നടന്ന സംഭവങ്ങൾ വിദ്യാർഥി വിവരിക്കുന്നു: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബില്ലിനെതിരേ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികളും അധ്യാപകരും പാർലമെന്റ് മാർച്ച് നടത്തുന്നു. പെൺകുട്ടികളടക്കം 2000 പേർ പങ്കെടുത്ത മാർച്ചിനു നേരെ പോലീസ് ലാത്തിയും കണ്ണീർവാതക ഷെല്ലുകളും ഗ്രനേഡും ആയുധമാക്കി. ഒട്ടേറെ കുട്ടികൾക്ക് പരിക്കേറ്റു. വൈകീട്ട് ഏഴോടെ വിദ്യാർഥികൾ പിരിഞ്ഞു. ശനിയാഴ്ച 11-ന് ആയിരത്തോളം വിദ്യാർഥികൾ ക്യാമ്പസിൽ സമരമുഖത്ത്. വിദ്യാർഥികളുടെ ഇരട്ടി പോലീസ്, കവചിത വാഹനങ്ങൾ, ഗ്രനേഡ്, റബ്ബർ ബുള്ളറ്റ്, കണ്ണീർവാതക ഷെല്ലുകൾ. പോലീസും സി. ആർ.പി.എഫും വിദ്യാർഥികളെ വളഞ്ഞ് ആക്രമിച്ചു. ശനിയാഴ്ച വൈകീട്ട് സർവകലാശാലയിൽ അവധി പ്രഖ്യാപിച്ചതോടെ കുട്ടികൾ കുറഞ്ഞു. ഞായറാഴ്ച അനുവാദമില്ലാതെ പോലീസ് കാമ്പസിനുള്ളിലേക്ക് ഇരച്ചുകയറി. പെൺകുട്ടികളുടെ ഹോസ്റ്റൽ, ലൈബ്രറി, വായനാമുറി, പള്ളി, കാന്റീൻ എന്നിവിടങ്ങളിലുണ്ടായിരുന്നവരെ മർദ്ദിച്ചു. പെൺകുട്ടികളെ തല്ലിച്ചതച്ചു. ജനൽച്ചില്ലകൾ തകർത്തു. പള്ളിയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന മുബഷിർ പുറത്തുനിന്ന് ‘ഓടിക്കോ പോലീസ്’ എന്ന മുന്നറിയിപ്പ് കേട്ട് ഇറങ്ങിയോടി. അപ്പോഴേക്കും രണ്ടു പോലീസുകാർ പാഞ്ഞെത്തി അടിച്ചു. വീണുപോയ മുബഷിറിനെ പോലീസ് സംഘം വളഞ്ഞിട്ട് ലാത്തികൊണ്ട് തല്ലി. കൈവിരൽ പൊട്ടി, അടികൊണ്ട് കാൽ ചതഞ്ഞു. പോലീസുകാരുടെ കൂട്ടത്തിൽ മഫ്തിയിലും ആളുകളുണ്ടായിരുന്നു. അവർ യഥാർഥ പോലീസുകാരല്ലെന്ന് മറ്റു വിദ്യാർഥികൾ പറഞ്ഞു.ശീതീകരിച്ച വായനാമുറിയിലേക്ക് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു. ശ്വാസംമുട്ടിയ വിദ്യാർഥികൾക്കായി ആരൊക്കെയോ ചില്ലുകൾ പൊട്ടിച്ച് പുറത്തേക്കുപോകാൻ മാർഗമുണ്ടാക്കി. വായനാമുറിയിൽനിന്ന് പോലീസ് പിടികൂടിയ 250 പേരെ കൊടും കുറ്റവാളികളെപ്പോലെ കൈകൾ ഉയർത്തിപിടിച്ച് 700 മീറ്റർ നടത്തിച്ചു അകലെയുള്ള ബട്‌ല ഹൗസ് പരിസരത്തേക്ക് കൊണ്ടുപോയി. വൈകുന്നേരത്തോടെ 144 പ്രഖ്യാപിച്ചു. പരീക്ഷകൾ റദ്ദാക്കി. ഹോസ്റ്റലുകൾ ഒഴിപ്പിച്ചു. പോലീസ് അതിക്രമത്തിൽ പരിക്കേറ്റവരെ മുഴുവൻ ഗസ്റ്റ്ഹൗസിലെത്തിച്ച് സുരക്ഷാ ഓഫീസർമാർ കാവൽ നിന്നു. വൈസ് ചാൻസലർ നിരന്തരം സമ്മർദ്ദം ചെലുത്തിയപ്പോൾ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടിയായി. മുബഷിറിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ മലയാളി നഴ്‌സുമാർ വീട്ടുകാരുമായി ബന്ധപ്പെടാൻ സൗകര്യമൊരുക്കി. ആശുപത്രിയിൽനിന്ന് സുഹൃത്തിന്റെ മുറിയിലെത്തിയ ഉടൻ നാട്ടിലേക്ക് പുറപ്പെട്ടു. പരിക്കേറ്റ മറ്റു മലയാളി വിദ്യാർഥികൾ വ്യാഴാഴ്ച മംഗള എക്‌സ്‌പ്രസ്സിലെ പ്രത്യേകം ഏർപ്പാടാക്കിയ രണ്ടുബോഗികളിൽ നാട്ടിലെത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2txJm3k
via
IFTTT
No comments:
Post a Comment