തിരുവനന്തപുരം: ദേശീയ പൗരത്വബില്ലുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകവേ, ഇതിനെതിരേ ശക്തമായ പ്രതിരോധം ഉയർത്താൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. പാർലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനത്തിന് സ്വാഭാവികമായും ബാധകമാകും. എന്നാൽ, ഭരണഘടനയുടെ മൗലികസ്വഭാവത്തിന് വിരുദ്ധമായ നിയമം നിർമിക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന വാദം ഉയർത്തി നിയമപോരാട്ടം നടത്താനാണ് സർക്കാരിനെ നയിക്കുന്ന സി.പി.എമ്മിൻറെ ഉദ്ദേശ്യം. കോൺഗ്രസിനും പൗരത്വബില്ലിനെതിരേ ശക്തമായ നിലപാടായതിനാൽ കേരളത്തിൽ വലിയ എതിർപ്പായിരിക്കും പൗരത്വ രജിസ്റ്ററിനെതിരേ ഉയരുക. അതിർത്തി സംസ്ഥാനങ്ങളെയാണ് നിയമം നേരിട്ട് ബാധിക്കുകയെങ്കിലും പൗരത്വരജിസ്റ്റർ ന്യൂനപക്ഷങ്ങളിലുണ്ടാക്കുന്ന ആശങ്ക രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും ലക്ഷ്യം. ഇത് സംബന്ധിച്ച ചർച്ചകൾ ഇടതുമുന്നണി യോഗത്തിലും പാർട്ടി കമ്മിറ്റികളിലും ഉണ്ടാകുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. മുസ്ലിങ്ങളെ പൗരത്വപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിലാണ് പാർട്ടി അപകടം കാണുന്നത്. മതാടിസ്ഥാനത്തിലുള്ള വിഭജനത്തിനപ്പുറം നാളെ രാഷ്ട്രീയ വിശ്വാസങ്ങളുടെപേരിലും പൗരന്മാർ വിഭജിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യപ്പെടാമെന്ന വ്യാഖ്യാനമാണ് ഇടതുപക്ഷം ബില്ലിന് നൽകുന്നത്. രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നുവെന്നതായിരിക്കും പ്രചാരണത്തിന്റെ കേന്ദ്രബിന്ദു. മുസ്ലിം ന്യൂനപക്ഷത്തെ ഒപ്പംനിർത്തുകയെന്ന ലക്ഷ്യവും ഉണ്ട്. പ്രത്യേകിച്ചും പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ സമീപഭാവിയിൽ നടക്കാനിരിക്കേ എൽ.ഡി.എഫും യു.ഡി.എഫും ഈ വിഷയം പ്രധാന അജൻഡയാക്കും. മുത്തലാഖ് ബില്ലിന് പുരോഗമന സ്വഭാവമുള്ളതെന്ന വിശേഷണമുണ്ടെങ്കിലും മുസ്ലിം വിഭാഗങ്ങൾ അതിനോട് ഏറിയകൂറും യോജിച്ചിരുന്നില്ല. കശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കിയ തീരുമാനം അതിന് തൊട്ടുപിന്നാലെയുണ്ടായതും ന്യൂനപക്ഷങ്ങളുടെ ഇടയിൽ അതൃപ്തിയുണ്ടാക്കി. ഇവയ്ക്കു പിന്നാലെ പൗരത്വ രജിസ്റ്റർകൂടി വരുന്നത് ന്യൂനപക്ഷങ്ങളുടെയിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെക്കുമെന്ന വിലയിരുത്തലാണ് സംസ്ഥാന സർക്കാരിന്. ന്യൂനപക്ഷങ്ങൾക്ക് അവരുടെ സംരക്ഷകരെന്ന വിശ്വാസം ജനിപ്പിക്കുംവിധമുള്ള പ്രചാരണ പരിപാടികൾക്കാണ് പാർട്ടികൾ രൂപംനൽകുക. യു.ഡി.എഫിലെ പ്രബലകക്ഷിയായ മുസ്ലിം ലീഗ് കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇടതുമുന്നണിയിലെ കക്ഷിയായ ഐ.എൻ.എല്ലും പൗരത്വനിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് ഇരുമുന്നണികളും പ്രതിഷേധപരിപാടികൾക്ക് നേതൃത്വംനൽകുന്നത്. ഭരണഘടനയുടെ മൗലികസ്വഭാവത്തിന് എതിര് മതേതരത്വമെന്ന ഭരണഘടനയുടെ മൗലികസ്വഭാവത്തിനെതിരാണ് കേന്ദ്രം കൊണ്ടുവരുന്ന പൗരത്വനിയമം. പാർലമെന്റ് പാസാക്കുന്ന നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകും. എന്നാൽ ഭരണഘടനയുടെ മൗലികസ്വഭാവത്തിന് വിരുദ്ധമായ നിയമം പാർലമെന്റിന് നിർമിക്കാൻ സ്വാതന്ത്ര്യമുണ്ടോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് കോടതിയിൽ ചോദ്യംചെയ്യപ്പെടേണ്ടതാണ്.- മന്ത്രി എ.കെ. ബാലൻ Content Highlights:Citizenship Bill: State government will question its legitimacy
from mathrubhumi.latestnews.rssfeed https://ift.tt/2LFAVJy
via
IFTTT
No comments:
Post a Comment