ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരേ ഇന്നലെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ബസ് കത്തിച്ചതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുമ്പോള്‍ സംഭവം വിവരിച്ച് ബസ്ഡ്രൈവര്‍. നിറയെ യാത്രക്കാരുമായി എത്തിയ ബസിന് നേരെ കല്ലേറുണ്ടായെന്നും പിന്നീട് അക്രമിസംഘം ആള്‍ക്കാരെ ഇറക്കിവിട്ട ശേഷം കത്തിക്കുകയായിരുന്നെന്നുമാണ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ബസ് കത്തിച്ചത് ഡല്‍ഹി പോലീസാണെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുകയും ആരോപണം തള്ളി പോലീസുകാരും രംഗത്ത് വന്നതിന് പിന്നാലെയാണ് ഡ്രൈവറുടെ മൊഴിയും.
ഒരു സംഘം അക്രമികളെത്തി ബസ്സ് ആക്രമിക്കുകയായിരുന്നെന്ന് ജാമിയക്ക് സമീപം കത്തിച്ച ബസ്സുകളിലൊന്നിന്റെ ഡ്രൈവര്‍ പറഞ്ഞു. ബസ്സില്‍ നിറയെ ആളുണ്ടായിരുന്നു. ബസ്സിന് നേരെ കല്ലേറുണ്ടായി. പിന്നീട് പതിനഞ്ചോളം പേരടങ്ങുന്ന സംഘം എത്തി ആളുകളെ ഇറക്കി വിട്ട് ബസ്സ് കത്തിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു. ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ പത്തോളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.
നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയമാണെന്നും പൗരത്വബില്ലിനെതിരേ ഇന്നലെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ബസ് കത്തിച്ചതും ആക്രമണം നടത്തിയതും പോലീസാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചിത്രങ്ങളും വീഡിയോകളുമായി രംഗത്ത് എത്തിയിരിക്കുന്നത് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയാണ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളോടൊപ്പമാണ് മനഷീ സിസോദിയ ആരോപണം ഉന്നയിച്ചത്.
സര്‍വകലാശാലയിലെ പൊലീസ് നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ച് വൈസ് ചാന്‍സലര്‍ നജ്മ അക്തറും ചീഫ് പ്രോക്ടര്‍ വസിം ഖാനും രംഗത്ത് എത്തി. അക്രമത്തിന് പിന്നില്‍ വിദ്യാര്‍ത്ഥികളല്ല പുറത്തുനിന്നുള്ളവരാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല പ്രതികരിച്ചു. പൊലീസ് ക്യാംപസില്‍ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചത് എന്ന് സര്‍വകലാശാല ചീഫ് പ്രോക്ടര്‍ അഹമദ് ഖാന്‍ പറഞ്ഞു. പൊലീസ് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദ്ദിച്ചെന്നും ചീഫ് പ്രോക്ടര്‍ പറഞ്ഞു. പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ലൈബ്രറി ചീഫ് പ്രോക്ടര്‍ സന്ദര്‍ശിച്ചു. പൊലീസ് നടപടി അപലപനീയമെന്നും വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു.
സര്‍വകലാശാലയ്ക്കുള്ളിലേക്ക് അനുമതിയില്ലാതെ കടന്നു കൂടിയ പോലീസ് ഗേറ്റുകള്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പോലീസ് മര്‍ദ്ദിച്ചതായിട്ടാണ് ആരോപണം. പോലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുകയും ചെയ്തു. വലിയ തീയും പുകയും ഉണ്ടാക്കി ടീയര്‍ ഗ്യാസ് പൊട്ടിച്ച ശേഷം പോലീസ് ക്യാമ്പസിനുള്ളിലേക്ക് ഓടിക്കയറി. ഇതുകണ്ട് ക്യാമ്പസിനകത്ത് ഉള്ളവരും പുറത്തുള്ളവരും അകത്തേക്ക് ഓടിക്കയറി. ഓടിയെത്തിയ പോലീസ് കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചു.
ലൈബ്രറിക്ക് അകത്തേക്ക് ഓടിക്കയറിയപ്പോള്‍ അവിടെയും എത്തി പോലീസ് അടിച്ചു നിരത്തി. ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. ഇതിനിടയില്‍ ആരോ ലൈറ്റ് കെടുത്തി. പിന്നാലെ ലൈബ്രറിക്ക് ഉള്ളിലേക്ക് വരെ ടീയര്‍ ഗ്യാസ് എറിഞ്ഞു. പുകകാരണം ശ്വാസം മുട്ടുകയും കണ്ണീര്‍ വാതകം നിമിത്തം കണ്ണൂനീറിപ്പുകയുകയും ചെയ്യുമ്പോഴാണ് ലൈബ്രറിയില്‍ കയറി പോലീസ് അടിച്ചത്.
അതേസമയം ആരോപണം തള്ളി ഡല്‍ഹി പോലീസും രംഗത്തെത്തി. ബസില്‍ പടര്‍ന്ന തീ കെടുത്താനാണ് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. വീഡിയോ പൂര്‍ണ്ണമായി കണ്ടാല്‍ ഇക്കാര്യം ബോദ്ധ്യപ്പെടുമെന്നും തെറ്റിദ്ധാരണ മാറുമെന്നും ഇവര്‍ പറയുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ സര്‍വകലാശാലയ്ക്ക് ഉള്ളില്‍ നിന്നുമാണ് കല്ലേറ് വന്നതെന്നും വിവരിക്കാന്‍ കഴിയാത്ത തരം കാര്യങ്ങളാണ് ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഭവിച്ചത് എന്നും പോലീസ് പറയുന്നു. കടുത്ത സാഹചര്യം ഒഴിവാക്കാനാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമുണ്ടായിരുന്ന സമീപവാസികളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് പറയുന്നത്. 67 ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അക്രമം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ രാത്രയിലുടനീളം പ്രതിഷേധിച്ചതോടെ പുലര്‍ച്ചെ വിട്ടയച്ചു.
from mangalam.com https://ift.tt/35pw07p
via IFTTT
No comments:
Post a Comment