തിരുവനന്തപുരം; കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് വേദിയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ കടുത്ത നടപടിക്കുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തന്നെ തടയാന്‍ ശ്രമിച്ച പ്രഫ. ഇര്‍ഫാന്‍ ഹബീബിനെതിരേ കേസെടുക്കും. ഇര്‍ഫാന്‍ ഹബീബ് തന്നെ ശാരീരികമായി തടയാന്‍ ശ്രമിച്ചെന്നും അതിനു വീഡിയോ ദൃശ്യങ്ങള്‍ തെളിവാണെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പ്രഫ. ഇര്‍ഫാന്‍ ഹബീബ് വേദിയില്‍ കടന്നതിലടക്കം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി.
സംസ്ഥാന പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഗവര്‍ണര്‍, സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കും. ഗവര്‍ണറുടെ എ.ഡി.സിയുടെ മൊഴിയെടുക്കും. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണര്‍ പ്രസംഗിക്കുന്ന വേദിയിലേക്കു തള്ളിക്കയറിയതിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണു കേസെടുക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ഇന്നു കോടതിയില്‍ എഫ്.ഐ.ആര്‍. നല്‍കാനാണു നീക്കം. സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി.
പ്രസംഗവേദിയിലും പരിസരത്തുമുണ്ടായ പ്രതിഷേധങ്ങള്‍ രഹസ്യാന്വേഷണ വിഭാഗവും ഗവര്‍ണറുടെ ഓഫീസും പരിശോധിക്കുകയാണ്. കൂടുതല്‍ പേരെ പ്രതിചേര്‍ത്തേക്കാം. പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്നാണു രാജ്ഭവന്റെ വിലയിരുത്തല്‍. പ്രതിഷേധങ്ങള്‍ അതിരുവിട്ടാല്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചെങ്കിലും ഗവര്‍ണര്‍ തരിമ്പും അയഞ്ഞിട്ടില്ല. നിലപാടുകളില്‍ മാറ്റമില്ലെന്ന് ഇന്നലെ െവെകുന്നേരം ചീഫ് സെക്രട്ടറി ടോം ജോസിനെ രാജ്ഭവനിലേക്കു വിളിച്ചുവരുത്തിയതിനു ശേഷം അദ്ദേഹം ആവര്‍ത്തിച്ചു.
തനിക്കെതിരേ പ്രതിഷേധം ഉണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം വിലയിരുത്തുന്നു. പ്രതിഷേധിച്ചവര്‍ക്കു സി.പി.എം. എം.പി: കെ.കെ. രാഗേഷടക്കം പിന്തുണ നല്‍കിയതില്‍ ഗവര്‍ണര്‍ അതൃപ്തി വ്യക്തമാക്കി.
നോട്ടീസില്‍ പേരില്ലാത്ത ഇര്‍ഫാന്‍ ഹബീബ് വേദിയിലെത്തി പ്രസംഗിച്ചതെങ്ങനെ, സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലായിരിക്കും സംസ്ഥാന പോലീസ് മേധാവി വിശദീകരണം നല്‍കേണ്ടിവരിക. അതുകൂടി ഉള്‍പ്പെടുത്തിയാകും ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കുക. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പ്രൊട്ടോക്കോള്‍ ലംഘനമുണ്ടായെന്നു കണ്ണൂര്‍ സര്‍വകലാശാലാ െവെസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. വേദിയിലെയും സദസിലെയും വീഡിയോ ദൃശ്യങ്ങളും ഗവര്‍ണര്‍ പരിശോധിച്ചു.
തുടര്‍ന്ന്, ഇര്‍ഫാന്‍ ഹബീബ് തന്നെ ശാരീരികമായി തടയാന്‍ ശ്രമിച്ചെന്നും ദൃശ്യങ്ങളില്‍ അതു വ്യക്തമാണെന്നും ട്വീറ്റ് ചെയ്തു. ചരിത്ര കോണ്‍ഗ്രസ് ചടങ്ങിലെ കാര്യപരിപാടി സംബന്ധിച്ച് ഗവര്‍ണര്‍ക്കു നല്‍കിയ അറിയിപ്പില്‍ ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുകയും പൗരത്വ ഭേദഗതി നിയമത്തെ തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രപതി ഒപ്പുവച്ച നിയമത്തെ പ്രതിരോധിച്ച് മറുപടി പറയേണ്ട സാഹചര്യമുണ്ടായതെന്നു രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നതു രാഷ്ട്രീയ നിലപാടാണെന്ന വിമര്‍ശനമാണു സി.പി.എമ്മും കോണ്‍ഗ്രസും ഉന്നയിക്കുന്നത്. ഭരണഘടനാ പദവിയുടെ അന്തസത്ത ഉള്‍ക്കൊള്ളാതെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
from mangalam.com https://ift.tt/2F6aicO
via IFTTT
No comments:
Post a Comment