പെരുമ്പള്ളി (ആലപ്പുഴ): അവർ മൂന്നും നിർധന കുടുംബങ്ങളിലെ അത്താണികളായിരുന്നു. സൗഹൃദങ്ങൾക്ക് വലിയ വില കൊടുത്തിരുന്നവർ. കൂട്ടുകാരുടെ സ്വന്തം ചങ്കുകൾ. വയനാട്ടിൽ മുങ്ങിമരിച്ച നിധിനെയും ജിതിനെയും ബിജിലാലിനെയും കൂട്ടുകാരും നാട്ടുകാരും ഓർക്കുന്നത് ഇങ്ങനെയാണ്. വീട്ടിലെ ബുദ്ധിമുട്ടുകളൊന്നും പുറത്ത് അറിയിക്കാതെ എപ്പോഴും ചിരിച്ചുകളിച്ച് നടന്നവർ. പെരുമ്പള്ളി കടലോരത്ത് വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന ചെറുപ്പക്കാരുടെ സംഘങ്ങളിലെ തലയെടുപ്പുള്ളവരായിരുന്നു മൂവരും. യാത്രകളെ വല്ലാതെ പ്രണയിച്ചിരുന്നവർ നാട്ടിലും അടുത്തുള്ള സ്ഥലങ്ങളിലും പതിവായി യാത്രപോകാറുണ്ടായിരുന്നു. രാവിലെ പോയി വൈകുന്നേരം മടങ്ങിയെത്തുന്ന യാത്രകളായിരുന്നു മിക്കതും. വയനാട്ടിലേക്ക് ബുധനാഴ്ച ഉച്ചയോടാണ് പോയത്. കൂട്ടത്തിൽ ഒരാളുടെ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിന് പോവുകയാണ്. ഒപ്പം വയനാട് കാണാനും പോകുമെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നാട്ടിൽ അപകടവാർത്ത അറിയുന്നത്. എല്ലാവരും നീന്തൽ അറിയാവുന്നവരാണ്. അത്യാഹിതമുണ്ടായിക്കാണില്ലെന്നായിരുന്നു നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ, വാട്ട്സ് ആപ്പ് കൂട്ടായ്മകളിലൂടെ മരിച്ചവരുടെ ചിത്രങ്ങളെത്തിയപ്പോൾ നാട് മൂകമായി. നിധിന്റെയും അയൽവാസി ജിതിന്റെയും വീടുകളിൽ രാത്രി വൈകിയും മരണവിവരം അറിഞ്ഞിട്ടില്ല. അടുത്ത ബന്ധുക്കളും അയൽവാസികളും ഇവിടെയുണ്ട്. അപകടമുണ്ടായി എന്നുമാത്രമാണ് വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. നിധിന്റെ അച്ഛൻ ധനേശനും ജിതിന്റെ അച്ഛൻ കാർത്തികേയനും മത്സ്യത്തൊഴിലാളികളാണ്. ഇരുവരുടെയും അമ്മമാർ ചെമ്മീൻ പീലിങ് ഷെഡിൽ ജോലിചെയ്യുന്നു. ജിതിന് സ്വകാര്യ ധനകാര്യസ്ഥാപത്തിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരൻ അജു സൈനികനാണ്. നിധിന്റെ സഹോദരൻ ബിപിൻ കോഴിക്കോട്ട് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്. ബിജിലാലിന്റെ അച്ഛൻ ബിനു മേസ്തിരി പണിക്കാരനാണ്. സഹോദരൻ: ശ്രീലാൽ. മൂന്നുപേരും നല്ലജോലിക്കുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, വിധി മറ്റൊന്നായിരുന്നു. വ്യാഴാഴ്ച വൈകീട്ട് പെരുമ്പള്ളി തീരത്ത് കണ്ടവരെല്ലാം ഈ ചെറുപ്പക്കാരുടെ ദുരന്തം വിശ്വസിക്കാനാകാത്ത സ്ഥിതിയിലായിരുന്നു. Content Highlights:three youth drowned to death in meppadi wayanad
from mathrubhumi.latestnews.rssfeed https://ift.tt/2ScsB7Y
via
IFTTT
No comments:
Post a Comment