കല്യാശ്ശേരി: എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ നിർമിക്കാൻ നടപടിതുടങ്ങിയിരുന്ന കോസ്റ്റ് ഗാഡ് അക്കാദമി പോയെന്നുറപ്പായി. ഇനി ചോദ്യം ആ സ്ഥലം സംസ്ഥാന സർക്കാരിന് തിരികെ കിട്ടുമോ എന്നതാണ്. അക്കാദമി സ്ഥാപിക്കാനാവില്ലെന്ന് രാജ്യസഭയിൽ തിങ്കളാഴ്ച പ്രതിരോധ മന്ത്രിയാണ് വ്യക്തമാക്കിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. ഏറ്റെടുത്ത സ്ഥലം പരിസ്ഥിതി ലോലവും സി.ആർ.ഇസെഡ് വിഭാഗത്തിലുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ട് ഏറ്റെടുത്ത സ്ഥലത്ത് 50 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. സ്ഥലം മണ്ണിട്ട് നിരപ്പാക്കുകയും ചുറ്റും വേലികെട്ടുകയും പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പിടൽ പൂർത്തിയാക്കിയതുമാണ്. പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിക്കുന്നതിനുള്ള ഓഫീസും ഇവിടെ പ്രവർത്തിക്കുകയാണ്. 2011 മേയ് 28-നാണ് കോസ്റ്റ് ഗാർഡ് അക്കാദമിക്ക് അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടത്. 1996-ൽ കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിൽ കണ്ണൂർ പവർ പ്രോജക്ട് സ്ഥാപിക്കാനാണ് ഇരിണാവ്, പാപ്പിനിശ്ശേരി വില്ലേജുകളിലെ 165 ഏക്കറോളം സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കുമ്പോൾ പ്രദേശത്ത് നിരവധി ചെമ്മീൻ കണ്ടികൾ നിലവിലുണ്ടായിരുന്നു. പ്രദേശത്തെ കർഷകർ ഇതിനെതിരേ പ്രതിഷേധമുയർത്തിയെങ്കിലും എതിർപ്പുകൾ അവഗണിച്ചായിരുന്നു സ്ഥലങ്ങൾ ഏറ്റെടുത്തത്. എന്നാൽ, ഇന്നും ചെമ്മീൻ കൃഷി നഷ്ടപ്പെട്ട കർഷകരുടെ കേസ് സുപ്രീം കോടതിയിലുണ്ട്. സ്ഥലം ഏറ്റെടുത്തെങ്കിലും പിന്നീട് ഉയർന്ന പരിസ്ഥിതി ആഘാത പ്രശ്നം പവർ പ്രോജക്ട് ഇല്ലാതാക്കി. കെ.പി.പി. നമ്പ്യാർ എൻറോണുമായി ചേർന്നാണ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതെന്നതും പ്രശ്നമായി. പിന്നീട് അതേസ്ഥലം 2010 ഏപ്രിൽ 19-ന് നോയിഡ ആസ്ഥാനമായ ജയപ്രകാശ് വെൻച്വർ ലിമിറ്റഡിന് കൈമാറുമെന്ന പ്രഖ്യാപനവും വന്നു. സ്ഥലത്ത് കൽക്കരി അധിഷ്ഠിത താപവൈദ്യുതി നിലയവും 1.5 മില്യൻ ടൺ ശേഷിയുള്ള സിമന്റ് കമ്പനിക്കുമായിരുന്നു ഇത്. എന്നാൽ എതിർപ്പുയർന്നതോടെ അതും ഉപേക്ഷിച്ചു. പിന്നീടാണ് കോസ്റ്റ് ഗാഡ് അക്കാദമി സ്ഥാപിക്കാനായി സ്ഥലം പ്രതിരോധ വകുപ്പിന് സംസ്ഥാന സർക്കാർ നൽകിയത്. അക്കാദമി സ്ഥാപിക്കുന്നില്ലെങ്കിൽ സ്ഥലം വിട്ടുകിട്ടണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തെ അവഗണിക്കുന്നു- കെ.സുധാകരൻ കണ്ണൂർ: അഴീക്കൽ കോസ്റ്റ് ഗാർഡ് അക്കാദമി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിലൂടെ മോദി സർക്കാരിന്റെ കേരളത്തോടുള്ള സമീപനമാണ് വ്യക്തമാവുന്നതെന്ന് കെ.സുധാകരൻ എം.പി. പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കാനുള്ള നടപടിക്കെതിരേ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കെ.സുധാകരൻ എം.പി. പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OJxgfw
via
IFTTT
No comments:
Post a Comment