മസ്കറ്റ്: യാക്കോബായസഭയുടെ പള്ളികളുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങളുൾപ്പെടെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ പരിഹരിക്കേണ്ടത് മെത്രാപ്പൊലീത്തൻ ട്രസ്റ്റി മാർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്ത ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയായിരിക്കണമെന്ന് ആകമാന സുറിയാനി സഭാ സുന്നഹദോസ്. സഭാക്കേസിന്റെയും തുടർന്നുണ്ടായ സുപ്രീംകോടതി വിധിയുടെയും പശ്ചാത്തലത്തിലാണിത്. ഇന്ത്യയിൽ അന്ത്യോഖ്യാ സിംഹാസനത്തോട് കൂറും വിശ്വസ്തതയും പുലർത്തുന്ന വിശ്വാസികൾ ഉണ്ടായിരിക്കുന്നിടത്തോളം കാലം അവരെ സംരക്ഷിക്കാൻ സിംഹാസനത്തിന് ചുമതലയുണ്ടായിരിക്കുമെന്ന് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ പറഞ്ഞു. മസ്കറ്റ് സെയ്ന്റ് മർത്തശ്മൂനി പള്ളിയിൽ ചേർന്ന സുന്നഹദോസിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ത്യോഖ്യാ സിംഹാസനത്തോട് കൂറും വിശ്വാസവും പുലർത്താൻവേണ്ടി ഇന്ത്യയിലെ വിശ്വാസികൾ അനുഭവിക്കുന്ന വേദനയിൽ അദ്ദേഹം പങ്കുചേർന്നു. ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സേവനത്തെ അദ്ദേഹം പ്രകീർത്തിച്ചു. ശ്രേഷ്ഠ ബാവായുടെ ആരോഗ്യത്തിനായി പ്രാർഥിക്കുകയും ചെയ്തു. പാത്രിയർക്കീസ് ബാവായുടെ പ്രാർഥനയോടെയാണ് സുന്നഹദോസ് ആരംഭിച്ചത്. കേരളത്തിൽ സഭാക്കേസുമായി ബന്ധപ്പെട്ടുണ്ടായ സ്ഥിതിഗതികൾ മെത്രാപ്പൊലീത്തൻ ട്രസ്റ്റി വിശദീകരിച്ചു. ആർച്ച്ബിഷപ്പുമാർ അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും പൂർവികവിശ്വാസവും പാരമ്പര്യവും നിലനിർത്തി സഭയോടും പാത്രിയർക്കീസ് ബാവായോടുമുള്ള ബന്ധം ഇന്ത്യയിലെ സഭ സൂക്ഷിക്കുമെന്ന് സുന്നഹദോസ് അഭിപ്രായപ്പെട്ടു. 2015-ൽ പാത്രിയർക്കീസ് ബാവാ കേരളം സന്ദർശിച്ചപ്പോൾ ഓർത്തഡോക്സ് സഭയുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി ഇപ്പോഴും നിലനിൽക്കുകയാണ്. എന്തെങ്കിലും സമാധാനസാധ്യതകൾ ഉണ്ടെങ്കിൽ ഈ സമിതി അത് പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിച്ചു. കേരളസർക്കാർ മന്ത്രിസഭാ ഉപസമിതിയെ വെച്ച് പ്രശ്നപരിഹാരത്തിനു നടത്തിയ ശ്രമത്തെ സുന്നഹദോസ് അഭിനന്ദിച്ചു. കേരള ഗവർണറുടെ സമാധാന ശ്രമങ്ങൾക്ക് പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്തു. Content Highlights:suriyani sabha sunnahados muscat
from mathrubhumi.latestnews.rssfeed https://ift.tt/2QLoij9
via
IFTTT
No comments:
Post a Comment