കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രിയാത്രാനിരോധനം വെള്ളിയാഴ്ചത്തോടെ അവസാനിക്കും. ശനിയാഴ്ച രാത്രിമുതൽ അഞ്ചുദിവസത്തേക്ക് പാലത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന യാത്രാവാഹനങ്ങൾ മാത്രമാണ് രാത്രിയിൽ പാലത്തിലൂടെ കടത്തിവിടുക. ഇരുഭാഗത്തേക്കും നടന്നുപോകാനുള്ള സൗകര്യമുണ്ടാകും. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണമേർപ്പെടുത്തുക.അറ്റകുറ്റപ്പണികൾ നിശ്ചിത സമയപരിധിയിൽ തീരാത്തതിനാലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈമാസം ആറുമുതലാണ് പാലം അടച്ചുള്ള നവീകരണം തുടങ്ങിയത്. എട്ടുദിവസത്തിനകം എല്ലാ പണികളും പൂർത്തിയാക്കാമെന്നാണ് അധികൃതർ കരുതിയിരുന്നത്. കണക്കുകൂട്ടലുകൾ തെറ്റിയതോടെ അവസാനഘട്ട ടാറിങ് ജനുവരിയിലേക്ക് മാറ്റിവെച്ചിരുന്നു. ശബരിമല തീർഥാടനകാലത്തിനുമുമ്പ് പണികൾ തീർക്കേണ്ടതുള്ളതിനാൽ വെള്ളിയാഴ്ചയോടെ പണികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.അങ്ങനെയെങ്കിൽ ഇപ്പോൾ ഉപരിതലത്തിൽ നടക്കുന്ന മാസ്റ്റിക് അസ്വാൾട്ട് ഉപയോഗിച്ചുള്ള ടാറിങ് പാതിവഴിയിൽ നിർത്തേണ്ടിവരും. ഇത് ഒഴിവാക്കാനാണ് പൂർണ ഗതാഗതനിരോധനത്തിന് പകരം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി ഇപ്പോൾ നടക്കുന്ന പണികൾ പൂർത്തീകരിക്കുന്നത്. ശേഷിക്കുന്ന പണികൾ ശബരിമല തീർഥാടനകാലത്തിനുശേഷം ജനുവരിയിൽ പൂർത്തിയാക്കും. പാലത്തിന്റെ ഉപരിതലവും സമീപത്തെ റോഡും 71 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിക്കുന്നത്. റോഡ് ഇന്റർലോക്ക് വിരിച്ച് നവീകരിക്കുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്.കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ ഒഴികെയുള്ള യാത്രാവാഹനങ്ങളാണ് പാലത്തിന്റെ ഒരുഭാഗത്തുകൂടി കടത്തിവിടുക. ശബരിമല തീർഥാടകരുടെ സൗകര്യംകൂടി കണക്കിലെടുത്താണിത്. തൃശ്ശൂരിൽനിന്ന് വരുന്ന എല്ലാ വാഹനങ്ങൾക്കും തുടർന്നും നിരോധനമുണ്ടാകും.
from mathrubhumi.latestnews.rssfeed https://ift.tt/33Kts2G
via
IFTTT
No comments:
Post a Comment