ന്യൂഡൽഹി/ മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണം സംബന്ധിച്ച് ശിവസേന-ബി.ജെ.പി. തർക്കം തുടരുന്നതിനിടെ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ചകൾ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. അധ്യക്ഷനുമായ അമിത് ഷായുമായും എൻ.സി.പി. നേതാവ് ശരദ് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയയുമായും തിങ്കളാഴ്ച ചർച്ച നടത്തി. സർക്കാരുണ്ടാക്കാൻ അമിത് ഷാ നിർദേശിച്ച സമയം ഞായറാഴ്ച അവസാനിച്ച പശ്ചാത്തലത്തിലാണ് ഫഡ്നവിസ് ഡൽഹിയിലെത്തിയത്. മന്ത്രിസഭാ രൂപവത്കരണം വൈകുന്നതിനുള്ള കാരണങ്ങൾ അദ്ദേഹം ഷായെ ധരിപ്പിച്ചു. വേഗത്തിൽ സർക്കാർ രൂപവത്കരിക്കാനാവുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നു കൂടിക്കാഴ്ചയ്ക്കുശേഷം ഫഡ്നവിസ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ശിവസേനയുമായുള്ള ചർച്ചകൾക്ക് ബി.ജെ.പി. നിയോഗിച്ചതായി റിപ്പോർട്ടുണ്ട്. ശിവസേനാ നേതാവായ സഞ്ജയ് റാവുത്തുമായുള്ള കൂടിക്കാഴ്ചയ്ക്കും ഉദ്ദവ് താക്കറെയുമായുള്ള ഫോൺ സംഭാഷണത്തിനും ശേഷമാണ് പവാർ സോണിയയെ കാണാനായി ഡൽഹിയിലെത്തിയത്. സേനയുമായി ചേർന്ന് എൻ.സി.പി. മന്ത്രിസഭയുണ്ടാക്കുന്നതിനുള്ള സാധ്യത സോണിയയോട് പവാർ ആരാഞ്ഞു. കോൺഗ്രസ് പുറത്തുനിന്ന് പിന്തുണച്ചാൽ ശിവസേനയ്ക്കും എൻ.സി.പി.ക്കും ചേർന്ന് സർക്കാർ രൂപവത്കരിക്കാനാവും. ഉറപ്പുള്ള നിലപാട് ശിവസേനയുടെ ഭാഗത്തുനിന്ന് കിട്ടുന്നതുവരെ കാത്തിരിക്കാനാണ് സോണിയ നിർദേശിച്ചതെന്നറിയുന്നു. ബി.ജെ.പി.യിതര സർക്കാർ രൂപവത്കരിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയേണ്ടെന്ന് സോണിയ പവാറിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, എൻ.സി.പി. മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിരിക്കുമെന്നാണ് പവാർ യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞത്. മുംബൈയിൽ ശിവസേനാ നേതാക്കളായ സഞ്ജയ് റാവുത്തും രാംദാസ് കദമും ഗവർണർ ഭഗത്സിങ് കോഷ്യയാരിയെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സർക്കാർ രൂപവത്കരണത്തിൽ ശിവസേന തടസ്സം നിൽക്കുന്നില്ലെന്നും ഭൂരിപക്ഷം ഉള്ളവർ മന്ത്രിസഭയുണ്ടാക്കട്ടെയെന്നതാണ് പാർട്ടിയുടെ നിലപാടെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. Content highlights:Maharashtra government formation
from mathrubhumi.latestnews.rssfeed https://ift.tt/2NeKhNi
via
IFTTT
No comments:
Post a Comment