തോപ്പുംപടി: ‘വാവിന് കണ്ടില്ലെങ്കിൽ അഷ്ടമിക്ക് ഉറപ്പ്... ഇതാണ് കടലിന്റെ ശാസ്ത്രം...’ പൗർണമിയിലും അമാവാസിയിലും മീൻ കണ്ടില്ലെങ്കിൽ അഷ്ടമിക്ക് വരുകതന്നെ ചെയ്യുമെന്ന് തൊഴിലാളിക്കറിയാം. കടലിനോട് മല്ലിടുന്ന തൊഴിലാളി അനുഭവത്തിൽനിന്ന് പഠിച്ച പാഠമാണത്... പക്ഷേ, തലമുറകളായി പകർന്നുകിട്ടിയ ഈ നാട്ടറിവുകൾ പിഴയ്ക്കുകയാണ്. കടലിന്റെ കണക്കുകൾ മാറുന്നു, ഒപ്പം കായലിന്റെയും. വാവ് തുടങ്ങിയാൽ വെള്ളമുയരും. കടൽ വീർക്കും, ഒഴുക്ക് ശക്തമാകും. മീൻ അടിത്തട്ടിൽനിന്ന് പുറത്തേക്കുവരും. അപ്പോഴാണ് പരമ്പരാഗത തൊഴിലാളികൾ വലയിടുന്നത്. മീൻ വീഴുകതന്നെ ചെയ്യും. ‘‘പക്ഷേ, ഇപ്പോൾ വാവിനെയും അഷ്ടമിയെയും വിശ്വസിക്കാനാവുന്നില്ല. അടിക്കോളുകളാണ് പ്രശ്നം. എപ്പോഴാണ് അടിക്കോളുണ്ടാകുക എന്നറിയില്ല. ഒന്നിനും ഒരു നിശ്ചയവുമില്ലാതായി...’’ -ചെല്ലാനം സ്വദേശി പാപ്പച്ചൻ പറയുന്നു. ന്യൂനമർദമെന്ന് ശാസ്ത്രജ്ഞർ പറയുന്ന പ്രതിഭാസത്തെയാണ് പരമ്പരാഗത തൊഴിലാളി ‘അടിക്കോളെ’ന്ന് വിളിക്കുന്നത്. ‘‘പണ്ടൊക്കെ അടിക്കോള് വരുന്നത് കൊല്ലത്തിൽ ഒരിക്കലോ മറ്റോ ആണ്. ചിലപ്പോ ഉണ്ടാകില്ല. ഇപ്പോ, അടിക്കടി അടിക്കോളാണ്. കടലിനെ വിശ്വസിക്കാനാകുന്നില്ല...’’ -അനുഭവങ്ങളിൽനിന്നാണ് പാപ്പച്ചൻ പറയുന്നത്. കാലചക്രം തിരിയുന്നത് കടലിന്റെ ശാസ്ത്രങ്ങളെ കീഴ്‌മേൽ മറിച്ചുകൊണ്ടാണ്. അടിക്കോളുണ്ടായാൽ കണക്കുകൾ പിഴയ്ക്കും. പിന്നെ വാവുവന്നാലും അഷ്ടമിവന്നാലും കാര്യമില്ല. ചാളയുടെ കാര്യംതന്നെ നോക്കാം. ഇടവപ്പാതിയിലാണ് കേരളത്തിൽ ചാള വരുന്നത്. ഇതാണ് കടലറിവ്. കേരളത്തിലെ നദികളിൽനിന്നുള്ള വെള്ളം (കിഴക്കൻ വെള്ളം) ആ സമയത്ത് കടലിലേക്കൊഴുകിവരും. അപ്പോൾ ചാള പെരുകും.പക്ഷേ, കാലാവസ്ഥാ വ്യതിയാനം ഈ കണക്കുകൂട്ടലും തെറ്റിച്ചു. ചൂട് ശക്തമായതിനാൽ കടലിലേക്ക് ചാള വന്നില്ല. മഴ തുടങ്ങുംമുമ്പ് കടലിൽ സാധാരണ കാണുന്ന ‘അപ് വെല്ലിങ് ’ പ്രതിഭാസം ഉണ്ടായില്ല. കടൽ കീഴ്‌മേൽ മറിയുന്ന ഈ പ്രതിഭാസമാണ് മീൻ ഉത്‌പാദനത്തിന് സഹായകമാകുന്നതെന്ന് തൊഴിലാളിക്കറിയാം. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് അപ് വെല്ലിങ് നടക്കുന്നത്. എന്നാൽ, കുറച്ചുകാലമായി മൺസൂണിനുമുമ്പായി ഈ അപ് വെല്ലിങ് നടക്കുന്നില്ല. പഴയതുപോലെ കൃത്യമായി മൺസൂൺ വരുന്നില്ല, കടൽ ഇളകിമറിയുന്നില്ല. ഓഗസ്റ്റ് തുടങ്ങിയതോടെ അതിവർഷമായി. അതും കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇതോടെ കടലിലെ ഉപ്പിന്റെ അംശം കുറഞ്ഞു. ചാള വീണ്ടും പിണങ്ങിനിൽക്കുന്നു. കാലാവസ്ഥയിലെ മാറ്റം തൊഴിലാളിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. കേരളത്തിന് ലഭിക്കുന്ന മത്സ്യസമ്പത്തിന്റെ 60 ശതമാനവും ചാളയാണ്. കാലത്തിന്റെ ഗതിമാറിയതോടെ ചാളയും വഴിമാറിപ്പോകുന്നു. ‘‘വാവുമുതൽ അഷ്ടമിവരെ അന്തിത്തക്കം, ഏകാദശിമുതൽ പുലരിത്തക്കം... ഇതാണ് കായലിന്റെ കണക്ക്. പക്ഷേ, തക്കം കണ്ട് ഇറങ്ങിയാലും ഇപ്പോ മീൻ കിട്ടുന്നില്ല’’ -പെരുമ്പടപ്പിലെ മത്സ്യത്തൊഴിലാളിയായ റോഷൻ പറയുന്നു. പരമ്പരാഗത തൊഴിലാളിയുടെ നാട്ടറിവിന്റെ കലണ്ടർ മാറുന്നില്ലെങ്കിലും ‘തക്കം’ സമയങ്ങളിൽ പഴയതുപോലെ വെള്ളത്തിന് ഒഴുക്കില്ല. കാലാവസ്ഥാ വ്യതിയാനമാണ് ഇവിടെയും വില്ലനാകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2pFLIeR
via
IFTTT
No comments:
Post a Comment