താനൂർ: തീരദേശത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനെത്തിയ യുവതിയെ ചിലർ ആക്രമിച്ചതായി പരാതി. ബെംഗളൂരു സ്വദേശിയായ ജാനറ്റ് ഓർലൈനിനെയാണ് താനൂർ തൂവൽതീരം പാർക്കിന് സമീപംവെച്ച് ചില യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. തന്റെ നിറത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമെല്ലാം അപമാനകരമായി സംസാരിക്കുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്തതായി അവർ പറഞ്ഞു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തീരദേശവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിന്റെ ആവശ്യത്തിനായി മംഗലാപുരം ഉള്ളാളിൽനിന്ന് തുടങ്ങി കന്യാകുമാരിവരെ യാത്രചെയ്യുകയായിരുന്നു യുവതി. താനൂരിൽ എത്തിയപ്പോഴാണ് ചിലർ തന്നോട് മോശമായി പെരുമാറിയത്.ഈ മേഖലയിലെ ഒമ്പതുംപത്തും വയസ്സുള്ള കുട്ടികളും സ്ത്രീകളുംപോലും സംശയത്തോടെയാണ് പെരുമാറിയത്. തന്റെ ശരീരത്തേയും നിറത്തേയും മോശമായ ഭാഷയിൽ കളിയാക്കി. അതിനിടയിലാണ് രണ്ടുപേർ കയറിപ്പിടിക്കാൻ വന്നത്. താൻ ഓടിരക്ഷപ്പെടുകയായിരുന്നു.സംഭവത്തിനുശേഷം മൊബൈൽഫോണിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചു. തീരദേശ പോലീസിനേയും ബന്ധപ്പെട്ടു. വേറെ സ്റ്റേഷനിലേക്ക് വിളിക്കാനാണ് എല്ലാവരും പറഞ്ഞത്. ആരും കൃത്യമായി ഒരു മറുപടിയും തരാതെ ഒഴിഞ്ഞുമാറിയതായി യുവതി പറഞ്ഞു. പരാതി ആർക്ക് കൊടുക്കണമെന്നുപോലും പറഞ്ഞില്ല. തന്റെ ഇത്രയുംദിവസം നീണ്ട യാത്രയിൽ ആദ്യമായാണ് ഇങ്ങനെ മോശമായ അനുഭവമുണ്ടായതെന്നും യുവതി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2NF3SoT
via
IFTTT
No comments:
Post a Comment