കാടു പിടിച്ചു കിടക്കുന്ന സ്‌കൂളും പരിസരവും; ''ഇതു കേരളത്തിലാണോ?'' ജഡ്ജിമാരുടെ സംഘം ; 20 മിനിറ്റിനുള്ളില്‍ കഴിയാവുന്നതെല്ലാം ചെയ്തു, കോഴിക്കോട്ടേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചത് പിതാവെന്ന് ഡോ. ജിസ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 22, 2019

കാടു പിടിച്ചു കിടക്കുന്ന സ്‌കൂളും പരിസരവും; ''ഇതു കേരളത്തിലാണോ?'' ജഡ്ജിമാരുടെ സംഘം ; 20 മിനിറ്റിനുള്ളില്‍ കഴിയാവുന്നതെല്ലാം ചെയ്തു, കോഴിക്കോട്ടേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചത് പിതാവെന്ന് ഡോ. ജിസ

ബത്തേരി: ''ഇതു കേരളത്തിലാണോ?''-സര്‍വജന സ്‌കൂളില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ ജഡ്ജിമാരുടെ സംഘം ചോദിച്ചതാണ് ഇത്. കാടു പിടിച്ചു കിടക്കുന്ന സ്‌കൂളും പരിസരവും. വൃത്തിഹീനമായ മൂത്രപ്പുരകള്‍. അവിടെയും കാടുപടലം. വൃത്തിഹീനമായ സ്‌കൂള്‍ പരിസരം കണ്ട് ജഡ്ജിമാര്‍ സ്തംബ്ധരായി. ഷഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റു മരിച്ചതിനെത്തുടര്‍ന്നു െഹെക്കോടതിയുടെ നിര്‍ദേശപ്രകാരം വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ എ. ഹാരിസ്, ജില്ലാ ജഡ്ജി െബെജുനാഥ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി കെ.പി. സുനിത എന്നിവരടങ്ങിയ സംഘമാണ് സ്‌കൂള്‍ സന്ദര്‍ശിച്ചത്.

പാമ്പിന്റെ മാളമുള്ള ക്ലാസ് മുറിയും സ്‌കൂള്‍ പരിസരവും ജഡ്ജിമാര്‍ കണ്ടു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിനു പ്രധാനാധ്യാപകന്‍ ഉള്‍പ്പടെയുള്ളവരെ ജഡ്ജിമാര്‍ വിമര്‍ശിച്ചു. മുഴുവന്‍ അധ്യാപകരും സ്‌കൂളിലുണ്ടായിരുന്നില്ല. ''എല്ലാവരോടും എത്താന്‍ പറഞ്ഞിരുന്നതാണല്ലോ'' എന്ന ജില്ലാ ജഡ്ജിയുടെ ചോദ്യത്തിനു പ്രധാനാധ്യാപകനു വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഒരു കുട്ടിയുടെ മരണം എന്ന രീതിയില്‍ കാണാതെ സ്വന്തം കുട്ടിക്കുണ്ടായ ദുരവസ്ഥ എന്ന നിലയ്ക്കാണ് ഈ സംഭവത്തെ കാണേണ്ടതെന്നു ജില്ലാ ജഡ്ജി പറഞ്ഞു. സംഭവത്തേക്കുറിച്ചു െഹെക്കോടതി ജഡ്ജി വിളിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണു സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയതെന്നും ജില്ലാ ജഡ്ജി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വിഷയത്തില്‍ ഇടപെടും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

സ്‌കൂളിലെ സ്ഥിതി പരിതാപകരമാണ്. വിഷയം സംബന്ധിച്ച് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് െഹെക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. ഷഹ്‌ലയുടെ വീട്ടിലെത്തി മാതാപിതാക്കളെയും ജഡ്ജിമാര്‍ കണ്ടു. പെണ്‍കുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചത്
പിതാവ് ആണെന്നും രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്‌തെന്നും ഡോ. ജിസ പറഞ്ഞു.

ഷഹ്‌ല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണം ശരിയല്ലെന്നും 20 മിനിറ്റിനുള്ളില്‍ തനിക്കു കഴിയാവുന്നതെല്ലാം ചെയ്തുവെന്നും സസ്‌പെഷന്‍ഷനിലായ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ. മറ്റു ഡോക്ടര്‍മാര്‍ക്കയച്ച കുറിപ്പിലാണ് തന്റെ ഭാഗം ഡോ. ജിസ വിശദീകരിക്കുന്നത്.

താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഉണ്ടായിരുന്നില്ല. കുട്ടിയുടെ ശരീരത്തില്‍ രക്തം കട്ടപിടിക്കാന്‍ തുടങ്ങിയ സമയം അറിയില്ലായിരുന്നു, ആന്റി സ്‌നേക്ക് വെനം നല്‍കാന്‍ കുട്ടിയുടെ പിതാവിനു സമ്മതമായിരുന്നില്ല, പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് കുട്ടിയില്‍നിന്ന് ആധികാരികമായ വിവരങ്ങള്‍ ലഭ്യമായില്ല, അധ്യാപകര്‍ മുറിവു വൃത്തിയാക്കാന്‍ ശ്രമിച്ച വിവരം അറിയിച്ചിരുന്നില്ല, വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചശേഷമാണ് കുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കുറിപ്പിലുള്ളത്.

''കുട്ടിയെ റഫര്‍ ചെയ്യുമ്പോള്‍ കണ്‍പോളകള്‍ക്കു നാമമാത്രമായ ചലനശേഷിയേ ഉണ്ടായിരുന്നുള്ളു. മുറിവുള്ള ഭാഗത്തു ചുവപ്പു നിറം വ്യാപിച്ചുകൊണ്ടിരുന്നു. വിഷബാധയേറ്റെന്ന സംശയത്താല്‍ ഞാന്‍ ആന്റിവെനം സ്‌നേക്ക് കൊടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കുട്ടിയുടെ പിതാവ് കോഴിക്കോട്ടേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചശേഷമാണ് ഞാന്‍ റഫര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചത്. മുതിര്‍ന്ന സഹപ്രവര്‍ത്തകരോട് ഉപദേശം തേടിയപ്പോള്‍ അങ്ങനെ ചെയ്യാനാണ് അവരും നിര്‍ദേശിച്ചത്.

കുട്ടിയെ റഫര്‍ ചെയ്തശേഷമാണ് ശരീരത്തില്‍ രക്തം കട്ടപിടിക്കാന്‍ തുടങ്ങിയ സമയം അറിഞ്ഞത്. ആ വിവരം ആശുപത്രി ജീവനക്കാര്‍ ആംബുലന്‍സ് ഡ്രൈവറോടു പറഞ്ഞിരുന്നു. ഞാന്‍ സ്വയം ന്യായീകരിക്കുന്നില്ല. വിശദീകരണമെല്ലാം അധികൃതര്‍ക്ക് നല്‍കിയെങ്കിലും അവസാനം എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയാണെ്'' -ഡോ. ജിസ പറയുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ ആന്റിവെനം നല്‍കാതിരുന്നതു ഗുരുതര വീഴ്ചയാണെന്നു വയനാട് ഡി.എം.ഒ. ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ക്കു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വയനാട് ഡെപ്യൂട്ടി ഡി.എം.ഒ: ഡോ.ആന്‍സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഡയറക്ടര്‍ക്കു െകെമാറിയത്.

പാമ്പു വിഷബാധയേറ്റവര്‍ക്കു നല്‍കുന്ന പ്രതിരോധ മരുന്നായ ആന്റിവെനം ആശുപത്രിയിലുണ്ടായിരുന്നു. രക്ത പരിശോധനയില്‍ കുട്ടിക്കു വിഷബാധയേറ്റതാണെന്നു ഡ്യൂട്ടി ഡോക്ടര്‍ക്കു മനസിലായിരുന്നു. എന്നിട്ടും പ്രതിരോധ മരുന്നു നല്‍കാന്‍ ഡോക്ടര്‍ ശ്രമിച്ചില്ല. ഇതു ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആന്റിവെനം നല്‍കാതെ താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കുട്ടിയെ റഫര്‍ ചെയ്തതാണ് മരണത്തിന് ഇടയാക്കിയത്.

ബത്തേരിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്താന്‍ ചുരുങ്ങിയത് രണ്ടര മണിക്കൂര്‍ വേണം. ഇതിനിടെ ചുരത്തില്‍ ഗതാഗത തടസമുണ്ടായാല്‍ വീണ്ടും െവെകും. ഈ സാഹചര്യത്തില്‍ കുട്ടിയുടെ ശാരീരിക അവസ്ഥ മനസിലാക്കി ഉചിതമായ തീരുമാനമെടുക്കുന്നതില്‍ ഡോക്ടര്‍ക്കു വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഡോക്ടറുടെ ഭാഗത്തുനിന്നുള്ള വീഴ്ച വ്യക്തമായി ചൂണ്ടിക്കാട്ടാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ ഡോക്ടര്‍മാരുടെ സംഘടനകളില്‍നിന്നു ശക്തമായ സമ്മര്‍ദമുണ്ടായിരുന്നെന്നാണ് സൂചന. ഇത് അവഗണിച്ചാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.



from mangalam.com https://ift.tt/33ebpRw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages