കണ്ണൂർ: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി എ.പി. അബ്ദുള്ളക്കുട്ടിയെ നിയമിച്ച ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ പൊടുന്നനെയുള്ള നീക്കത്തിനുപിന്നിൽ കേരളത്തിലെ മുസ്‌ലിം വോട്ടുബാങ്ക്. ബി.ജെ.പി.യിൽ ചേർന്നശേഷം മാസങ്ങൾക്കകമാണ് അബ്ദുള്ളക്കുട്ടിയെ സംസ്ഥാന വൈസ് പ്രസിഡൻറാക്കുന്നത്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ലെന്ന് വ്യക്തം. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അബ്ദുള്ളക്കുട്ടി മുൻപന്തിയിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബി.ജെ.പി. മുന്നേറ്റം ഉണ്ടായപ്പോൾ കേരളം രാഹുൽഗാന്ധിക്കും കോൺഗ്രസ്സിനുമൊപ്പമായിരുന്നു. അമേഠിയിൽ അരലക്ഷത്തിനു തോറ്റ രാഹുൽഗാന്ധിക്ക് വയനാട്ടിൽ ലഭിച്ചത് നാലു ലക്ഷത്തിലധികം ഭൂരിപക്ഷം. കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ വോട്ടിൽ മഹാഭൂരിഭാഗവും യു.ഡി.എഫിനൊപ്പം ചാഞ്ഞതാണ് ഇത്ര വലിയ വിജയത്തിന് കാരണമെന്ന് ബി.ജെ.പി. തിരിച്ചറിഞ്ഞു.മുസ്‌ലിം വിരുദ്ധ പാർട്ടി എന്ന പേരുദോഷം കഴുകിക്കളയാനുള്ള നീക്കമാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ച സ്ഥാനം. പേരിനു ചില മുസ്‌ലിം നേതാക്കൾ പാർട്ടിക്കൊപ്പമുണ്ടെങ്കിലും അവർക്കൊന്നും ഉന്നതപദവി ബി.ജെ.പി. നൽകിയിട്ടില്ല. അബ്ദുള്ളക്കുട്ടി രണ്ടുതവണ സി.പി.എം. എം.പി.യായിരുന്നു. രണ്ടുതവണ കോൺഗ്രസ് എം.എൽ.എയും. ഈ രണ്ടു പാർട്ടിയിലും സംസ്ഥാന തലത്തിലോ ജില്ലാതലത്തിലോ മുതിർന്ന ഭാരവാഹിത്വം ലഭിച്ചിരുന്നുമില്ല.രാജ്യത്ത് മുസ്‌ലിം വോട്ടുകൾ ശക്തികേന്ദ്രമായ സംസ്ഥാനമാണ് കേരളം. 140 മണ്ഡലങ്ങളിലും നിർണായകസ്ഥാനം ഈ വോട്ട് ബാങ്കിനുണ്ടെന്ന് ബി.ജെ.പി.ക്കറിയാം. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം ബി.ജെ.പി.യെ മുസ്‌ലിം വിരുദ്ധ പാർട്ടിയെന്ന പൊതുമനോഭാവം മാറ്റുന്നതിന് സഹായകമായേക്കുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നു. കേരളത്തിലെ ബി.ജെ.പി.യിലെ ഗ്രൂപ്പുപോരും വളർച്ചാമുരടിപ്പും ഗൗരവമായാണ് കേന്ദ്രനേതൃത്വം കാണുന്നത്. യു.പി., ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മുസ്‌ലിം വോട്ടുകൾ കുറെയൊക്കെ നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ അങ്ങനെയല്ല. കൃസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് കുറെ നേതാക്കളെ ബി.ജെ.പി.ക്ക് ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമമാണ് തന്നെ നിയമിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് അബ്ദുള്ളക്കുട്ടിതന്നെ പറയുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2BCfDH2
via
IFTTT
No comments:
Post a Comment