ജംഷീർ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പ് മംഗളൂരു: '100 വർഷംവരെ ഒന്നും വേണ്ട, 35 വയസ്സുവരെ ധാരാളം... ഇനി അവശേഷിക്കുന്നത് അഞ്ചുവർഷം മാത്രം... സനാതനധർമത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണം... തൗബചെയ്ത് മടങ്ങണം...' കുടജാദ്രിമലമുകളിൽവെച്ച് മിന്നലേറ്റ് ജീവൻ നഷ്ടപ്പെടുന്നതിന് ദിവസങ്ങൾക്കുമുൻപ് പെരുമണ്ണ പീടികത്തൊടികയിൽ ജംഷീർ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. അറംപറ്റിയപോലെ 35-ാം വയസ്സിൽ ജംഷീറിനെ മരണം കൊണ്ടുപോയി. അതും ഏറ്റവും പ്രിയപ്പെട്ട കുടജാദ്രിമലമുകളിലെ ചിത്രമൂലയ്ക്കരികിൽവെച്ച്. സുഹൃത്തുകൾക്കൊപ്പം സാഹസികസഞ്ചാരം നടത്തുന്നത് ഇഷ്ടപ്പെടുന്നയാളായിരുന്നു ഫോട്ടോഗ്രാഫർകൂടിയായ ജംഷീർ. ജംഷീർ കരിമ്പനക്കൽ എടക്കാടൻ എന്നപേരിൽ താൻ നടത്തിയ യാത്രാവിശേഷങ്ങളൊക്കെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. കുടജാദ്രിയിൽവെച്ച് ഫോണിൽ സംസാരിക്കുമ്പോൾ ശനിയാഴ്ച വൈകുന്നേരമാണ് മിന്നലേറ്റത്. സുഹൃത്തുക്കൾക്കൊപ്പം സർവജ്ഞപീഠം കയറാൻ പോയതാണ്. മിന്നലേറ്റയുടനെ മരണം സംഭവിച്ചു. മൃതദേഹം മലമുകളിൽനിന്ന് താഴെയെത്തിക്കാൻ ബുദ്ധിമുട്ടി. കൊല്ലൂർ ബീന റസിഡൻസി ഉടമ സി.സി.പ്രേമചന്ദ്രനും സുഹൃത്തുക്കളുമാണ് പിന്നീട് മൃതദേഹം താഴെയെത്തിക്കാൻ സഹായിച്ചത്. നഗര പോലീസ് ഇൻക്വസ്റ്റ് നടത്തി സർക്കാർ ആസ്പത്രിയിൽ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തിച്ച് കബറടക്കി. പെരുമണ്ണ പീടികത്തൊടിയിൽ ഇമ്പിച്ചിബാവയുടെയും സൽമയുടെയും മകനാണ് ജംഷീർ. ആദിൽ, നുസ്രത്ത് എന്നിവർ സഹോദരങ്ങളാണ്. സമുദ്രനിരപ്പിൽനിന്ന് 1343 മീറ്റർ ഉയരത്തിലുള്ള കുടജാദ്രിമലനിരയിൽ മിന്നലേൽക്കുന്നത് പതിവായി. കഴിഞ്ഞവർഷവും മിന്നലേറ്റ് മലയാളിയുവാവ് മരിച്ചു. സുഹൃത്തുക്കളായ രണ്ടുപേർക്ക് മിന്നലിൽ പരിക്കേറ്റു. content highlights:jamsheer mangaluru,kudajadri
from mathrubhumi.latestnews.rssfeed https://ift.tt/2M1nMuD
via
IFTTT
No comments:
Post a Comment