സാമ്പത്തികപ്രതിസന്ധി നേരിടുന്ന ബി.എസ്.എൻ.എല്ലിനെയും എം.ടി.എൻ.എല്ലിനെയും രക്ഷപ്പെടുത്താൻ രണ്ടു സ്ഥാപനങ്ങളുടെയും ലയനവും ജീവനക്കാർക്ക് സ്വയംവിരമിക്കൽ പദ്ധതിയും (വി.ആർ.എസ്.) ഉൾപ്പെടുന്ന പുനരുജ്ജീവനപദ്ധതി കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചു. നാലുകൊല്ലംകൊണ്ടാണ് പദ്ധതി പൂർണമായി നടപ്പാക്കുക. ഇരുസ്ഥാപനങ്ങൾക്കും 2016-ലെ നിരക്കൽ 4ജി സ്പെക്ട്രം അനുവദിക്കും. രണ്ടിനുംകൂടിയുള്ള 40,000 കോടി രൂപയുടെ കടത്തിൽനിന്നു കരകയറാൻ 15,000 കോടി രൂപയുടെ സർക്കാർ ഗാരന്റിയോടുകൂടിയ ബോണ്ട് പുറത്തിറക്കും. 38,000 കോടി രൂപയുടെ ആസ്തി പണമാക്കി മാറ്റുകയും ചെയ്യും. സ്വയം വിരമിക്കുന്നവർക്ക് ആകർഷകമായ സാമ്പത്തിക പാക്കേജാണ് നൽകുകയെന്ന് മന്ത്രിസഭായോഗത്തിനുശേഷം ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. വി.ആർ.എസ്. 50 വയസ്സിനു മുകളിലുള്ളവർക്കായിരിക്കും വി.ആർ.എസ്. അഥവാ സ്വയംവിരമിക്കൽ പദ്ധതി. അമ്പത്തിമൂന്നര വയസ്സുള്ളയാൾ സ്വയം വിരമിക്കുകയാണെങ്കിൽ 60 വയസ്സുവരെയുള്ള ശമ്പളം, പിന്നീടുള്ള പെൻഷൻ, ഗ്രാറ്റ്വിറ്റി എന്നിവയെല്ലാംകൂടി 125 ശതമാനംവരെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 29,937 കോടി രൂപയാണ് വി.ആർ.എസിനായി കേന്ദ്രം നീക്കിവെക്കുക. ഇതിൽ 17,169 കോടി രൂപ വിരമിക്കലിനുള്ള എക്സ്ഗ്രേഷ്യക്കും 17,169 കോടിരൂപ പെൻഷൻ ആനുകൂല്യം മുൻകൂറായി നൽകാനുമായിരിക്കും. ബി.എസ്.എൻ.എല്ലിനെയും എം.ടി.എൻ.എല്ലിനെയും മറ്റു സേവനദാതാക്കളെപോലെ മത്സരക്ഷമമാക്കേണ്ടതുണ്ട്. ഇതര സേവനദാതാക്കൾ ജീവനക്കാർക്കായി അഞ്ചുശതമാനംതുക ചെലവഴിക്കുമ്പോൾ രണ്ടു പൊതുമേഖലാസ്ഥാപനങ്ങളും 70 ശതമാനം തുകയാണ് ജീവനക്കാർക്കുവേണ്ടി നീക്കിവെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ പാക്കേജിന് ജീവനക്കാരുടെ യൂണിയനുകൾ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. നല്ല പാക്കേജാണെങ്കിൽ പിന്തുണയ്ക്കുമെന്ന് അവർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിൽ ചില പൊതുമേഖലാസ്ഥാപനങ്ങളിൽ നടപ്പാക്കിയ വിജയകരമായ വി.ആർ.എസ്. പാക്കേജിന്റെ മാതൃകയിലുള്ളതാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. 4ജി സേവനം ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട ബ്രോഡ്ബാൻഡ്, ഡേറ്റാ സേവനങ്ങൾക്കായി 4ജി സ്പെക്ട്രം 2016-ലെ നിരക്കിൽ അനുവദിക്കും. ഇതിനായി 20,140 കോടി രൂപ കേന്ദ്രം ചെലവഴിക്കും. സ്പെക്ട്രത്തിന്റെ ജി.എസ്.ടി. നിരക്കായ 3,674 കോടി രൂപ കേന്ദ്രം ബജറ്റ് വിഹിതമായി അനുവദിക്കും. ഗ്രാമീണമേഖലയിൽ വേഗംകൂടിയ ഡേറ്റ ലഭ്യമാക്കാൻ 4ജി വഴി സാധിക്കും. ബോണ്ട് 15,000 കോടി രൂപയുടെ ദീർഘകാല ബോണ്ടുകൾ ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും പുറത്തിറക്കും. കേന്ദ്രസർക്കാരിന്റെ ഗാരന്റിയുള്ളതായിരിക്കും ബോണ്ട്. ലയനം ഇരു സ്ഥാപനങ്ങളെയും ലയിപ്പിക്കും. കുറച്ചു സമയമെടുത്തായിരിക്കും ലയന നടപടികൾ പൂർത്തിയാക്കുക. എം.ടി.എൻ.എൽ. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ്. ആ നിലയ്ക്ക് ഓഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കേണ്ടിവരും. ലയനമുൾപ്പെടെയുള്ള കാര്യങ്ങൾ രണ്ടു കമ്പനികളുടെയും ബോർഡുകൾ തീരുമാനിക്കും. പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തുടർതീരുമാനങ്ങൾ കൈക്കൊള്ളാൻ മന്ത്രിതലസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടുവർഷംകൊണ്ട് ടെലികോം കമ്പനികൾ ലാഭകരമാകുമെന്ന് മന്ത്രി പ്രത്യാശിച്ചു. Content Highlights:BSNL, MTNL, VRS
from mathrubhumi.latestnews.rssfeed https://ift.tt/33W03SJ
via
IFTTT
No comments:
Post a Comment