അച്ചുതാനന്ദൻ എന്ന പേരിനോട് ചേർന്ന് വരുമ്പോൾ വി.എസ് എന്ന രണ്ടക്ഷരങ്ങൾക്ക് മറ്റൊരു മാനം വരുന്നു. പോയ ഒരു നൂറ്റാണ്ടിൽ മലയാളി കടന്നുപോന്ന ഒട്ടുമിക്ക മുന്നേറ്റങ്ങളിലും സമരങ്ങളിലും വിവാദ ചലനങ്ങളിലുമെല്ലാം വി.എസിന്റെ മുദ്രയുണ്ട്. കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ഇന്ത്യയിൽ ഇന്ന്ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നേതാവായിരിക്കുമ്പോഴും വി.എസിന്റെ നിലപാടുകൾ പാർട്ടി നയങ്ങൾക്കനുസരിച്ച് മാത്രമായിരുന്നില്ല ഒരിക്കലും.എല്ലാ കാലത്തേയ്ക്കും നിലനിൽക്കേണ്ട ഈ ഭൂമിയും അതിൽ വരാനിരിക്കുന്ന അനന്തം തലമുറകളുമായിരുന്നു അദ്ദേഹത്തിന് പ്രധാനം.ഒക്ടോബർ 20ന്വി.എസിന്96 വയസ്സാവുമ്പോൾ ഏറ്റവും പുതിയ തലമുറയുടെ ഒരു പ്രതിനിധി അദ്ദേഹത്തോട്സംസാരിക്കുന്നു വി.എസ്. എന്നാൽ മലയാളിയ്ക്ക് വെറും രണ്ട്രാഷ്ട്രീയക്ഷരങ്ങൾ മാത്രമല്ല.പതിറ്റാണ്ടുകളിലൂടെ അതിലുപരിയായി ആ രണ്ടക്ഷരങ്ങൾ വളരുകയും പടരുകയും ചെയ്തിരിക്കുന്നു. അവയ്ക്ക്പിറകിൽ എപ്പോഴും ഒരു സാധാരാണക്കാരന്റെ മനസ്സും ഹൃയവും സ്പന്ദിക്കുന്നത്കാതോർത്താൽ കേൾക്കാം.നമ്മിലൊരാളാണ്് ഈ മനുഷ്യൻ എന്ന്എപ്പോഴും തോന്നിപ്പിക്കുന്നു;അങ്ങിനെയതന്നെയെന്ന്വ്യത്യസ്ത വിഷയങ്ങളോടുള്ള സമീപനങ്ങളിലൂടെ നമ്മെ അനുഭവിപ്പിക്കുന്നു-അത്മനുഷ്യനീതിയാണെങ്കിലും സ്ത്രീ സുരക്ഷയാണെങ്കിലും പരിസ്ഥിതിസുരക്ഷയാണെങ്കിലും അഴിമതിക്കെതിരെയുള്ള മുഖംനോക്കാതെയുള്ള പോരാട്ടമാണെങ്കിലും ഉൾപ്പാർട്ടി നവീകരണമാണെങ്കിലും.പരസ്പരം നേരിട്ടറിയില്ലെങ്കിലും ഏതൊരു മലയാളിയും ഹൃദയത്തിൽ വി.എസിന് ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അരാഷ്ട്രീയരെന്ന്മുദ്രകുത്തപ്പെട്ട ഞങ്ങളുടെ ഏറ്റവും പുതിയ തലമുറയുടെ മനസ്സിലും വി.എസ് ഉണ്ട്. ആ സ്നേഹവും ബഹുമാനവുംകൊണ്ടാണ് അദ്ദേഹത്തെ കാണാൻ ചെന്നത്. ഒരു അഭിമുഖത്തിന് തയ്യാറാകുമോ എന്ന് അന്വേഷിച്ചപ്പോൾ പനിക്കാലമായതിനാൽ വയ്യ എന്നായിരുന്നു ആദ്യ മറുപടി. പനിയും ശ്വാസംമുട്ടും ജലദോഷവുമൊക്കെ അലട്ടുന്നുണ്ടായിരുന്നു അന്ന്. വിഎസുമായി അഭിമുഖത്തിന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഒരു മുത്തച്ഛന്റെ വാത്സല്യത്തോടെ ചിരിച്ചുകൊണ്ട് മൂളുക മാത്രം ചെയ്തു. മാതൃഭൂമിയിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ ഓ, ഞാൻ വായിക്കുകയായിരുന്നു എന്ന് പറഞ്ഞ് മേശപ്പുറത്ത് മടക്കിവെച്ചിരുന്ന ആഴ്ചപ്പതിപ്പിലേക്ക് കൈചൂണ്ടി. വീടെവിടെയാണ് അദ്ദേഹം ചോദിച്ചു മൂന്നാർ. മൂന്നാറിൽ ഉണ്ടാക്കിയ കോലാഹലങ്ങൾ ഒക്കെ ഓർമയുണ്ടോ ? ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ഉറക്കെച്ചിരിച്ച് അഭിവാദ്യം ചെയ്യുന്ന മട്ടിൽ കൈയുയർത്തി . ഇപ്പോഴും വായനയുണ്ടോ എന്ന എന്റെ അത്ഭുതത്തിന് വായനയില്ലാതെ വിഎസ് ഉണ്ടോ എന്ന് കൂടെ നിന്ന സഹായികളിൽ ഒരാളാണ് മറുപടി പറഞ്ഞത്. അധികം സംസാരിക്കാൻ വയ്യ. എങ്കിൽ ശരി എന്ന് അവർ ധൃതി വെച്ചുകൊണ്ടിരുന്നു. വിഎസിനോട് ഒരുപാട് സംസാരിക്കണം എന്നുണ്ട്. പക്ഷേ ഇവർ സമ്മതിക്കുന്നില്ല എന്ന്ഞാൻ അൽപ്പം വിഷമത്തോടെ പറഞ്ഞപ്പോൾ പിന്നെയാവാം എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും കൈനീട്ടി. കൂടെ നിന്ന് ഒരു സെൽഫി എടുത്ത് അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. പിന്നെ പലവട്ടം പോയി കണ്ടാണ് ഈ അഭിമുഖ സംഭാഷണം തയ്യാറാക്കിയത്. വിഎസ് എന്ന രാഷ്ട്രീയം എല്ലാവർക്കും അറിയാം. അതിനപ്പുറം വിഎസ് എന്ന നിരീക്ഷകൻ, വിഎസ് എന്ന ചരിത്രം, വിഎസ് എന്ന മുത്തശ്ശൻ, വിഎസ് എന്ന വീട്ടുകാരൻ അതൊക്കെയാണ് ഈ അഭിമുഖത്തിലൂടെ അന്വേഷിക്കാൻ ശ്രമിച്ചത് ?വിഎസിന് 96 വയസായി. എന്നാൽ ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ എന്ന ഭാരിച്ച ഉത്തരവാദിത്തം ഇപ്പോഴും കാര്യക്ഷമമായി നിർവ്വഹിക്കുന്നു. നാല് റിപ്പോർട്ടുകളാണ് ഇതുവരെ സമർപ്പിച്ചത്. ഈ പ്രായത്തിലും എങ്ങനെ ഊർജസ്വലത നിലനിർത്തുന്നു =ഭരണപരിഷ്കാരത്തെക്കുറിച്ച് പഠനം നടത്തി നിഗമനങ്ങളിലെത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. എന്നാൽ അത് ഞാൻ തനിച്ച് ചെയ്യുന്ന പ്രവൃത്തിയല്ല. കേരളത്തിലെ ജനങ്ങളും ഉദ്യോഗസ്ഥരും ഗവേഷകരുമെല്ലാം കമ്മീഷന്റെ പഠനപ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുന്നുണ്ട്. നാലാമത് ഭരണപരിഷ്കാര കമ്മീഷൻ രൂപീകരിക്കപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇതിനകം നാല് റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചു. മുൻകാല റിപ്പോർട്ടുകളിൽനിന്ന് വ്യത്യസ്തമായി, സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾക്ക് എന്ത് സംഭവിക്കുന്നു എന്ന വിലയിരുത്തലും ഈ കമ്മീഷൻ നടത്തുന്നുണ്ട്.ജനാധിപത്യ വ്യവസ്ഥയിൽ, ജനങ്ങളാണ് പരമാധികാരികൾ എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും, ഭരണനിർവ്വഹണ കാര്യങ്ങളിൽ അവർക്ക് ആ പരമാധികാരമില്ല എന്നതാണ് വസ്തുത. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ നയങ്ങളും നടപടികളും എന്താണെന്ന് പോലും പലപ്പോഴും അവർ അറിയുന്നില്ല. എന്തെല്ലാം മേന്മകൾ അവകാശപ്പെട്ടാലും ജനാധിപത്യ സംവിധാനത്തിലൂടെ രൂപീകരിക്കപ്പെട്ട സർക്കാരിനെ ജനങ്ങളിൽനിന്നും അകറ്റുന്ന എന്തോ ചിലത് ഈ ഭരണസംവിധാനത്തിനകത്തുതന്നെ നിലനിൽക്കുന്നുണ്ട്. അതെന്താണെന്ന് കണ്ടെത്തുകയും സർക്കാർ സേവനങ്ങളെക്കുറിച്ച് പൊതുവായ അവബോധം ജനങ്ങളിൽ ഉണ്ടാക്കുകയും വേണം.പിന്നെ, ഊർജസ്വലത നിലനിർത്തുന്ന കാര്യം. ഞാൻ പുക വലിക്കാറില്ല, മദ്യപിക്കാറില്ല, ചായ പോലും കുടിക്കാറില്ല. ഒരു ശരാശരി മനുഷ്യന് ആവശ്യമായ ആഹാരം മാത്രം കഴിക്കുകയും, ജീവിതചര്യ കൃത്യമായി പാലിക്കുകയും ചെയ്യുന്ന ആർക്കും അതത് പ്രായത്തിനനുസരിച്ചുള്ള ഊർജസ്വലത നിലനിർത്താനാവും. ? രാവിലെ വിഎസ് സൂര്യനമസ്കാരം നടത്തുന്നതും യോഗ ചെയ്യുന്നതും യുവാക്കൾക്ക് പോലും മാതൃകയും ആവേശവും ആയിരുന്നു. ഇപ്പോഴും ആ ദിനക്രമം തുടരുന്നുണ്ടോ =സൂര്യനമസ്കാരവും അതുപോലുള്ള വ്യായാമങ്ങളും ഈയിടെയായി ചെയ്യാറില്ല. യോഗയുടെ കാര്യത്തിലും ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. എന്നാൽ ദിവസവും കുറച്ചു ദൂരം നടക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. പണ്ട് യൂണിവേഴ്സിറ്റി കോളെജിന്റെ പരിസരത്തും സെക്രട്ടേറിയറ്റ് പരിസരത്തും നടക്കുമായിരുന്നു. ഇപ്പോൾ അതിന് ആരോഗ്യം അനുവദിക്കാറില്ല. വീട്ടിൽ വൈകുന്നേരങ്ങളിൽ കുറച്ചുനേരം നടക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ?പണ്ട് ഹോട്ടലിൽ കയറി ഉച്ചയൂണ് കഴിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നെ ജൈവപച്ചക്കറി ഉപയോഗിച്ചുള്ള ക്രമീകൃത ആഹാരത്തിലേക്ക് മാറി. കരിക്കിൻ വെള്ളവും തിളപ്പിച്ച വെള്ളവും ഉപ്പിട്ട നാരങ്ങാ വെള്ളവും മാത്രമാണ് കുടിക്കുന്നത്. അത്തരം ക്രമീകരണം ഇപ്പോഴുമുണ്ടോ =ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കാറാണ് പതിവ്. വീട്ടിൽ ആവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്യുന്നത് കുറെ കാലമായി തുടരുന്ന പതിവാണ്. അതൊരു ആഹാരക്രമത്തിന്റെ ഭാഗമായി തുടരുന്നതല്ല. കരിക്കിൻ വെള്ളം ഇപ്പോഴും കുടിക്കാറുണ്ട്. അത് ഡോക്ടറുടെകൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്ന പതിവൊന്നും എനിക്കില്ല. കുറെയൊക്കെ പലരും പറഞ്ഞുണ്ടാക്കുന്നതാണ്. ബിപി പ്രശ്നം ഉള്ളതുകൊണ്ട് ഉപ്പ് കുറവുള്ള ആഹാരങ്ങളാണ് പതിവ്. അച്ചാർ പോലുള്ളവയൊന്നും പണ്ടുമുതലേ കഴിക്കാറില്ല. ?പുന്നപ്ര വയലാർ സമര കാലയളവിൽ പൂഞ്ഞാറിൽ നിന്ന് പിടിച്ചപ്പോൾ പോലീസിന്റെ കൊടിയ മർദനത്തിന് ഇരയായിട്ടുണ്ട്. കാലിന് അടക്കം മാരകമായി മുറിവേറ്റു. അതിന്റെ പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടോ =എനിക്ക് മാത്രമല്ല, അക്കാലത്ത് നിരവധി സഖാക്കൾ കൊടിയ പീഡനത്തിനിരയായിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായിട്ടാണ് കേരളം ഇന്നത്തെ കേരളമായത് എന്ന് പറയാം. ലോക്കപ്പിൽ കിടന്നതും കാലിൽ ബയണറ്റ് കയറ്റിയതുമെല്ലാം ഏറെ വിശദീകരിക്കപ്പെട്ട വസ്തുതകളാണ്. കാലിലെ മുറിവിന്റെ പ്രശ്നങ്ങൾ ഇപ്പോഴില്ല. എന്നാൽ അക്കാലത്തെ മർദ്ദനങ്ങളുടെകൂടി ഫലമായിട്ടാവാം, ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. ? ഇപ്പോൾ വിഎസിന്റെ ഇഷ്ടങ്ങളും കൗതുകങ്ങളും എങ്ങനെയാണ്. പുസ്തക വായന നടക്കുന്നുണ്ടോ. പണ്ടും കഥാ - കവിത സാഹിത്യം വായിക്കുമായിരുന്നോ =ഔപചാരികമായി വലിയ വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത ആളാണ് ഞാൻ. പക്ഷെ, അത്യാവശ്യം ഭാഷാ സ്വാധീനം കൈവരിക്കാനായിട്ടുണ്ട്. അതിന് കാരണം വായനയും പ്രസംഗവുമാണ്. എന്നാൽ, പഴയതുപോലെ അതേ അളവിൽ വായന തുടരാൻ കഴിയുന്നില്ല. എന്റെ കണ്ണടയുടെ പവർ അടുത്തിടെയാണ് വർധിപ്പിക്കേണ്ടിവന്നത്. ?അഭിമന്യുവിനെ കുറിച്ചുള്ള സിനിമ പോയി കണ്ടിരുന്നു. മുമ്പ് അച്ഛനുറങ്ങാത്ത വീടും അറബിക്കഥയും വിഎസ് കണ്ടത് വലിയ വാർത്തയായിരുന്നു. സിനിമയോടുള്ള ഇഷ്ടം എങ്ങനെയാണ് =ഞാനൊരു സിനിമാ കമ്പക്കാരനല്ല. സിനിമ കാണില്ല എന്ന വാശിയുമില്ല. വല്ലപ്പോഴും വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമ കാണാൻ പോകുന്നത്. സിനിമ കണ്ടിറങ്ങിയാൽ, പിന്നെ ഏറെക്കാലം അതേക്കുറിച്ച് ഓർക്കാറുമില്ല. അതിനാൽത്തന്നെ, സിനിമയെക്കുറിച്ച് ചോദിച്ചാൽ കാര്യമായി ഒന്നുംതന്നെ വിവരിക്കാൻ എനിക്ക് കഴിയില്ല. എന്റെ ചെറുപ്പത്തിലൊക്കെ നാടകമായിരുന്നു, പ്രധാനം എന്നതുകൊണ്ടുകൂടിയാവാം. ?വീട്ടിൽ വിഎസ് എങ്ങനെയാണ്. അച്ഛന്റെയും അപ്പൂപ്പന്റെയും റോളുകൾ എത്ര ഭംഗിയായി നിർവഹിച്ചു എന്നാണ് കരുതുന്നത്. =വസുമതിയും ഞാനും അനുയായികളായിരുന്നു . വിവാഹ ശേഷവും അതങ്ങനെ തന്നെ. വലിയ സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ട്. ഞാൻ തിരക്കിലായിരുന്ന കാലത്തെല്ലാം അവർ വീട് നന്നായി നോക്കി നടത്തി. എന്റെ ഒരു കാര്യങ്ങളിലും വീഴ്ച വരുത്തിയിട്ടില്ല. എന്റെ ആരോഗ്യം എന്നും ആ കൈകളിൽ ഭദ്രം. അടിയന്തരാവസ്ഥ കാലത്ത് തിരുവനന്തപുരത്ത് പൂജപ്പുര ജയിലിലായിരുന്നു. മകൻ അരുൺ ആലപ്പുഴയിൽ നിന്ന് വരും , എന്നെ കാണാൻ. അവൻ അന്ന് ചെറുതാണ്. പിന്നീട്, പ്രവർത്തകനായി തിരക്കായപ്പോഴും വീട്ടിൽ ചെലവഴിക്കുന്ന സമയം കുറവാണ്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും കോഴിക്കോടേക്കും മറ്റുമുള്ള യാത്രക്കിടെ വീട്ടിൽ രാത്രി കയറും. വെളുപ്പിന് പോകും. ഞാൻ ചെല്ലുന്നത് കാത്ത് മക്കൾ അരുണും ആശയും ഇരിക്കും. അപ്പോഴാണല്ലോ അവർക്ക് കാണാൻ കിട്ടുക. കൊച്ചുമക്കളോട് വലിയ അടുപ്പമാണ്. സ്കൂൾ വിട്ടുവന്നാൽ ഓടിയെത്തുക എന്റെ മടിയിലേക്കാണ്. അവരില്ലാതെയിരിക്കുമ്പോൾ എന്തോപോലെയാണ്. അരുണിന് രണ്ട് മക്കളാണ്. അർജുനും അരവിന്ദും. ആശയ്ക്ക് ഒരു മകളും മകനും. ആതിരയും ആനന്ദയും. വി.എസ് കൊച്ചുമക്കളായ ആനന്ദ്, അരവിന്ദ്, അർജുൻ, ആതിര എന്നിവർക്കൊപ്പം ? ലോക്കപ്പിലെ മർദനത്തിന് ഒടുവിൽ വിഎസ് മരിച്ചെന്ന് കരുതി, മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യാൻ സഹതടവുകാരെ ഏൽപ്പിച്ചതാണ്. അന്ന് കള്ളൻകോരൻ എന്ന തടവുകാരനാണ് വിഎസിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തിക്കുന്നത്. ആ കള്ളനോട് ആ തരത്തിൽ ഒരു കടപ്പാടുണ്ട്. കോരനെ വിഎസ് പിന്നീട് കണ്ടിരുന്നോ =ഇല്ല. കോരനല്ല, കോരപ്പനാണത്. ആ സംഭവങ്ങൾ പലയിടത്തും ഞാൻതന്നെ പറഞ്ഞിട്ടുള്ളതാണല്ലോ. ?രാജവാഴ്ചയ്ക്ക് എതിരെ വൻസമരം സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. പുന്നപ്രവയലാർ സമര കാലയളവിൽ കളർകോട് ക്യാമ്പിന്റെ ചുമതലക്കാരൻ ആയിരുന്നു. എന്നാൽ ഇന്ന് രാജവാഴ്ചയെ പുകഴ്ത്തുന്ന ഒരുതരം ചരിത്രവിരുദ്ധത സജീവമാണ്. ആ രാജവാഴ്ച എന്തായിരുന്നു എന്ന് വിഎസ് പറയുന്നത്, ഇന്നത്തെ തലമുറയ്ക്ക് ഉപകാരപ്രദം ആയിരിക്കും. =ദിവാൻ ഭരണത്തിനെതിരെ സമരം സംഘടിപ്പിക്കാൻ ഞാനുമുണ്ടായിരുന്നു. പക്ഷെ, അതായിരുന്നു എന്റെ രാഷ്ട്രീയ രംഗപ്രവേശം എന്ന് പറയുന്നത് വസ്തുതാപരമാവില്ല. മൂലധനത്തിന്റെ ചൂഷണ നിയമങ്ങൾ തിരുവിതാംകൂറിലാണ് താരതമ്യേന നേരത്തെ വരികയും ശക്തിപ്പെടുകയും, അദ്ധ്വാന ശക്തികൾക്കെതിരായ ആക്രമണം നടത്തുകയും ചെയ്തത്. മലബാറിൽ ഭൂമിക്കു വേണ്ടി സമരം ചെയ്തവരാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതെങ്കിൽ തിരുവിതാംകൂറിൽ തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്നവർ ഇന്ത്യൻ യൂണിയനും, വോട്ടവകാശത്തിനും ഉത്തരവാദിത്വ ഭരണത്തിനും വേണ്ടി അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി കമ്യൂണിസ്റ്റുകാരാവുകയായിരുന്നു. ആ സമരങ്ങൾ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. തൊഴിലാളിവർഗത്തിന്റെ ഈ ആവശ്യങ്ങൾക്ക്് നേരെ വിപരീത ദിശയിൽ, അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കാൻ ശ്രമിച്ച ദിവാനെതിരെ നടന്ന രാഷ്ട്രീയ പണിമുടക്കും അതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലുമാണ് പുന്നപ്രവയലാർ സമരം. അങ്ങനെയൊരു സമരം ഇന്ത്യയിൽ വേറെ എവിടെയും നടന്നിട്ടില്ല. തൊഴിലാളികൾ വെച്ച ഡിമാന്റ് നോട്ടീസിൽ പറഞ്ഞത് ഉത്തരവാദിത്വ ഭരണം വേണമെന്നും, അമേരിക്കൻ മോഡൽ ഭരണം പാടില്ലെന്നും, പ്രായപൂർത്തി വോട്ടവകാശം വേണമെന്നുമെല്ലാമായിരുന്നു. ഈ ആവശ്യങ്ങൾ തൊഴിലാളികളുടെ ഡിമാന്റല്ല എന്നായിരുന്നുവല്ലോ ദിവാന്റെ നിലപാട്. ഈ ഡിമാന്റുകൾ ഒഴിവാക്കി ചർച്ച ചെയ്യാമെന്ന നിർദ്ദേശം പക്ഷെ തൊഴിലാളികൾക്ക് സ്വീകാര്യമായില്ല. ഇതിനിടെ, കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. സാമൂഹ്യ ഉൽപ്പാദന പ്രക്രിയയായി കാർഷികോൽപ്പാദനം മാറണം. സാമൂഹ്യ ഉൽപ്പാദന വ്യവസ്ഥയെ, രാജ്യത്തിന് വേണ്ടത് എന്ന രീതിയിൽ കൃഷി മാറിത്തീരേണ്ടതുണ്ട്. അതിനാലാണ്, ക്ലിപ്തമായി ഭൂമിയെ തരംതിരിച്ചിട്ടുള്ളത്. അതൊരു സാമൂഹ്യ ബോധമാണ്. അതിനാലാണ്, കൃഷിഭൂമി തരം മാറുന്നതിനെതിരെ കർഷകത്തൊഴിലാളികൾ രംഗത്തുവരുന്നത്. കരിവെള്ളൂർ സമരത്തിന്റെ പശ്ചാത്തലം അതായിരുന്നു. സമൂഹത്തിനാവശ്യമുള്ള ഒരു ഉൽപ്പാദനോപാധി വികൃതമാക്കപ്പെടുമ്പോൾ കമ്യൂണിസ്റ്റുകാർ അതിനെ ചെറുക്കുക തന്നെ ചെയ്യും. റിയൽ എസ്റ്റേറ്റ് താൽപ്പര്യക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിക്കുമ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുക്കാൻ എന്നെ പ്രേരിപ്പിച്ചതും ഇതേ വികാരമാണ്. ?ജാതി മതം എന്നിവ മുമ്പെങ്ങും ഇല്ലാത്ത വിധം അക്രമോത്സുകമായി തിരികെ എത്തുന്ന കാലമാണിത്. മുഖ്യമന്ത്രിയെ വിമർശിക്കുക എന്നാൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുക എന്നായി മാറി. ഈ മതഭ്രാന്തിനെ എങ്ങനെ പ്രതിരോധിക്കാനാകും. =പെട്ടെന്നൊരു ദിവസം ജാതിയും മതവും രംഗത്തുവരുന്നു എന്ന രീതിയിലല്ല, അതിനെ കാണേണ്ടത്. ഇന്ന്, രാജ്യത്ത് സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധി തീവ്രമായിരിക്കുകയാണ്. സാമ്രാജ്യത്വ ആഗോളവത്ക്കരണവും വർഗ്ഗീയ ഫാഷിസവും ഒരുപോലെ ഈ പ്രതിസന്ധിക്ക് കാരണമാവുന്നു. തൊഴിലാളി കർഷകാദി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യങ്ങൾക്ക് തികച്ചും എതിരാണ്, ഇവരുടെ നയനടപടികൾ. സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധിക്കെതിരെ ഫലപ്രദമായ ബദൽ നയവും നേതൃത്വവും നൽകാൻ കഴിയാത്ത വിധത്തിൽ ബൂർഷ്വാ രാഷ്ട്രീയപ്പാർട്ടികൾ ജീർണിക്കുകയും ശോഷിക്കുകയും ചെയ്തിരിക്കുന്നു. സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ പോലും സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനും വർഗ്ഗീയ ഫാഷിസത്തിനുമെതിരെ തത്വാധിഷ്ഠിത നിലപാടെടുക്കാൻ അവർക്ക് കഴിയുന്നില്ല. പൊതു കുഴപ്പം മറികടക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ഉപായങ്ങളാണ് ഫാഷിസവും മത വർഗീയതയും സ്വത്വ രാഷ്ട്രീയവുമെല്ലാം. ജാതി വ്യവസ്ഥയ്ക്കും മതഭ്രാന്തിനും ഭാഷാ, വംശീയ, ദേശീയ സങ്കുചിത വാദങ്ങൾക്കും പുരുഷമേധാവിത്തത്തിനുമെതിരായ സമര പോരാട്ടങ്ങൾ പരിഹസിക്കപ്പെടുന്നതും ഇതുകൊണ്ടൊക്കെത്തന്നെ. ?അംബേദ്കറിസവും കമ്യൂണിസവും ഗാന്ധിസവും യോജിച്ച് പോകേണ്ട കാലഘട്ടമാണിത് എന്ന വാദമുഖമുണ്ട്. സാമ്രാജ്യത്വ വിരുദ്ധ കീഴാളപക്ഷ വിശാല രാഷ്ട്രീയത്തിന് സാധ്യതയുണ്ടോ =ഇല്ല. എന്നാൽ, ഇപ്പറഞ്ഞ ആശയങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുന്നവർക്ക് വർഗീയ ഫാഷിസത്തിനെതിരെ വിശാല ഐക്യത്തിൽ ഒത്തു വരാനാവും. അത് അടിയന്തിരവും അവശ്യവുമായ വിശാല ഐക്യമാണ്. അങ്ങനെയുള്ള ഒരു ഐക്യനിര ഫിനാൻസ് മൂലധന കടന്നുകയറ്റത്തെ ചെറുത്ത് തോൽപ്പിക്കാനും അതുപോലെ, ജാതി നശീകരണം ഉൾപ്പെടെ ജനാധിപത്യ സമൂഹ നിർമ്മിതിക്കായുള്ള വിവിധ കടമകൾ നിർവ്വഹിക്കാനും ശേഷിയുള്ളതായിരിക്കും. ?പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള വിഎസാണ് സോഫ്റ്റ് വെയർ രംഗത്തെ ബൗദ്ധിക സ്വത്ത് കുത്തകാവകാശത്തെ കുറിച്ച് കേരളത്തിൽ അവബോധം ഉണ്ടാക്കിയത്. ഇത്തരത്തിൽ പുതിയ വിഷയങ്ങൾ എങ്ങനെയാണ് ഏറ്റെടുത്തത്. റിച്ചാർഡ് സ്റ്റാൾ മാനുമായുള്ള ബന്ധം എങ്ങനെയായിരുന്നു =ഞാൻ രാഷ്ട്രീയത്തിലെത്തിയതും ഇടതുപക്ഷ രാഷ്ട്രീയം തെരഞ്ഞെടുത്തതും നിങ്ങൾ തുണിക്കടയിൽ പോയി തുണി തെരഞ്ഞെടുക്കുന്നതുപോലെ തെരഞ്ഞെടുത്തതായിരുന്നില്ല. ജീവിക്കാൻ തൊഴിലെടുക്കുകയും ആ തൊഴിലിടം എന്നെ രാഷ്ട്രീയക്കാരനാക്കി മാറ്റുകയുമായിരുന്നു. ഭൂമിയെ ഉൽപ്പാദനോപാധിയായും തൊഴിൽ ദാതാവായും കാണാൻ എന്നെ പഠിപ്പിച്ചതും ആ രാഷ്ട്രീയമാണ്. ഭൂമിയായാലും വിവരമായാലും അതിൽ പണിയെടുത്ത് കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് ആ രാഷ്ട്രീയം എന്നെ പഠിപ്പിച്ചത്. കമ്പ്യൂട്ടറിനെക്കുറിച്ചോ, സോഫ്റ്റ് വെയറിനെക്കുറിച്ചോ ആയിരുന്നില്ല, വിജ്ഞാനം ചിലർ കുത്തകയാക്കി വെച്ച്, അത് വിറ്റ് ലാഭം കൊയ്യുന്നതിനെക്കുറിച്ചാണ് ഞാൻ വേവലാതിപ്പെട്ടത്. സ്കൂൾ പാഠ്യപദ്ധതിയിലൂടെ, നമ്മുടെ കുഞ്ഞുങ്ങളെക്കൂടി അവർ വലയിലാക്കുന്നതിനെ എതിർത്ത് തോൽപ്പിക്കാൻ അങ്ങനെയാണ് കഴിഞ്ഞത്. വാസ്തവത്തിൽ, എനിക്കറിയാത്ത സാങ്കേതികവിദ്യയും പാഠ്യപദ്ധതിയുടെ പ്രയോഗവുമെല്ലാം ആ വിഷയത്തിലുണ്ടായിരുന്നു. അത്തരം കാര്യങ്ങളിൽ പലരുടേയും സഹായമുണ്ടായിരുന്നു. വിജ്ഞാനത്തിന്റെ കുത്തകവൽക്കരണത്തിനെതിരായി പോരാടുന്ന ആളെന്ന നിലയിലാണ് സ്റ്റാൾമാനെ പരിചയപ്പെടുന്നത്. വളച്ചുകെട്ടില്ലാത്ത ആ പ്രകൃതവും അദ്ദേഹത്തിന്റെ പോരാട്ടങ്ങളും എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ?കേരളത്തിൽ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പ്രയോഗം സാധ്യമാക്കിയത് വിഎസ് ആണ്. നീർത്തട നിയമം അടക്കം കൊണ്ടുവന്നത് വിഎസാണ്. പക്ഷെ മുഖ്യധാരാ രാഷ്ട്രീയത്തിൽ അതിന് ഒരു തുടർച്ച ഉണ്ടായില്ല എന്ന് തോന്നുന്നുണ്ടോ =കമ്യൂണിസ്റ്റ് പാർട്ടിയുടെ നയമാണ് പരിസ്ഥിതി സംരക്ഷണം. നയം മാത്രം പോരല്ലോ. അതിനൊരു പ്രയോഗവും വേണം. അത്തരം പ്രയോഗങ്ങൾക്കു വേണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിൽ വരാൻ ശ്രമിക്കുന്നത്. അധികാരത്തിലെത്തുമ്പോൾ നടപ്പാക്കാനുള്ള മുൻഗണനകളിൽ പരിസ്ഥിതി സംരക്ഷണവും ഉണ്ട് എന്നർത്ഥം. നയ രൂപീകരണ, നിർവ്വഹണ പ്രക്രിയയിൽ നമുക്ക് ഒട്ടേറെ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. വികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമീപനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. റോഡുകളും തോടുകളും പാലങ്ങളും പാളങ്ങളും വൻ നിർമ്മിതികളും ഉൾപ്പെടുന്ന, ആസുരമായ ഒരു വികസന സങ്കൽപ്പം ജനങ്ങളുടെ മനസ്സിൽ അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന് അനുഗുണമായ നിയമനിർമ്മാണങ്ങൾ നടത്താൻ ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമായും സർക്കാരുകൾ മുൻകയ്യെടുക്കും. അത്തരം വികസന പ്രവർത്തനങ്ങളുടെ ആഘാതമേൽക്കുന്ന ജനവിഭാഗങ്ങളും, ശാസ്ത്ര ലോകവും അതിനെതിരെ പ്രതികരിക്കുകയും ചെയ്യും. എന്നാൽ, അവർ കേവലം ന്യൂനപക്ഷം മാത്രമാണ്. വ്യവസായം വരാൻ മണ്ണ് വേണം. പക്ഷെ, ഏതെല്ലാം മണ്ണിനെ ഏതാവശ്യത്തിനു വേണ്ടി വിനിയോഗിക്കണമെന്ന വ്യക്തമായ നയമാണ് പ്രധാനം. അത്തരമൊരു ഭൂവിനിയോഗ നയമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ചെറുതും വലുതുമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടുന്നവരെ വികസനവിരുദ്ധരെന്നും വെട്ടിനിരത്തൽകാരെന്നും വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. ?കേരളം തുടർച്ചയായി രണ്ട് പ്രളയത്തെ അഭിമുഖീകരിച്ചു. ഇത്തവണ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തള്ളിക്കളഞ്ഞത് തെറ്റായിപ്പോയി എന്നൊരു വീണ്ടു വിചാരമുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് വിഎസിന് എന്ത് തോന്നുന്നു. =ഇപ്പോൾ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില തിരിച്ചറിവുകൾ നമുക്കുണ്ടായിട്ടുണ്ട്. ആ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ, അടിയന്തിരമായി വരുത്തേണ്ട തിരുത്തലുകളിലൂടെ വേണം, നവകേരളം കെട്ടിപ്പടുക്കാൻ. വികസനം വരാൻ ഭൂമി മാത്രം പോരെന്നും, നമ്മുടെ കുന്നുകളും നദികളും വയലുകളും കൂടി വേണമെന്നും തീരുമാനിക്കപ്പെടാത്തിടത്താണ് പിഴവുകൾ തുടങ്ങിയത്. അപ്പോഴും, പ്രകൃതിയെ സംരക്ഷിക്കാത്ത വികസനം സുസ്ഥിരമാവില്ല എന്ന് ശാസ്ത്ര ലോകവും സാമൂഹ്യ പ്രവർത്തകരും മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരുന്നു. അവരെ നാം വികസനവിരുദ്ധരെന്നും കപട പരിസ്ഥിതിവാദികളെന്നും വിളിച്ച് ആക്ഷേപിച്ചു. വയലേലകൾക്കും കണ്ടൽക്കാടുകൾക്കും തണ്ണീർത്തടങ്ങൾക്കും കപട വികസന മുന്നേറ്റത്തെ തടഞ്ഞുനിർത്താനായില്ല. കാലാകാലങ്ങളിൽ, പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ വെള്ളം ചേർക്കപ്പെട്ടു. ഭൂവിനിയോഗത്തിന് പുതിയ മാർഗരേഖകളുണ്ടായിക്കൊണ്ടിരുന്നു. ഭൂമി ഉൽപ്പാദനോപാധിയല്ലെന്നും വെറും ചരക്കാണെന്നും നാം പഠിച്ചെടുത്തു. കുടിവെള്ളത്തെക്കാൾ പ്രധാനം വാട്ടർ തീം പാർക്കുകളാണെന്ന ബോദ്ധ്യത്തിലായിരുന്നു, നാം. എനിക്കുറപ്പുണ്ട്. നാളെ ഒരു തലമുറ ക്വാറികളെക്കുറിച്ച് പറയും. അവർ വികസനത്തെക്കുറിച്ച് പറയും. ദുരിതാശ്വാസത്തെക്കുറിച്ച് പറയും. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ച് പറയും. കുന്നിടിക്കലിനെക്കുറിച്ചും, കയ്യേറ്റങ്ങളെക്കുറിച്ചും, മണലൂറ്റിനെക്കുറിച്ചും, ഹൈവേകളെക്കുറിച്ചും, കർഷകരെക്കുറിച്ചും, ഭൂപരിഷ്കരണത്തിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചും, മാലിന്യം തള്ളുന്ന വ്യവസായങ്ങളെക്കുറിച്ചും, പാർശ്വവൽകൃത ജനവിഭാഗങ്ങളെക്കുറിച്ചുമെല്ലാം പറയും. ?ദേശീയ രാഷ്ട്രീയ രംഗത്ത് ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഇടതുപക്ഷത്തിന് ഉണ്ടായി. ഇടതു രാഷ്ട്രീയത്തിൽ എന്തൊക്കെ മാറ്റം വേണമെന്നാണ് വിഎസ് കരുതുന്നത്. =ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏതാണ്ട് പൂരിതമായ അവസ്ഥയിലെത്തിയെന്നും ഇനി തിരിഞ്ഞുനോക്കാനുള്ള സമയായി എന്നും ഞാൻ വിചാരിക്കുന്നില്ല. എന്നാൽ, വ്യക്തമായ ഒരു രാഷ്ട്രീയ ലൈനിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളും അവയുടെ ഫലപ്രാപ്തിയും റവ്യൂ ചെയ്യപ്പെടുകതന്നെ വേണം. അത് ഓരോ കമ്യൂണിസ്റ്റുകാരനും ദിശാബോധം നൽകാനുള്ളതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചും, വിനിയോഗത്തെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അത്തരം കാഴ്ച്ചപ്പാടുകൾ പ്രാവർത്തികമാക്കാൻ എന്ത് ചെയ്യാൻ കഴിഞ്ഞു എന്ന വിലയിരുത്തലിൽനിന്നാണ് കമ്യൂണിസ്റ്റുകാരന് സംതൃപ്തി ഉണ്ടാവുക. കുന്നിടിച്ചും, വയൽ നികത്തിയും കാടും കായലും കയ്യേറിയും ഭൂമിയെ ചരക്കാക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നിലപാടുകളെടുക്കാൻ കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യം നൽകുന്നുണ്ട്. പാർലമെണ്ടറി ജനാധിപത്യത്തിന്റെ സാദ്ധ്യതകൾ പോലും അതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാർ ഓപ്പറേഷനും നെൽവയൽ നീർത്തട സംരക്ഷണ നിയമവുമെല്ലാം ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതായിരുന്നു. പക്ഷെ, അത്തരം തുടക്കങ്ങൾക്ക് തുടർച്ചയുണ്ടായാലേ, നാം ലക്ഷ്യത്തിലെത്തുന്നുള്ളു. നെൽവയൽ നീർത്തട സംരക്ഷണ നിയമമായാലും മറ്റേത് നിയമമായാലും, പാർലമെണ്ടറി സാദ്ധ്യതകളിലൂടെ മാത്രം നിലനിർത്താനാവില്ല. മാറിമാറി വരുന്ന സർക്കാരുകൾക്ക് ഭേദഗതികളിലൂടെ നിയമത്തിൽ വെള്ളം ചേർക്കാനാവും. നിലപാടുകളെ രാഷ്ട്രീയ മുദ്രാവാക്യമാക്കി വളർത്തിയെടുക്കാനാണ് കമ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിക്കേണ്ടത്. ആ ശ്രമത്തിൽ പങ്കാളിയാവണമെന്ന ആഗ്രഹമാണ് ഈ പ്രായത്തിലും എനിക്ക് ഊർജം പകരുന്നത്. ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. ആ ശ്രമത്തിൽ ഏർപ്പെടുന്ന കമ്യൂണിസ്റ്റുകാരൻ ചിലപ്പോൾ വികസനവിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ടേക്കാം.പാർലമെണ്ടറി വിജയത്തിനു വേണ്ടി മാത്രമല്ല കമ്യൂണിസ്റ്റുകാർ പ്രവർത്തിക്കുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി പ്രാവർത്തികമാക്കാനാണ്. അതിൽ പരാജയപ്പെട്ടാൽ തിരിച്ചടികളുണ്ടാവും. അത്തരം തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാൻ കമ്യൂണിസ്റ്റുകൾക്കേ കഴിയൂ. ?ഭരണപരിഷ്കരണ കമ്മീഷൻ നാല് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ അതിൽ ഒന്ന് പോലും സർക്കാർ പരിഗണിച്ചിട്ടില്ല. അതിൽ നിരാശയുണ്ടോ =ഒരിക്കലുമില്ല. ഇത് നാലാമത്തെ ഭരണപരിഷ്കാര കമ്മീഷനാണ്. ഇതിനു മുമ്പുണ്ടായ കമ്മീഷനുകളും ഇതുപോലെ റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിരുന്നു. പലതും പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തവണ അങ്ങനെ സംഭവിക്കരുത് എന്ന ശാഠ്യം കമ്മീഷൻ സ്വീകരിച്ചു. അല്ലായിരുന്നെങ്കിൽ, കമ്മീഷന്റെ പ്രവർത്തന കാലാവധി കഴിയുമ്പോൾ മുമ്പെല്ലാം ചെയ്തതുപോലെ ഒരു അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമായിരുന്നു. ഓരോ പഠന വിഷയങ്ങളിലും കമ്മീഷന്റെ ശുപാർശകൾ അപ്പപ്പോൾത്തന്നെ സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ ഏത് രീതിയിലാണ് സർക്കാർ പരിഗണിക്കുന്നതെന്നും, ഏതളവോളം അത് നടപ്പാക്കിയെന്നുമെല്ലാം കണ്ടറിഞ്ഞ്, തുടർ നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകൾ സർക്കാർ പരിഗണിക്കുന്നില്ലെങ്കിൽ, അതും വിശകലനം ചെയ്യപ്പെടും. നാളെ കേരളത്തിനു മുന്നിൽ വരുന്നത് കേവലം ശുപാർശകൾ മാത്രമായിരിക്കില്ല. എന്തുകൊണ്ട് സർക്കാർ അത് പരിഗണിക്കാൻ തയ്യാറായില്ല എന്നതുകൂടി ആയിരിക്കും. ?ഇനി ജീവിതത്തിൽ പൂർത്തീകരിക്കണം എന്ന് തോന്നുന്ന ഒരു ദൗത്യം എന്താണ് =ഇനിയും ഏതെങ്കിലും ദൗത്യം ഏറ്റെടുത്ത് നടപ്പാക്കാനാവുമെങ്കിൽ അത് ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ചതായിരിക്കും. ഭൂപരിഷ്കരണത്തിന്റെ രണ്ടാം ഘട്ടമാണ് ഇനിയും നടപ്പാക്കാനുള്ളത്. ഉത്പാദക സഹകരണ സംഘങ്ങൾ, വിതരണ സഹകരണ സംഘങ്ങൾ, സേവന സഹകരണ സംഘങ്ങൾ എന്നിവയെ വേണ്ടവിധം സംഘടിപ്പിച്ച്, കണ്ണി ചേർക്കണം. ഇത് തൊഴിലാളി കർഷക സഖ്യത്തിന്റെ കാലികവും സ്വാഭാവികവുമായ വികാസമായും കാണണം. സഹകരണാടിസ്ഥാനത്തിലുള്ള കൃഷിയും അനുബന്ധ വ്യവസായങ്ങളുമെല്ലാമടങ്ങുന്ന സമഗ്രമായ ഒരു പദ്ധതിയിലൂടെ, കർഷകരും തൊഴിലാളികളും, കൃഷിയിടങ്ങളും തൊഴിലിടങ്ങളും തമ്മിലുള്ള പാരസ്പര്യവും വർഗ ഐക്യവും നിലനിൽക്കുമ്പോഴേ, ഇടതുപക്ഷമുള്ളു. അങ്ങനെയൊരു ഇടതുപക്ഷമുണ്ടെങ്കിലേ, എന്റെ തോന്നലുകൾക്കും ദൗത്യത്തിനുമെല്ലാം പ്രസക്തിയുമുള്ളു.
from mathrubhumi.latestnews.rssfeed https://ift.tt/2BtNpOW
via
IFTTT
No comments:
Post a Comment