പി.എഫ്. പെൻഷൻ: വിഹിതമടയ്ക്കാതെ കേന്ദ്രം കൈയൊഴിയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 22, 2019

പി.എഫ്. പെൻഷൻ: വിഹിതമടയ്ക്കാതെ കേന്ദ്രം കൈയൊഴിയുന്നു

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലേക്കുള്ള(ഇ.പി.എസ്.) വിഹിതം നൽകാതെ പദ്ധതി കൈയൊഴിയാൻ കേന്ദ്രനീക്കം. പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ ശമ്പളത്തിന്റെ 1.16 ശതമാനം കേന്ദ്രസർക്കാർ പെൻഷൻ പദ്ധതിയിലേക്കു വിഹിതമായി നൽകണമെന്നാണു വ്യവസ്ഥയെങ്കിലും കുറച്ചുവർഷങ്ങളായി അതു ചെയ്യുന്നില്ല. ഇതുവരെ 9115 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇ.പി.എഫ്.ഒ.യ്ക്ക് നൽകാനുള്ളത്. പ്രോവിഡന്റ് ഫണ്ട് പദ്ധതിയനുസരിച്ച് തൊഴിലാളിയും തൊഴിലുടമയും ശമ്പളത്തിന്റെ 12 ശതമാനമാണ് വിഹിതമടയ്ക്കുന്നത്. തൊഴിലുടമയുടെ 12 ശതമാനം വിഹിതത്തിൽനിന്ന് 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്കും ബാക്കി പി.എഫ്. നിക്ഷേപത്തിലേക്കും പോകും. നിയമപ്രകാരം കേന്ദ്രസർക്കാർ 1.16 ശതമാനം അടയ്ക്കണം. ഇതിലാണിപ്പോൾ വീഴ്ചയുണ്ടായിരിക്കുന്നത്. നരേന്ദ്രമോദി സർക്കാർ 2014-ൽ അധികാരത്തിലേറിയശേഷം പെൻഷൻ പദ്ധതിയിലേക്ക് കൃത്യമായി വാർഷികവിഹിതം നൽകിയിട്ടില്ല. ഒരുവശത്ത് വിഹിതം നൽകാതെ വൻതുക കുടിശ്ശിക വരുത്തുമ്പോൾത്തന്നെ മറുവശത്ത് പെൻഷൻ പദ്ധതി പരിഷ്കരിക്കാൻ ധനമന്ത്രാലയം സമ്മർദം ചെലുത്തുകയാണ്. ഇ.പി.എസിലെ അംഗങ്ങൾക്കുവേണമെങ്കിൽ ദേശീയ പെൻഷൻ പദ്ധതിയിലേക്കു മാറാമെന്നും പെൻഷൻ 60 വയസ്സിനുശേഷം നൽകാമെന്നുമുള്ള പുതിയ നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. തങ്ങളുടെ വിഹിതം അടയ്ക്കാതെ പെൻഷൻഫണ്ട് ശക്തിപ്പെടുത്തുകയെന്നതാണ് ഈ നിർദേശങ്ങൾക്കു പിന്നിലുള്ള ലക്ഷ്യം. പെൻഷൻ പദ്ധതിയിലെ വരിക്കാരുടെ വിഹിതമെന്ന നിലയിൽമാത്രം 8063 കോടി രൂപ കേന്ദ്രം പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് കുടിശ്ശികയുണ്ട്. മിനിമം പെൻഷൻ 1000 രൂപയായി വർധിപ്പിച്ച വകയിലുള്ളതാണ് ബാക്കിത്തുക. ഇ.പി.എഫ്.ഒ.യിൽനിന്നു സമ്മർദമുണ്ടാവുമ്പോൾ പഴയ കുടിശ്ശികയിൽനിന്ന് കുറേശ്ശെ കൈമാറുക എന്നതാണു നിലപാട്. ഉദാഹരണത്തിന് 2018-'19-ൽ 5483 കോടി രൂപയായിരുന്നു കേന്ദ്രസർക്കാരിന്റെ വിഹിതം. ഇത് നൽകിയില്ല. ഇ.പി.എഫ്.ഒ.യുടെ സമ്മർദമുണ്ടായപ്പോൾ നേരത്തേ നൽകാനുണ്ടായിരുന്ന കുടിശ്ശികയിൽ 3900 കോടി രൂപ കൈമാറി. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് 2005-'06 ലും 2012-'13-ലും കേന്ദ്രം തൊഴിലാളികളുടെ പെൻഷൻ വിഹിതം താമസിച്ചാണു നൽകിയത്. യു.പി.എ. സർക്കാർ അധികാരമൊഴിയുന്ന സമയത്ത് 2882 കോടി രൂപയായിരുന്നു കുടിശ്ശിക. ഇതാണിപ്പോൾ 9,115 കോടിയായി ഉയർന്നത്. ശമ്പളം എത്രയായാലും 2014-ലെ പി.എഫ്. നിയമ ഭേദഗതിയനുസരിച്ച് 15,000 രൂപ പരിധി കണക്കാക്കിയാണ് ഇപ്പോൾ എല്ലാവരും വിഹിതം നൽകേണ്ടത്. എന്നാൽ, അതുപോലും കേന്ദ്രം സമയത്തിനു നൽകുന്നില്ല. നിയമപ്രകാരമുള്ള പരിധി നോക്കാതെ യഥാർഥശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പി.എഫിലേക്കും പെൻഷൻ പദ്ധതിയിലേക്കും വിഹിതമടച്ച് പെൻഷൻ പറ്റിയവർക്കും ഇപ്പോൾ അടച്ചുകൊണ്ടിരിക്കുന്നവർക്കും മുഴുവൻ ശമ്പളത്തിന്റെയടിസ്ഥാനത്തിൽ ഉയർന്ന പെൻഷന് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2014-ലെ പി.എഫ്. നിയമഭേദഗതി റദ്ദാക്കിക്കൊണ്ടായിരുന്നു അത്. സുപ്രീംകോടതി അതു ശരിവെക്കുകയും ചെയ്തു. ഇതിനെതിരേ നൽകിയ റിവ്യൂ ഹർജി തൊഴിൽമന്ത്രാലയത്തിന്റെ പുതിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികളിൽ ഉടൻതന്നെ അന്തിമതീർപ്പ് ഉണ്ടാകുമെന്നാണു കരുതുന്നത്. അതിനിടയിലാണ് ഇ.പി.എസുമായി ബന്ധപ്പെട്ട രണ്ടു പുതിയ നിർദേശങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. കോടതിയുത്തരവിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നൽകേണ്ട സാഹചര്യമുണ്ടായാൽ അതു പെൻഷൻ ഫണ്ടിനെ ബാധിക്കുമെന്നാണ് ആശങ്ക. ഇ.പി.എസിനു പകരം എൻ.പി.എസ്. എന്ന നിർദേശം നടപ്പായാൽ ഫണ്ട് ശക്തിപ്പെടുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എൻ.പി.എസിൽ ഉള്ളതുപോലെ പെൻഷൻ പ്രായം 60 ആക്കുന്നതും ഫണ്ടിലേക്കു പെട്ടെന്ന് കൂടുതൽ നിക്ഷേപം വരാൻ സഹായിക്കും. എന്നാൽ, ഈ രണ്ടു നിർദേശങ്ങളും തൊഴിലാളികൾക്ക് എത്രമാത്രം ഗുണകരമാകുമെന്നു പറയാനാവില്ല. എൻ.പി.എസിലേക്ക് മാറാനുള്ള നീക്കത്തെ തൊഴിലാളി യൂണിയനുകൾ ശക്തമായി എതിർക്കുകയാണ്. content highlights: PF, pension


from mathrubhumi.latestnews.rssfeed https://ift.tt/2o8oDk7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages