കൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗംകൂടുന്നത് കേരളം ഉൾപ്പെടെയുള്ള തീരദേശങ്ങളെ ഗുരുതരമായി ബാധിക്കുമെന്നു മുന്നറിയിപ്പ്. ഈ നൂറ്റാണ്ടിൽ വർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കേരളതീരങ്ങളിൽ വലിയൊരുഭാഗം മുങ്ങും. ധ്രുവമേഖലയിലെ മഞ്ഞുപാളികൾ ഉരുകുന്നതിന്റെ തോത് പ്രവചിച്ചതിനെക്കാൾ വളരെ വേഗത്തിലായതാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രധാന കാരണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിലാണ് ഇതു വ്യക്തമാക്കുന്നത്. സമുദ്രനിരപ്പ് ഉയരുന്നതു മൂലം അപകടത്തിലാകുന്ന ലോകത്തിലെ ആദ്യ 20 നഗരങ്ങളിൽ കൊച്ചി, ചെന്നൈ, സൂറത്ത് നഗരങ്ങളുണ്ട്. രാജ്യത്തെ മറ്റു തീരനഗരങ്ങളെക്കാൾ വേഗത്തിലാണ് കൊച്ചിയിൽ സമുദ്രനിരപ്പ് ഉയരുന്നത്. ഏറ്റവും കൂടുതൽ അപകടഭീഷണിയുള്ളത് ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര തീരങ്ങളാണ്. ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഗംഗ, ബ്രഹ്മപുത്ര പീഠഭൂമികളാകും സമുദ്രനിരപ്പ് ഉയരുന്നതിന്റെ തിക്തഫലങ്ങൾ കൂടുതൽ നേരിടേണ്ടിവരിക. കടൽത്തിരകളുടെ ശക്തി കൂടുന്നതും താഴ്ന്ന കരയും ഇവിടങ്ങളിൽ വൻ നാശനഷ്ടമുണ്ടാക്കും. വിശാഖപട്ടണം, ഭുവനേശ്വർ, ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലാകും കടൽ കയറി കൂടുതൽ തീരം നഷ്ടമാവുക. കേരളതീരങ്ങളിൽ കാലാവസ്ഥാ വ്യതിയാനവും മാനുഷിക ഇടപെടലുകളും കൊണ്ടാണ് സമുദ്രനിരപ്പ് അസാധാരണമായ വിധത്തിൽ ഉയരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. സമുദ്രനിരപ്പിലുണ്ടാകുന്ന വ്യതിയാനം കേരളതീരങ്ങളിൽ ഉപ്പുവെള്ളം കയറാനും ശുദ്ധജല ലഭ്യതയെയും കൃഷിയെയും ബാധിക്കാനും ഇടയാക്കുമെന്നു പഠനത്തിൽ പറയുന്നു. സമുദ്രനിരപ്പ് ഉയർന്ന് കേരളത്തിൽ ആദ്യം മുങ്ങുക കൊല്ലം ജില്ലയിലെ മൺറോ തുരുത്തായിരിക്കുമെന്നു പഠനത്തിൽ പറയുന്നു. സമുദ്രനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ലോകത്തെ പല തീരദേശങ്ങളും രക്ഷാനടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയും കേരളവും ഏറെ പിന്നിലാണെന്നു പഠനം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങളിലെ പരിമിതികൾ വലിയ ദുരന്തത്തിലേക്കു നയിക്കുമെന്നാണു പഠനംവ്യക്തമാക്കുന്നത്. Content Highlights:sea level is rising in coastal areas includes kochi and chennai
from mathrubhumi.latestnews.rssfeed https://ift.tt/339JHFY
via
IFTTT
No comments:
Post a Comment